Connect with us

അതിഥി വായന

അന്നം മരണമാകുന്ന എരണ്ടക്കെട്ട്

വാക്കുകൊത്തിയ കണ്ണെന്ന മാഷിന്റെ ആദ്യ സമാഹാരം അന്നത്തെ ബിരുദ വിദ്യാര്‍ഥികളിലേക്ക് പിറന്നു വീണപ്പോള്‍ ക്ലാസ്സ്മുറിയില്‍ ചിതറിത്തെറിച്ച അനേകം വാക്കുകളും അര്‍ഥങ്ങളുമാണ് ആ സമാഹാരത്തിലെ കവിതകളായി ജന്മമെടുത്തതെന്നു ഞങ്ങള്‍ കണ്ടു.

Published

|

Last Updated

തൊണ്ണൂറുകളില്‍ യൗവനാരംഭം ആഘോഷിച്ച ഞങ്ങളുടെ പ്രണയം സര്‍ഗപരമാക്കുന്നതില്‍ വാക്കുകൊത്തിയ കണ്ണ് എന്ന കവിതാ സമാഹാരം വലിയ പങ്കു വഹിച്ചിട്ടുണ്ട്. പ്രണയ ലേഖനങ്ങള്‍ നാമാവശേഷമാകുന്നതിനു മുമ്പുള്ള കാലമായിരുന്നു. അനുരാഗത്തിന്റെ ഹൃദയ നൊമ്പരങ്ങള്‍ വെള്ളക്കടലാസില്‍ പകര്‍ത്തിയെഴുതുമ്പോള്‍ പൂര്‍ണതക്കുവേണ്ടി വാക്കുകൊത്തിയ കണ്ണിലെ എത്രയെത്ര വരികളെയാണ് ആശ്രയിച്ചിട്ടുള്ളത് എന്നോര്‍ക്കുമ്പോള്‍ അന്നത്തെ കാമുക ഹൃദയങ്ങളില്‍ ഇന്നും കമ്പനമുണ്ടാകും.

വി ജെ തോമസ് എന്ന അധ്യാപകനായ കവി ടീച്ചിംഗ് നോട്ട് തയ്യാറാക്കുന്നതിലേറെ ഉത്തരവാദിത്ത്വത്തോടെ ഉള്ളില്‍ കവിത വാറ്റിയെടുത്തു. അടുത്ത നാള്‍ ക്ലാസ്സ് മുറിയില്‍ പാഠഭാഗങ്ങള്‍ കാവ്യമയമായി. പഠിപ്പിച്ചത് വരേണ്യ കവികളുടെ വിശിഷ്ഠമായ കവിതകളാണെങ്കിലും പുതിയ കവിതയുടെ വിത്തുകള്‍ വീണ് ഞങ്ങളുടെ നോട്ടു ബുക്കുകള്‍ പച്ചപ്പണിഞ്ഞു. മറ്റെവിടെയും കണ്ടുമുട്ടിയിട്ടില്ലാത്ത വാക്കുകള്‍ തപം ചെയ്തു കണ്ടെത്തി സ്വരക്കൂട്ടിവെച്ചായിരുന്നു അക്കാലത്ത് തോമസ് മാഷ് സ്വന്തം കവിതയും ക്ലാസ്സും ഒരുപോലെ പടുത്തത്.

വാക്കുകൊത്തിയ കണ്ണെന്ന മാഷിന്റെ ആദ്യ സമാഹാരം അന്നത്തെ ബിരുദ വിദ്യാര്‍ഥികളിലേക്ക് പിറന്നു വീണപ്പോള്‍ ക്ലാസ്സ്മുറിയില്‍ ചിതറിത്തെറിച്ച അനേകം വാക്കുകളും അര്‍ഥങ്ങളുമാണ് ആ സമാഹാരത്തിലെ കവിതകളായി ജന്മമെടുത്തതെന്നു ഞങ്ങള്‍ കണ്ടു. ആ സമാഹാരത്തില്‍ നിന്ന് പ്രണയത്തിന്റെ ഏതവസ്ഥയോടും ചേര്‍ന്നു നില്‍ക്കുന്ന വരികളെ ആവോളം ചെത്തിയെടുത്ത് പ്രണയികള്‍ പ്രണയ ലേഖനങ്ങളൊരുക്കി. വാക്കുകൊത്തിയ കണ്ണിലെ കലിപ്പ് അടങ്ങും മുമ്പെ അകം എന്ന മറ്റൊരു സമാഹാരവുമായി മാഷ് വീണ്ടും വന്നു ഞങ്ങളുടെ യൗവനത്തെ വീണ്ടും ചുഴലിക്കാറ്റുകള്‍ക്കു വിട്ടുകൊടുത്തു.

