Connect with us

Kerala

നീറ്റ് പരീക്ഷ എഴുതാനായില്ല; കുഴഞ്ഞുവീണ വിദ്യാര്‍ഥിനി ആശുപത്രിയില്‍

പരീക്ഷാ കേന്ദ്രത്തിനു മുന്നില്‍ ബൈക്കില്‍ നിന്നു വീണു പരിക്കേറ്റ പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കടവത്തുശേരി വീട്ടില്‍ മുഹമ്മദ് അലിയുടെ മകള്‍ അമീന മുഹമ്മദലി(19)ക്കാണ് ഇന്നു നടന്ന നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാതെ വന്നത്

Published

|

Last Updated

ആലപ്പുഴ | നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനി പരീക്ഷാ സെന്ററിനു മുമ്പില്‍ ബൈക്കില്‍ നിന്ന് വീണു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് തിരിച്ചെത്തുമെന്ന വിവരം ബന്ധുക്കള്‍ അറിയിച്ചെങ്കിലും അധികൃതര്‍ ഗേറ്റ് അടച്ചു. പരീക്ഷ എഴുതാന്‍ കഴിയാതിരുന്നതിന്റെ വിഷമത്തില്‍ കുഴഞ്ഞു വീണ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കടവത്തുശേരി വീട്ടില്‍ മുഹമ്മദ് അലിയുടെ മകള്‍ അമീന മുഹമ്മദലി(19)ക്കാണ് ഇന്നു നടന്ന നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാതെ വന്നത്.

ഏറെ പ്രതീക്ഷയോടെ എത്തിയ കുട്ടിക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ വന്നതിന്റെ വിഷമത്തിലാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടുന്നതിനിടെ കുഴഞ്ഞുവീണത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പകല്‍ 12.45 ഓടെ ആലപ്പുഴ എസ് ഡി വി സ്‌കൂളികന് മുമ്പിലായിരുന്നു അപകടം. പിതാവ് മുഹമ്മദ് അലിയുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പരീക്ഷ സെന്ററിന്റെ മുമ്പിലെത്തിയപ്പോള്‍ അമീന വീഴുകയായിരുന്നു.

കൈക്ക് പരിക്കേറ്റ അമീനയെ ബന്ധു സുനീര്‍ ഇസ്മയിലും മുഹമ്മദ് അലിയും ചേര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി. ഇതിനിടെ ഹാള്‍ ടിക്കറ്റും ചികിത്സാ രേഖകളുമായി പരീക്ഷ കണ്‍ട്രോളറെ വിവരമറിയിക്കാന്‍ സുനീര്‍ ഇസ്മയില്‍ എത്തിയെങ്കിലും ഗേറ്റ് അടച്ചുകഴിഞ്ഞിരുന്നു. പോലീസ് മുഖേന വിവരം കണ്‍ട്രോളറെ അറിയിച്ചെങ്കിലും പരീക്ഷ എഴുതിക്കാന്‍ കൂട്ടാക്കിയില്ല. ഇതറിഞ്ഞതോടെയാണ് അമീന ജനറല്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Latest