Kerala
തൊണ്ടിമുതലായ സൈക്കിള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും കടത്തി; സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലീസിനെ ഏല്‍പ്പിച്ച സ്‌പോര്‍ട്‌സ് സൈക്കിളാണ് ഇയാള്‍ കടത്തിയത്

ഇടുക്കി | തൊണ്ടിമുതലായി പിടിച്ചെടുത്ത സ്‌പോര്‍ട്‌സ് സൈക്കിള്‍ കടത്തിക്കൊണ്ടുപോയ പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി കാളിയാര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയ്മോനെതിരെയാണ് നടപടി. നിലവില്‍ തൊടുപുഴ സ്റ്റേഷനില്‍ ഡിവൈഎസ്പി സ്‌ക്വാഡിലെ അംഗമാണ് ജയ്‌മോന്‍.
കഴിഞ്ഞ 18നാണ് നടപടിക്കാധാരമായ സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലീസിനെ ഏല്‍പ്പിച്ച സ്‌പോര്‍ട്‌സ് സൈക്കിളാണ് ഇയാള്‍ കടത്തിയത്. ഉടമ സ്റ്റേഷനിലെത്തി സൈക്കിള്‍ തിരക്കിയപ്പോഴാണ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായ വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സൈക്കിള്‍ കടത്തിയത് ജയ്‌മോനാണെന്ന് വ്യക്തമായി. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോഗസ്ഥന്‍ സൈക്കിള്‍ തിരികെയെത്തിക്കുകയായിരുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയ്‌മോനെ സസ്‌പെന്‍ഡു ചെയ്തത്. ജയ്‌മോന്റെ പ്രവര്‍ത്തി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.