യുവത്വം കടുത്ത വേനല്‍ ജീവിതത്തിലേക്കു വഴിമാറിക്കൊണ്ടിരിക്കെ കാക്കക്കാലിന്റെ തണല്‍ പോലെ ആ രണ്ടു സമാഹാരങ്ങള്‍ ചൂടി ഞങ്ങള്‍ നടന്നു… പിന്നീടുള്ള ജീവിതത്തില്‍ പലേടങ്ങളിലും ആ സമാഹാരത്തിലെ അനുഭുതികള്‍ അഭയമായി നിന്നു. കാലത്തിനു മുമ്പേ സഞ്ചരിച്ച ഭാവുകത്വ പരിണാമമായിരുന്നു ഈ രണ്ട് സമാഹാരങ്ങളുമെന്നതിനാല്‍ മലയാള കാവ്യസമൂഹം അതേ അളവില്‍ ആ കവിതകളെ വരവേറ്റിരുന്നില്ല എന്നതാണ് മറ്റൊരു നേര്.തോമസ് മാഷ് പ്രവാസ ജീവിതം തിരഞ്ഞെടുത്തു കടല്‍ കടന്നുപോയി. നീണ്ട ഇടവേളകള്‍.

അന്നു മാഷിന്റെ കവിതക്കൊപ്പം കൗമാരം വിട്ടു യൗവനത്തിലേക്കു ചുവടുവെച്ചവരെല്ലാം മധ്യവയസ്സിന്റെ വാതിലില്‍ എത്തിനില്‍ക്കുന്നു. ഈ ഘട്ടത്തില്‍ വി ജെ തോമസ് മാഷ് യൗവന തീക്ഷ്ണമായ മറ്റൊരു ഫിക്്ഷനുമായി വന്നിരിക്കുന്നു….തന്റെ കവിതകളെ ഊറക്കിട്ട് ചിതംവരുത്തി കഥകളാക്കിയാണ് ഈ വരവ്. അതാണ് എരണ്ടക്കെട്ട് എന്ന അദ്ദേഹത്തിന്റെ ആദ്യ കഥാ സമാഹാരം.

ഇന്‍സൈറ്റ് പബ്ലിക്ക പുറത്തിറക്കിയ ഈ കഥാ പുസ്തകം എന്റെ വായനയില്‍ എത്തുമ്പോള്‍ ഞാന്‍ വാക്കുകൊത്തിയ കണ്ണിലും അകം എന്ന തുടര്‍ച്ചയിലും കണ്ടെത്തിയ അനുഭൂതികളുടെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. കവിതയില്‍ ഒരു ഇമേജറി സൃഷ്ടിക്കാന്‍ നടത്തിയ ത്യാഗത്തിന്റെ ഫലം ഇവിടെ കഥാ സന്ദര്‍ഭം കണ്ടെത്തുന്നതിലും അതു വികസിക്കുന്നതിലും കണ്ടെടുക്കാനാകും. കവിതക്കുവേണ്ടി കൊത്തിയെടുത്തുവെച്ച വാക്കുകളും അനുഭൂതിയും കഥയില്‍ പ്രതിഷ്ഠിക്കുന്ന ശിൽപ്പവിദ്യയാണ് ഇവിടെ പ്രകടമാകുന്നത്.

കഴിച്ച ആഹാരം ദഹിക്കാതെ കുടല്‍ ഘനീഭവിച്ച് ആനകള്‍ പടിഞ്ഞുപോകുന്ന, അന്നം മരണമാകുന്ന മഹാമാരിയാണ് എരണ്ടക്കെട്ട്. ആര്‍ത്തിയാല്‍ വിശപ്പാറ്റിയ പനയോലയോ തെങ്ങോലയോ ആനക്കു മരണം കൊടുക്കുന്നു. മലയാള കവിതയില്‍ തലയെടുപ്പോടെ നടന്നുപോയ സഹ്യന്റെ മകനെയും മേഘരൂപനേയും എത്രയോ ക്ലാസ്സുകളില്‍ പഠിപ്പിച്ചിട്ടുള്ള ഒരു അധ്യാപകന്റെ ഉള്ളില്‍, ആന മലയാളിയുടെ ആത്മബോധമാണെന്ന പാഠം ചിന്നംവിളിച്ചു നില്‍ക്കുക സ്വാഭാവികം. ഈ കഥകളില്‍ ആത്മബോധം എരണ്ടക്കെട്ടുവന്നു കൊമ്പുകുത്തി പിടയുക സ്വാഭാവികം.

വായനക്കാര്‍ ആ കഥകളില്‍ അനേകം അലര്‍ച്ചകള്‍ കേള്‍ക്കുന്നു; മദപ്പാടുകള്‍ കാണുന്നു. കത്തുന്ന കാടൊളിച്ചു പിടിച്ച കണ്ണുകളാല്‍ അവ കല്ലിച്ചു കരയുന്നതും ആന മനുഷ്യനോടു പറയുന്നതും വായനക്കാര്‍ കേള്‍ക്കുന്നു. ഇണങ്ങിയെന്നും മെരുങ്ങിയെന്നും കരുതുന്ന മനുഷ്യനോട് വാരിക്കുഴിയേക്കാള്‍ ആഴത്തിലേറ്റ മുറിവുകള്‍ കൊണ്ടാണ് ആന സംസാരിക്കുന്നത്. അയ്യപ്പനെന്ന ആനയും വേലായുധനെന്ന പാപ്പാനും പങ്കിടുന്ന വര്‍ത്തമാനങ്ങള്‍ക്കപ്പുറം ആനയെ കാടു കേള്‍ക്കുന്നു…

പണിക്കാര്‍ ഉപേക്ഷിച്ച കല്ല് ആധാര ശിലയാക്കാന്‍ പഠിപ്പിച്ച അപ്പനെക്കുറിച്ച് ആദ്യപുസ്തകത്തില്‍ തോമസ് മാഷ് ഓര്‍ക്കുന്നുണ്ട്. അങ്ങനെ പടുത്തുകൊണ്ടുവന്ന ജീവിതത്തിന്റെ പൊറുതികേടുകള്‍ ഈ സമാഹാരത്തില്‍ കുടമണി മുഴക്കി കടന്നുപോകുന്നു.

എരണ്ടക്കെട്ട് എന്ന കഥ കൂടാതെ ഓന്തുകളെക്കുറിച്ച് ഒരുപന്യാസം, കരിവെടല, കാത്തിരിപ്പിന്റെ കടല്‍, തിളച്ചൊഴുകുന്ന വെയില്‍, നേത്രാവതി, മൂണ്‍ ലൈറ്റ് സൊണാറ്റ, ബ്ലൂ ബിരീഡ്, മരിച്ചവരുടെ പുസ്തകത്തില്‍ നിന്നുള്ള വായന, മുലപ്പാലില്‍ മുങ്ങിമരിച്ച ഒരാള്‍, ജലം മൂലം മൃത്യു, കബനി ഒരു പുഴ മാത്രമല്ല എന്നീ 12 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

സത്യസന്ധതയാണ് ഈ കഥകളുടെ മുഖമുദ്ര. സൈബര്‍ മായക്കാഴ്ചകളുടേയും എ ഐ അനന്തതയുടേയും കാലത്തോടു നേര്‍ക്കുനേര്‍ നില്‍ക്കാന്‍ കെല്‍പ്പുള്ള ആഖ്യാന രീതി സൃഷ്ടിക്കുന്നതാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. കവിതയുടെ സൂക്ഷ്മ ദര്‍ശനത്തെ കൂടെ ചേര്‍ത്തുകൊണ്ടുള്ള ജീവിത മുഹൂര്‍ത്തങ്ങളുടെ പരീക്ഷണപ്പറക്കലാണ് ഈ കഥകള്‍ ഓരോന്നും.
വെടിക്കോപ്പിന് തീപടർന്ന് മനുഷ്യര്‍ വെന്തുമരിക്കുന്ന പൂരപ്പറമ്പുകളുടെ പൊള്ളുന്ന വാര്‍ത്തക്കിടെ ആനയെ വായിക്കുമ്പോള്‍ ഉണ്ടാകുന്ന ഉള്ളുരുക്കം പോലെ മറ്റൊന്നാണ് കത്തുന്ന വേനലില്‍ അളവിട്ട് നനവുതേടി വീട്ടിലേക്കെത്തുന്ന പാമ്പുകള്‍ പേടി പടര്‍ത്തുന്ന കാലത്ത് കരിവെടലയെന്ന കഥ വായിക്കുമ്പോള്‍ ഉണ്ടാകുന്നത്.

