Kannur
എ പി അബ്ദുല്ലക്കുട്ടിയെ ചോദ്യം ചെയ്യാൻ വിജിലൻസ്
ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതി കേസിലാണ് ചോദ്യം ചെയ്യൽ
 
		
      																					
              
              
            കണ്ണൂർ | കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതി കേസിൽ മുൻ എം എൽ എയും ബി ജെ പി ദേശീയ ഉപാധ്യക്ഷനുമായ എ പി അബ്ദുല്ലക്കുട്ടിയെ ചോദ്യം ചെയ്യാൻ വിജിലൻസ് നീക്കം. പദ്ധതിയുടെ കരാർ സ്വകാര്യ കമ്പനിക്ക് കിട്ടാനായി അബ്ദുല്ലക്കുട്ടി ഇടപെട്ടതിന്റെ രേഖകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ ആളുകളെ പ്രതിചേർക്കുന്ന കാര്യം വിജിലൻസ് തീരുമാനിക്കും. കണ്ണൂർ സെന്റ് ഏയ്ഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ വിജിലൻസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്.
ഡി ടി പി സി സെക്രട്ടറിയായിരുന്ന സജി വർഗീസ് ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി തലശ്ശേരി വിജിലൻസ് കോടതിയിൽ റിപോർട്ട് സമർപ്പിച്ചിരുന്നു. പദ്ധതിയിൽ വൻ ക്രമക്കേട് നടന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പല ഉപകരണങ്ങളും സ്ഥാപിച്ചില്ലെന്നും ഉപയോഗിച്ച ഉപകരണങ്ങൾക്ക് ഗുണനിലവാരമില്ലെന്നും കണ്ടെത്തിയിരുന്നു. പദ്ധതി നടപ്പാക്കുന്ന സമയത്ത് കണ്ണൂർ എം എൽ എ ആയിരുന്ന അബ്ദുല്ലക്കുട്ടിയുടെ മൊഴി വിജിലൻസ് നേരത്തേരേഖപ്പെടുത്തിയിരുന്നു.
പദ്ധതിയിൽ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നായിരുന്നു അബ്ദുല്ലക്കുട്ടി വിജിലൻസിന് മൊഴി നൽകിയത്. എന്നാൽ ഡി ടി പി സിയിൽ നിന്നുൾപ്പെടെ കസ്റ്റഡിയിലെടുത്ത രേഖകളിൽ അബ്ദുല്ലക്കുട്ടിയുടെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
പദ്ധതിയുടെ കരാർ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് കിട്ടാനായി അബ്ദുല്ലക്കുട്ടി ഇടപെട്ടത് സംബന്ധിച്ച രേഖകളാണ് വിജിലൻസിന്റെ കൈവശമുള്ളത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി അദ്ദേഹത്തെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം.
സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ വിജിലൻസ് തുടങ്ങിയിട്ടുണ്ട്. ഇതിന് ശേഷമാകും കൂടുതൽ ആളുകളെ പ്രതിചേർക്കണമോയെന്ന കാര്യം തീരുമാനിക്കുക. 3.8 കോടി രൂപ ചെലവിലായിരുന്നു 2016ൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത്. രണ്ട് വർഷത്തിന് ശേഷം പൊതുജനങ്ങൾക്കായി പ്രദർശനം അനുവദിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ പദ്ധതി നിലക്കുകയായിരുന്നു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

