Connect with us

National

വീരപ്പന്‍ വേട്ട:18 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി

18 സ്ത്രീകള്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

Published

|

Last Updated

ചെന്നൈ| വീരപ്പന്‍ വേട്ടയുടെ മറവില്‍ ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്ത വചാതി കൂട്ട ബലാത്സംഗ കേസില്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി. വനം, റവന്യൂ വകുപ്പുകളിലെ മുന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 215 പ്രതികളുടെ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. ജസ്റ്റിസ് പി വേല്‍മുരുകനാണ് വിധി പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ വിധി പറയുന്നത് മാറ്റിവെച്ചിരുന്നു.

1992ല്‍ തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ വചാതി ഗ്രാമത്തിലെ 18 സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്. 126 ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, 84 പോലീസുകാര്‍, 5 റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരാണ് പ്രതികളായത്. എല്ലാ പ്രതികളെയും കസ്റ്റഡിയിലെടുത്ത് നടപടികള്‍ സ്വീകരിക്കാന്‍ ജഡ്ജി സെഷന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കി.

ബലാത്സംഗത്തിനിരയായ 18 സ്ത്രീകള്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സംഭവത്തെ തുടര്‍ന്ന് മരിച്ച മൂന്ന് ഇരകളുടെ കുടുംബങ്ങള്‍ക്ക് അധിക നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി പറഞ്ഞു. കേസില്‍ ബലാത്സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാര തുകയുടെ 50 ശതമാനം ഈടാക്കാന്‍ സംസ്ഥാനത്തിന് ഉത്തരവിട്ടു.

അനധികൃതമായി ചന്ദനം മുറിച്ച് കടത്തുന്നുണ്ടെന്നും ഗ്രാമവാസികള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ആരോപിച്ചാണ് 1992 ജൂണ്‍ 20ന് തമിഴ്നാട്ടിലെ വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വചാതി ഗ്രാമത്തിലെത്തിയത്. പ്രദേശത്തെ ആദിവാസി – ഗോത്രവര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന വീടുകളില്‍ അതിക്രമിച്ചു കയറുകയും സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിക്കുകയും പതിനെട്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

1995ല്‍ സിപിഎം നല്‍കിയ ഹരജി സ്വീകരിച്ച മദ്രാസ് ഹൈക്കോടതി കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറി. 2011 സെപ്തംബര്‍ 29ന് വിചാരണ കോടതി നാല് ഐഎഫ്എസ് ഉദ്യോഗസ്ഥരും 84 പോലീസുകാരും 5 റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 126 ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജിയാണ് ഇപ്പോള്‍ മദ്രാസ് ഹൈക്കോടതി തള്ളിയത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന 54 പേര്‍ മരിച്ചു പോയിട്ടുണ്ട്.

 

 

Latest