Connect with us

Ongoing News

ഏകീകൃത സന്ദർശക വിസ ഉടൻ; ജി സി സി ആഭ്യന്തര മന്ത്രിമാർ അന്തിമ തീരുമാനം കൈക്കൊണ്ടു

പദ്ധതി യാഥാർഥ്യമാകുന്നതോടെ ഒരൊറ്റ വിസയിൽ എല്ലാ ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ ആളുകൾക്ക് അവസരമാകും

Published

|

Last Updated

ദുബൈ | ഏകീകൃത ജിസിസി സന്ദർശക വിസ ഉടൻ. ഒമാന്റെ അധ്യക്ഷതയിൽ മസ്കത്തിൽ നടന്ന ജിസിസി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമായി. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ഗതാഗത ലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിനും അംഗീകാരം നൽകി. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഒരൊറ്റ വിസയിൽ എല്ലാ ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ ആളുകൾക്ക് അവസരമാകും. ഷെങ്കൻ വിസയുടെ മാതൃകയിലാണിത് .

ഗൾഫ് വിനോദ സഞ്ചാര മേഖലക്കു കുതിപ്പ് നൽകാൻ ഏകീകൃത സന്ദർശക വിസ വഴിയൊരുക്കും. സഊദി അറേബ്യ, യു എ ഇ രാജ്യങ്ങൾക്കാണ് നിലവിൽ കൂടുതൽ സന്ദർശകരുള്ളത്. ഖത്വർ, ബഹ്‌റൈൻ, കുവൈത്ത് , ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് കൂടി ഇതിലോരു പങ്ക് ലഭിക്കുമെന്നാണ് നിഗമനം. ഈ വർഷം തന്നെ ഏകീകൃത വിസ യാഥാർഥ്യമാക്കൻ സാധിക്കും.

ജി സി സി രാജ്യങ്ങളെ ഒറ്റ ടൂറിസം ബ്ലോക്കാക്കി മാറ്റാൻ തീരുമാനമായെന്നു ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖി പറഞ്ഞു. ഈ തീരുമാനത്തിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചു. 2023 മെയിൽ ദുബൈയിൽ ഒരു മന്ത്രിതല യോഗത്തിൽ ഈ വിസ ആദ്യമായി ചർച്ച ചെയ്യപ്പെട്ടു. യൂറോപ്പിലെ പോലെ ക്രോസ്-കൺട്രി യാത്രകൾ പരിഗണിക്കപ്പെടണമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു.

കഴിഞ്ഞ മാസം അബുദബിയിൽ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർരി ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടു . “സഊദിക്കു നല്ലതെല്ലാം ജിസിസിക്കും നല്ലതാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു . “ഗൾഫ് സ്ട്രാറ്റജി ഫോർ ടൂറിസം 2023-2030” എന്ന ബാനറിന് കീഴിലാണ് ഈ പുതിയ വിസ വരുന്നത്.  ജി സി സി ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനെക്കുറിച്ചും മസ്കത്ത് യോഗം പരിശോധിച്ചു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest