Kerala
നവജാത ശിശുവിന്റെ മരണം: ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപോര്‍ട്ട്
പ്രസവ ശസ്ത്രക്രിയ നടത്താന്‍ താമസിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് വിദഗ്ധ സമിതിയുടെ റിപോര്‍ട്ട്.
തിരുവനന്തപുരം | നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധ സമിതിയുടെ അന്വേഷണ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രസവ ശസ്ത്രക്രിയ നടത്താന്‍ താമസിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ വളര്‍ച്ച കുറവ് സങ്കീര്‍ണത വര്‍ധിക്കാന്‍ ഇടയാക്കിയെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപോര്‍ട്ട് വിദഗ്ധ സമിതി ആരോഗ്യവകുപ്പിന് കൈമാറി.
നേരത്തേ തന്നെ സിസേറിയന്‍ ചെയ്യാന്‍ സാഹചര്യമുണ്ടായിട്ടും ഡോ. ബിന്ദു സുന്ദര്‍ അതിന് തയ്യാറായില്ലെന്നും റിപോര്‍ട്ടിലുണ്ട്. റിപോര്‍ട്ട് പരിശോധിച്ച ശേഷം ആരോഗ്യവകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കും. നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുകയാണ് ബിന്ദു സുന്ദര്‍. ഡോകടറുടെ വിശദമായ മൊഴി വിദഗ്ധ സമിതി രേഖപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ പതിനേഴിനാണ് വിതുര സ്വദേശികളായ എന്‍ കെ നിരഞ്ജന കൃഷ്ണ-ബിനില്‍ മനോഹര്‍ ദമ്പതികളുടെ പെണ്‍കുഞ്ഞ് മരിച്ചത്. പതിനാറിന് രാവിലെ പത്തിന് ഒമ്പതാം മാസത്തെ സ്‌കാന്‍ റിപോര്‍ട്ട് കാണിക്കാന്‍ നിരഞ്ജനയും ബിനിലും ഗൈനക്കോളജി വിഭാഗത്തിലെത്തി. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. യുവതിയെ പതിനേഴിന് പുലര്‍ച്ചെ 4.30ന് ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുകയും ഉച്ചക്ക് പന്ത്രണ്ടിന് പ്രസവം നടന്നില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് മണി വരെ കാത്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.





