Connect with us

Kerala

വിജയം ഉറപ്പിച്ചു; കോണ്‍ഗ്രസ് ആസ്ഥാനത്ത് പന്തല്‍ ഉയര്‍ന്നു

വോട്ടെണ്ണല്‍ ദിനത്തില്‍ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിതരണം ചെയ്യാന്‍ വന്‍തോതില്‍ ലഡുവിനും പാല്‍പ്പായസത്തിനും ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞതായി യു ഡി എഫ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ വിജയം ഉറപ്പിച്ച കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനു മുന്നില്‍ പന്തല്‍ ഉയര്‍ന്നു കഴിഞ്ഞു. ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പത്തു വര്‍ഷത്തെ ഇടവേളക്കു ശേഷം ഭരണത്തില്‍ തിരിച്ചെത്തുന്നത് ആഘോഷമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പൂര്‍ത്തിയായി.

വോട്ടെണ്ണല്‍ ദിനത്തില്‍ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിതരണം ചെയ്യാന്‍ വന്‍തോതില്‍ ലഡുവിനും പാല്‍പ്പായസത്തിനും ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞതായി യു ഡി എഫ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങളും താഴേത്തട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും വിലയിരുത്തി കേരളത്തില്‍ യു ഡി എഫ് അനുകൂല തരംഗമുണ്ടെന്ന വിലയിരുത്തലിലാണ് വന്‍ ആഘോഷത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസം കൂട്ടിയും കിഴിച്ചും വിജയം ഉറപ്പിച്ചാണ് നാളെ രാവിലെ എട്ടുമണിക്ക് ആദ്യ ഫല സൂചന വരുന്ന നിമിഷത്തിനായി കോണ്‍ഗ്രസ് കാത്തിരിക്കുന്നത്. പത്ത് മണിയോടെ കേരളം ആര് ഭരിക്കുമെന്ന വ്യക്തമായ ട്രെന്‍ഡ് ലഭ്യമാവും. യു ഡി എഫിന് അനുകൂലമാണ് വിധിയെങ്കില്‍ പാര്‍ട്ടിയില്‍ കലഹമില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമായിരിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അല്ലാതെ മറ്റൊരു പേരാണ് പരിഗണിക്കുന്നതെങ്കില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉറപ്പായിരിക്കും. പ്രവര്‍ത്തകര്‍ തെരുവിലറങ്ങുന്ന അവസ്ഥയുണ്ടാവും.

കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടേ വികാരം കണക്കിലെടുത്തുകൊണ്ട് തീരുമാനം അതിവേഗത്തിലാകുമെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. ഫലം അനുകൂലമെങ്കില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നാളെ തന്നെ കേരളത്തിലെത്തും. നിയുക്ത എം എല്‍ എമാരുടെ പിന്തുണ തേടുന്നതടക്കം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ കെ സി വേണുഗോപാല്‍ നിര്‍ണായക പങ്കു വഹിച്ചതിനാല്‍ എം എല്‍ എ മാരുടെ മാത്രം തേടി മുഖ്യമന്ത്രി നിശ്ചയിക്കുന്നത് ശരിയല്ലെന്ന ആവശ്യം വി ഡി സതീശന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ 85നും 90 നുമിടയില്‍ സീറ്റുകളോടെ അധികാരത്തിലേറാമെന്നാണ് എ ഐ സി സിയുടെ പ്രതീക്ഷ. ഫലം അനുകൂലമെങ്കില്‍ സച്ചിന്‍ പൈലറ്റ്, ഇമ്രാന്‍ പ്രതാപ് ഗഡി എം പി, കര്‍ണ്ണാടകത്തിലെ മന്ത്രി കെ ജെ ജോര്‍ജ്, കനയ്യ കുമാര്‍ എന്നിവരടങ്ങുന്ന എ ഐ സി സി നിരീക്ഷക സംഘം നാളെ തന്നെ തിരുവനന്തപുരത്ത് എത്തും. നിയുക്ത എം എല്‍ എമാരുടെ മനസറിഞ്ഞ ശേഷം തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഫലം വന്ന ശേഷം ഘടകകക്ഷികളുമായി ഒരു വട്ടം കൂടി ഹൈക്കമാന്‍ഡ് നേതൃത്വം സംസാരിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest