Connect with us

Uae

ഷാർജ യൂണിവേഴ്‌സിറ്റിക്ക് പ്ലാറ്റിനം പദവി

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ സർവകലാശാല

Published

|

Last Updated

ഷാർജ| ഷാർജ യൂണിവേഴ്‌സിറ്റിക്ക് ലോകോത്തര അംഗീകാരം. മിഡിൽ ഈസ്റ്റിൽ ആദ്യമായി പ്ലാറ്റിനം പദവി ലഭിക്കുന്ന സർവകലാശാലയായി ഷാർജ യൂണിവേഴ്‌സിറ്റി മാറി. സുസ്ഥിരത വിലയിരുത്തുന്നതിനുള്ള സ്റ്റാർസ് സമ്പ്രദായം അനുസരിച്ചാണ് ഈ നേട്ടം. സുസ്ഥിര വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും 100 ശതമാനം മാർക്ക് നേടിയാണ് യൂണിവേഴ്‌സിറ്റി ഈ പദവി കരസ്ഥമാക്കിയത്. ഇത് സർവകലാശാലയുടെ പ്രവർത്തനങ്ങളിലും ആസൂത്രണത്തിലുമുള്ള പ്രതിബദ്ധതയും സുസ്ഥിര മേഖലയിൽ അവബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിന്റെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.
യു എ ഇയുടെയും ഷാർജയുടെയും സുസ്ഥിരത ലക്ഷ്യങ്ങൾക്കും കാർബൺ ന്യൂട്രാലിറ്റി എന്ന ലക്ഷ്യത്തിനും അനുസൃതമായാണ് ഈ നേട്ടം. ഷാർജ ഉപഭരണാധികാരിയും ഷാർജാ യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായ ശൈഖ് സുൽത്താൻ ബിൻ അഹ്്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഈ നേട്ടത്തിൽ സർവകലാശാലയുടെ ട്രസ്റ്റി ബോർഡ്, അഡ്മിനിസ്‌ട്രേഷൻ, സ്റ്റാഫ്, വിദ്യാർഥികൾ എന്നിവരെ അഭിനന്ദിച്ചു. സർവകലാശാല പിന്തുടരുന്ന വ്യക്തമായ തന്ത്രവും ദർശനവും പഠന പ്രക്രിയയുടെ കേന്ദ്രമായ വിദ്യാർഥികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് അധ്യാപകരും ജീവനക്കാരും നടത്തുന്ന കഠിനാധ്വാനവുമാണ് ഈ വിജയങ്ങൾക്ക് പിന്നിൽ.
ലോകത്തിൽ 15 യൂണിവേഴ്‌സിറ്റികൾക്കാണ് പ്ലാറ്റിനം പദവി ലഭിച്ചിട്ടുള്ളത്. അതിൽ എട്ടെണ്ണം യുണൈറ്റഡ് സ്റ്റേറ്റ്‌സിലും ആറെണ്ണം കാനഡയിലുമാണ്.

Latest