Kerala
'മുഖ്യമന്ത്രി സതീശാ...'; വി ഡി സതീശന് എറണാകുളത്ത് ആവേശോജ്ജ്വല സ്വീകരണം
തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗ്ഗം എറണാകുളത്തെത്തിയ വി ഡി സതീശനെ പ്രവർത്തകർ ആവേശത്തോടെ എടുത്തുയർത്തിയാണ് സ്വീകരിച്ചത്.
കൊച്ചി | നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എറണാകുളത്ത് ആവേശകരമായ സ്വീകരണം നൽകി. നൂറു സീറ്റിലധികം നേടി യു ഡി എഫ് ഭരണത്തിലേക്ക് തിരിച്ചുവരുന്ന സാഹചര്യത്തിൽ പടനായകനെ വരവേൽക്കാൻ വൻ ജനക്കൂട്ടമാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയത്.
തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗ്ഗം എറണാകുളത്തെത്തിയ വി ഡി സതീശനെ പ്രവർത്തകർ ആവേശത്തോടെ എടുത്തുയർത്തിയാണ് സ്വീകരിച്ചത്. പൂച്ചെണ്ടുകൾ നൽകിയും മുദ്രാവാക്യങ്ങൾ വിളിച്ചും റെയിൽവേ സ്റ്റേഷൻ പരിസരം ഉത്സവപ്രതീതിയിലായി. ‘മുഖ്യമന്ത്രി സതീശാ’ എന്ന വിളികളുമായാണ് പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും ഏറെ പ്രയത്നിച്ചു.
റെയിൽവേ സ്റ്റേഷനിലെ സ്വീകരണത്തിന് ശേഷം അദ്ദേഹം എറണാകുളം ഡി സി സി ഓഫീസിലേക്ക് തിരിച്ചു. അവിടെയും വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം സ്വന്തം മണ്ഡലമായ പറവൂരിലേക്ക് തിരിക്കും.
അതേസമയം, വിജയത്തിന് പിന്നാലെ യു ഡി എഫിൽ മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. വി ഡി സതീശന് പുറമെ രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. എ ഐ സി സി നിരീക്ഷകർ എം എൽ എ മാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് ആയിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
Summary
The Leader of the Opposition, VD Satheesan, received a grand welcome at Ernakulam South Railway Station following the UDF’s remarkable victory in the 2026 Kerala Assembly Elections. Supporters gathered in large numbers, hailing him as the next Chief Minister as the coalition crossed the 100-seat mark. While celebrations continue at the DCC office and his constituency in Paravur, internal discussions within the Congress party are ongoing to finalize the Chief Minister candidate among top leaders including Satheesan, Ramesh Chennithala, and KC Venugopal.