ദാമ്പത്യത്തിന്റെ ചിട്ടകള്‍ക്കിടയില്‍ ഉടലുകള്‍ അനുഭവിക്കുന്ന വിങ്ങലുകളുടെ ആവിഷ്‌കാരം മൂണ്‍ ലൈറ്റ് സൊണാറ്റ, ബ്ലൂ പിരീഡ് തുടങ്ങിയ കഥകളില്‍ കാണാം. രതിയെ ജൈവിക ചോദനയെന്ന നിലയില്‍ അഭിസംബോധന ചെയ്യുന്നതിന് ഭാഷയേയും ബിംബങ്ങളേയും സൂക്ഷ്മമായി വിനിയോഗിക്കുന്നതിലുള്ള കൈയടക്കം ഈ കഥകളില്‍ കാണാം. നെടുവീര്‍പ്പും വിയര്‍പ്പും ഗന്ധവും ദാഹവും കൂടാതെ പാമ്പില്‍ നിന്നു കടമെടുത്ത പുളച്ചിലും ശീൽക്കാരവും വിണ്ട നാവുമെല്ലാം കരങ്കല്‍ പണയിലും പുല്ലാഞ്ഞിമേട്ടിലും അടുക്കളപ്പുറത്തുമെല്ലാം പുളഞ്ഞാടുന്നുണ്ട്.

കൗമാര പ്രണയം ഏതു കാലത്തും ആഘോഷമാണ്. ഒന്നിലും മനസ്സുറപ്പിച്ചു നിര്‍ത്താന്‍ കഴിയാത്തവരെന്നു വിലയിരുത്തപ്പെടുന്ന ജെന്‍സി തലമുറയിലും കൗമാര പ്രണയത്തിന്റെ അനുഭൂതിക്ക് മാറ്റമൊന്നുമില്ല. നേത്രാവതിയെന്ന കഥയില്‍ നാം കണ്ടുമുട്ടുന്ന കൗമാര പ്രണയം വല്ലാതെ പൊള്ളിക്കുന്നു. നാലോ അഞ്ചോ ദശകങ്ങള്‍ക്കു മുമ്പുള്ള ഒരു സ്‌കൂള്‍ കാലവും അവിടുത്തെ പ്രണയും അന്നത്തെ സാമൂഹികജീവിതവും ഇത്രമേല്‍ സത്യസന്ധമായി ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ഒരു കുടിയേറ്റ ഗ്രാമം അതേ തീക്ഷ്ണതയോടെ മുന്നിലെത്തുന്നു.

അതിജീവനവും പ്രണയവും ചേര്‍ന്ന് ചങ്കില്‍ ഉണ്ടാക്കുന്ന പുകച്ചില്‍ അനുഭവിക്കാതെ ഈ കഥ വായിച്ചു തീര്‍ക്കാനാകില്ല. പത്മാവതി എന്ന കുട്ടിയോട് പ്രണയം പറയാന്‍ കഴിയാതെ വെമ്പിയ കൗമാരക്കാരനൊപ്പം നമ്മളും ഉഴലും. അച്ഛന്‍ മാത്രം നേത്രാവതി എന്നു വിളിച്ചിരുന്ന പത്മാവതിയെന്ന മെല്ലിച്ച പെണ്‍കുട്ടിയെ കണ്ട് കണ്ണീരണിഞ്ഞു വായനക്കാരനും പോരേണ്ടിവരും.
ദൃശ്യങ്ങള്‍ ഇടതടവില്ലാതെ കൈവെള്ളയില്‍ വന്ന് സമയം കൈയടക്കുന്ന കാലത്ത്, ഒരു കഥക്ക് വാക്കുകള്‍കൊണ്ടും അനുഭൂതികൊണ്ടും മാത്രം അതിജീവിക്കാനാകുമോ.

കഥയിലെ ദൃശ്യപരത പതിന്‍മടങ്ങ് കരുത്തുള്ളതായേ പറ്റു… സൂക്ഷ്മമായ ആവിഷ്‌കാരത്തിലൂടെ കവിതയിലെ കൈയടക്കത്തോടെ വി ജെ തോമസ് ആ ദൃശ്യ ചാരുത സൃഷ്ടിക്കുന്നു. കവന പാടവത്തിന്റെ കരുത്തില്‍ കഥയിലും അനുഭൂതികള്‍ നിറയ്ക്കുന്നു. അതിനാല്‍ ചാരുത ഒട്ടും ചോരാതെ ഭാവന വായനക്കാരനിലെത്തുന്നു. കവിതയില്‍ ഊര്‍ന്നിറങ്ങിവരുന്ന അനുഭൂതിയെ അതിലും ഗംഭീരമായി കഥയില്‍ ആവിഷ്‌കരിക്കാന്‍ കഴിയുമെന്ന് ഈ കഥകള്‍ തെളിവു നല്‍കുന്നു.

Content Highlights:
V J Thomas, the poet who once captivated young hearts with collections like Vakkukothiya Kannu and Akam, makes a powerful transition to fiction with his debut story collection Erandakkettu. Published by Insight Publica, these twelve stories blend poetic imagery with raw social realities, exploring themes ranging from human-elephant conflicts to the intricacies of adolescent romance. The collection stands out for its honest narrative style and its ability to evoke deep sensory experiences in the age of digital distractions.

 

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest