National
കൈക്കൂലി: കര്‍ണാടകയില്‍ ബി ജെ പി എം എല്‍ എ അറസ്റ്റില്‍
ഗഡഗ് ജില്ലയിലെ ഷിരഹട്ടി മണ്ഡലം എം എല്‍ എ. ചന്ദ്രു ലമാനിയാണ് കരാറുകാരനില്‍ നിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ രണ്ട് പേഴ്‌സണല്‍ അസിസ്റ്റന്റുമാരും അറസ്റ്റിലായിട്ടുണ്ട്.
ബെംഗളൂരു | കൈക്കൂലി കേസില്‍ കര്‍ണാടകയിലെ ബി ജെ പി എം എല്‍ എ അറസ്റ്റില്‍. ഗഡഗ് ജില്ലയിലെ ഷിരഹട്ടി മണ്ഡലം എം എല്‍ എ. ചന്ദ്രു ലമാനിയാണ് കരാറുകാരനില്‍ നിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമാരായ മഞ്ജുനാഥ് വാത്മീകി, ഗുരു നായക് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ഗഡഗ് താലൂക്കിലെ ക്ലാസ്-ഒന്ന് കരാറുകാരന്‍ വിജയ് പൂജാര്‍ ലോകായുക്ത പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ചെറുകിട ജലസേചന വകുപ്പിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരനില്‍ നിന്ന് ലമാനി 11 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
ലക്ഷ്മേഹ്വാര്‍ പട്ടണത്തിലെ ബാലാജി ആശുപത്രിയില്‍ വച്ചായിരുന്നു അറസ്റ്റ്. ലോകായുക്ത പോലീസ് നടത്തിയ റെയ്ഡിനിടെ ഗുരു നായക് 50,000 രൂപ അടങ്ങിയ കവര്‍ ആശുപത്രിക്ക് പിന്നിലുള്ള സ്വകാര്യ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് എറിഞ്ഞിരുന്നു. ആശുപത്രിയില്‍ കണ്ടെത്തിയ നാലര ലക്ഷം രൂപക്കൊപ്പം ഈ തുകയും പോലീസ് പിടിച്ചെടുത്തു.





