Connect with us

കേരളം / തിരഞ്ഞെടുപ്പ് ഫലം

ഇത് സതീശ വിജയം

യു ഡി എഫും എല്‍ ഡി എഫും ഏറക്കുറേ തുല്യശക്തികളായി ഉയര്‍ന്നുനില്‍ക്കുന്നതാണ് കേരള രാഷ്ട്രീയത്തിന്റെ വലിയ കരുത്ത്. ഈ രണ്ട് മുന്നണികള്‍ക്കിടയില്‍ കാര്യമായ ഇടം കിട്ടാതെ ബി ജെ പിയും നില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം തോല്‍വികളില്‍ നിന്ന് പുതിയ ജീവന്‍ വെച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കാനും ഈ കക്ഷികള്‍ക്ക് കഴിയും. രണ്ട് മുന്നണികളുടെയും ഈ ശക്തി തന്നെയാണ് കേരള രാഷ്ട്രീയത്തെ വേറിട്ടുനിര്‍ത്തുന്നത്. പത്ത് വര്‍ഷം അധികാരമില്ലാതെ കഴിഞ്ഞ കോണ്‍ഗ്രസ്സിനും മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്കും ഈ വിജയം വലിയ ഊര്‍ജവും ഉത്സാഹവും നല്‍കും. പുതിയ ഭരണത്തിന്റെ കരുത്ത് അത് തന്നെയായിരിക്കും.

Published

|

Last Updated

ഞ്ച് വര്‍ഷത്തെ പിണറായി ഭരണത്തിനെതിരെ നിരന്തരമായ ചെറുത്തുനില്‍പ്പിനാണ് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത നാള്‍ മുതല്‍ വി ഡി സതീശന്‍ നേതൃത്വം നല്‍കിയത്. ഘടക കക്ഷികളെയൊക്കെയും ഐക്യത്തോടെ ഒപ്പം നിര്‍ത്തി. സ്വന്തം പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകളെയും ഒതുക്കി ഒപ്പം കൂടെ നിര്‍ത്തി. നിയമസഭയില്‍ കരുത്തരില്‍ കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ ഒരു പോര്‍മുഖം സൃഷ്ടിച്ചു. പുറത്ത് ഭരണകക്ഷിക്കെതിരെ ഒരു ഉശിരന്‍ പ്രചാരണ പരമ്പര തന്നെ ഒരുക്കി. ഏറ്റവും അവസാനം ഭരണപക്ഷത്തെ ഞെട്ടിക്കാനും മുള്‍മുനയില്‍ നിര്‍ത്താനും പോരുന്ന “വിസ്മയ’ങ്ങളുടെ പരമ്പരയും ഒരുക്കി.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന് ഒരു വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. കേരള രാഷ്ട്രീയം അദ്ദേഹം നന്നായി പഠിച്ചു. ഭരണം പിടിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് നന്നായി പരിശോധിച്ചു. വിശ്വസ്തരെ സഹായികളായി കൂടെ കൂട്ടി. ഉപതിരഞ്ഞെടുപ്പുകളൊക്കെ വിജയിക്കുക എന്നതാണ് ഇതിന് ആദ്യ പടിയായി സതീശന്‍ കണ്ടത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തന്നെ ഉദാഹരണം. കോണ്‍ഗ്രസ്സിന്റെ തീപ്പൊരി നേതാവായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് വന്ന ഉപതിരഞ്ഞെടുപ്പ്.

പി ടിയുടെ ഭാര്യ ഉമാ തോമസിനെ തന്നെ അവിടെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തു. ഉപതിരഞ്ഞെടുപ്പിന്റെ പിന്നാമ്പുറ ചുമതലകളൊക്കെയും ഘടക കക്ഷിയായ സി എം പിയുടെ നേതാവ് സി പി ജോണിനെ ഏല്‍പ്പിച്ചു. ജോണ്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി. നല്ല ഭൂരിപക്ഷത്തോടെ ഉമാ തോമസ് നിയമസഭയിലേക്ക്. പിന്നെ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് വന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥിയായത് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. വന്‍ ഭൂരിപക്ഷത്തോടെ വിജയം.

ഒടുവിലത്തെ “വിസ്മയ’ങ്ങള്‍ രാഷ്ട്രീയ കേരളത്തെ തന്നെ വിസ്മയിപ്പിച്ചു. കൊട്ടാരക്കരയില്‍ സി പി എം മുന്‍ എം എല്‍ എ ഐഷാ പോറ്റിയെ പാര്‍ട്ടിയില്‍ നിന്ന് വേര്‍പ്പെടുത്തി ഒപ്പം നിര്‍ത്തിയതും സ്ഥാനാര്‍ഥിയാക്കിയതും ഒരു “വിസ്മയം’. സി പി എമ്മിന്റെ പഴയ നേതാവും സംസ്ഥാന മന്ത്രിയുമായിരുന്ന ജി സുധാകരനെ സ്വാധീനിച്ച് പുറത്തുകൊണ്ടുവന്നത് അടുത്ത “വിസ്മയം’.
കണ്ണൂര്‍ ജില്ലയില്‍ സി പി എം എന്ന കേഡര്‍ പാര്‍ട്ടിയുടെ ഇരുമ്പ് ചട്ടക്കൂട്ടിലേക്കും കടന്നുചെന്നു ആ “വിസ്മയ’ പരമ്പര. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ തളിപ്പറമ്പില്‍ ഭാര്യ ശ്യാമള ടീച്ചറെ സ്ഥാനാര്‍ഥിയാക്കിയ സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുടെ അത്യുത്സാഹം മറ്റൊരു കടുത്ത “വിസ്മയ’ത്തിന് വഴിയൊരുക്കി.

കണ്ണൂര്‍ ജില്ലയില്‍ തന്നെ സി പി എമ്മിനകത്ത് പ്രശ്‌നങ്ങള്‍ പെരുകി. പയ്യന്നൂരില്‍ പ്രമുഖ പാര്‍ട്ടി നേതാവ് വി കുഞ്ഞിക്കൃഷ്ണന്‍ രക്തസാക്ഷി ഫണ്ട്് വെട്ടിപ്പിന്റെ പേരില്‍ കലാപക്കൊടി ഉയര്‍ത്തി. പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ടി കെ ഗോവിന്ദന്‍ തളിപ്പറമ്പിലും വി കുഞ്ഞിക്കൃഷ്ണന്‍ പയ്യന്നൂരിലും ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച് വന്‍ വിജയം നേടി. ഒപ്പം കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ നെടുങ്കോട്ടകളൊക്കെയും തകര്‍ന്നടിഞ്ഞു.

കേരളമങ്ങോളമിങ്ങോളം സി പി എമ്മിന്റെ കേന്ദ്രങ്ങളൊക്കെയും കടപുഴകി വീണു. മന്ത്രിമാരൊക്കെ മത്സരിച്ചെങ്കിലും മുഹമ്മദ് റിയാസും കെ എന്‍ ബാലഗോപാലും ജയിച്ചുകയറിയത് വളരെ കഷ്ടപ്പെട്ട്. കേരളത്തില്‍ സി പി എം നേരിടുന്ന ഏറ്റവും കനത്ത പരാജയം.
രണ്ട് മുന്നണികള്‍ തമ്മിലുള്ള കടുത്ത മത്സരത്തിനിടയിലും ഇരു മുന്നണികളെയും പിന്നിലാക്കി ബി ജെ പി മൂന്ന് സീറ്റുകള്‍ കരസ്ഥമാക്കി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത. ഇത് ബി ജെ പി കേരളത്തില്‍ നേടുന്ന നിര്‍ണായക മുന്നേറ്റം.

ഭാവിയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഈ വിജയം സഹായിക്കുമെന്ന് ബി ജെ പി നേതാക്കള്‍ കണക്കുകൂട്ടുന്നു. യു ഡി എഫും എല്‍ ഡി എഫും ഏറെക്കുറെ തുല്യശക്തികളായി ഉയര്‍ന്നുനില്‍ക്കുന്നതാണ് കേരള രാഷ്ട്രീയത്തിന്റെ വലിയ കരുത്ത്. ഈ രണ്ട് മുന്നണികള്‍ക്കിടയില്‍ കാര്യമായ ഇടം കിട്ടാതെ ബി ജെ പിയും നില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം തോല്‍വികളില്‍ നിന്ന് പുതിയ ജീവന്‍ വെച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കാനും ഈ കക്ഷികള്‍ക്ക് കഴിയും. രണ്ട് മുന്നണികളുടെയും ഈ ശക്തി തന്നെയാണ് കേരള രാഷ്ട്രീയത്തെ വേറിട്ടുനിര്‍ത്തുന്നത്.

പത്ത് വര്‍ഷം അധികാരമില്ലാതെ കഴിഞ്ഞ കോണ്‍ഗ്രസ്സിനും മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്കും ഈ വിജയം വലിയ ഊര്‍ജവും ഉത്സാഹവും നല്‍കും. പുതിയ ഭരണത്തിന്റെ കരുത്ത് അത് തന്നെയായിരിക്കും.

Content Highlights:
Opposition Leader VD Satheesan is credited as the chief architect of the UDF’s massive victory through meticulous planning and unifying party factions. His strategy included winning key by-elections and bringing prominent former LDF figures like Aisha Potty and G Sudhakaran into the UDF fold. The election also saw the collapse of traditional CPM strongholds in Kannur and a notable entry of the BJP with three assembly seats.

 

Latest