Editorial
മനപ്പൊരുത്തമില്ലാത്ത ദാമ്പത്യ ബന്ധങ്ങള്‍
മാനസികമായി തീര്‍ത്തും അകന്ന രണ്ട് വ്യക്തികളെ കയ്പ്പുനീര് കുടിപ്പിക്കാന്‍ ഉ ത്തരവിടുന്നത് നീതിന്യായ വ്യവസ്ഥയുടെ താത്പര്യങ്ങള്‍ക്ക് കടകവിരുദ്ധമാണ്. ഇത്തരം ദമ്പതിമാരെ അവരവരുടെ വഴിക്കു വിടുന്നതല്ലേ കരണീയം?

മാനസികമായി പാടേ അകന്ന ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിക്കാത്ത ഇരിങ്ങാലക്കുട കുടുംബ കോടതി നടപടിക്കെതിരെ രൂക്ഷ വിമര്‍ശമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായത്. മുകുന്ദപുരം സ്വദേശി സമര്‍പ്പിച്ച ഹരജിയാണ് കേസിനാസ്പദം. 2002ലാണ് ഹരജിക്കാരന്‍ വിവാഹിതനായത്. വിവാഹ ശേഷം വര്‍ഷങ്ങളോളം വിദേശത്തായിരുന്നു അദ്ദേഹം. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയ അയാള്‍ക്ക് ഭാര്യയുടെ മോശം പെരുമാറ്റം മൂലം ജീവിതം അസഹ്യമായി. ഇതോടെയാണ് അയാള്‍ വിവാഹമോചനത്തിന് അനുവാദം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്. ഭാര്യക്ക് പത്ത് ലക്ഷം രൂപയും പത്ത് സെന്റ് സ്ഥലവും വാഗ്ദാനവും നല്‍കിയിരുന്നു അദ്ദേഹം. എന്നാല്‍ ഭാര്യ കൂടുതല്‍ ഡിമാന്‍ഡുകള്‍ ഉന്നയിച്ച് കോടതി വ്യവഹാരം വെറുതെ നീട്ടിക്കൊണ്ടുപോകുകയും വിവാഹമോചനത്തിന് തടസ്സം നില്‍ക്കുകയുമായിരുന്നു. ഈ നിയമ പോരാട്ടത്തില്‍ കുടുംബ കോടതി ഭാര്യയുടെ നിലപാടിനെ അംഗീകരിക്കുകയാണുണ്ടായത്.
ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ്, ജസ്റ്റിസ് സോഫി തോമസും ജസ്റ്റിസ് മുഹമ്മദ് മുശ്താഖും അടങ്ങുന്ന ഹൈക്കോടതി ബഞ്ച്, കൂട്ടിച്ചേര്‍ക്കാന്‍ പറ്റാത്ത വിധം മാനസികമായി അകന്നു കഴിഞ്ഞ ദമ്പതികളെ ഒന്നിച്ചു ജീവിക്കാന്‍ വിടുന്നത് ക്രൂരതയാണെന്ന് നിരീക്ഷിക്കുകയും വിവാഹ മോചനം അനുവദിക്കുകയും ചെയ്തത്. ദമ്പതികള്‍ മാനസികമായി വല്ലാതെ അകലുകയും പരസ്പരം ബഹുമാനം ഇല്ലാതാകുകയും നിരന്തര വഴക്കിലേക്കും കലഹത്തിലേക്കും നീങ്ങുകയും ചെയ്താല്‍ അവര്‍ക്കിടയില്‍ അനുരഞ്ജനം പ്രയാസമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കുടുംബ ശൈഥില്യം വര്‍ധിച്ചു വരികയാണ് ആധുനിക സമൂഹത്തില്‍. പല ഭാര്യാ-ഭര്‍തൃ ബന്ധങ്ങളും മുന്‍കാലങ്ങളിലെയത്ര സുദൃഢമോ ഊഷ്മളമോ അല്ല ഇന്ന്. പ്രശ്‌നകലുഷിതമാണ് മിക്ക ദമ്പതികളുടെയും ജീവിതം. സംഘര്‍ഷ ഭരിതമാണ് അവരുടെ മനസ്സുകള്‍. വര്‍ധിച്ചു വരുന്ന വിവാഹമോചന കേസുകള്‍ ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. 2016ല്‍ കേരളത്തിലെ കുടുംബ കോടതികളില്‍ നിന്നുള്ള കണക്കനുസരിച്ച് വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഹരജികളുടെ എണ്ണം 19,233 ആണ്. 2019ല്‍ അത് 24,770 ആയി വര്‍ധിച്ചു. നാല് വര്‍ഷത്തെ കാലയളവില്‍ മാത്രം 28 ശതമാനമാണ് വര്‍ധന. ഇത് നിയമപരമായ വേര്‍പിരിയലുകളുടെ കണക്കാണ്. രേഖാമൂലമല്ലാതെ, ഉഭയ സമ്മതപ്രകാരം നടക്കുന്ന വിവാഹ മോചനങ്ങളുടെ കണക്കു കൂടി ചേര്‍ത്താല്‍ സംഖ്യ ഇനിയും കുത്തനെ ഉയരും. കുടുംബങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ആര്‍ഭാടപൂര്‍വം നടക്കുന്ന വിവാഹങ്ങളില്‍ നല്ലൊരു പങ്കും കുടുംബ കോടതികളില്‍ പര്യവസാനിക്കുകയാണ്. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള പതിനായിരക്കണക്കിന് അപേക്ഷകളാണ് സംസ്ഥാനത്തെ കുടുംബ കോടതികളില്‍ വിധികാത്ത് കെട്ടിക്കിടക്കുന്നത്.
സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, മദ്യപാനം, കുടുംബാംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങി വിവാഹ മോചനത്തിന് കാരണങ്ങള്‍ പലതും പറയുന്നുണ്ടെങ്കിലും ഇണയുടെ അവിഹിത ബന്ധങ്ങളാണ് മുഖ്യകാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രണയത്തിന് കണ്ണും കാതുമില്ലെന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് പുതിയ കാലത്തെ പല പ്രണയങ്ങളും. വിവാഹിതരായ ചെറുപ്പക്കാരെ പ്രണയിക്കാനും ഒപ്പം ജീവിക്കാനും കോളജ് വിദ്യാര്‍ഥിനികള്‍ തുടങ്ങി പ്രായം കുറഞ്ഞ പെണ്‍കുട്ടികള്‍ വരെ തയ്യാറാകുന്ന സംഭവങ്ങള്‍ നിരവധി. നൊന്തുപെറ്റ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മമാര്‍ മറ്റൊരു പുരുഷന്റെ കൂടെ പോകുന്നത് കുടുംബ കോടതികളിലെ അതിശയോക്തിയില്ലാത്ത കാര്യമായി മാറിക്കഴിഞ്ഞു. ഇതെന്തു കൊണ്ടെന്ന ചോദ്യത്തിന് വ്യാപകമായ ഇന്റര്‍ നെറ്റ് ലഭ്യതയിലേക്കാണ് സാമൂഹിക ശാസ്ത്രജ്ഞരും കൗണ്‍സലിംഗ് വിദഗ്ധരും വിരല്‍ ചൂണ്ടുന്നത്.
വിവാഹ മോചന അപേക്ഷകള്‍ കോടതിയിലെത്തിയാല്‍ പരമാവധി അനുരഞ്ജനത്തിനുള്ള ശ്രമങ്ങളാണ് കോടതി നടത്തുക. വിവാഹ മോചനത്തിന്റെ എണ്ണം പരമാവധി കുറക്കണമെന്നാണ് നീതിന്യായ വ്യവസ്ഥയുടെയും താത്പര്യം. അതേസമയം ഹൈക്കോടതി ചൂണ്ടിക്കാട്ടിയതു പോലെ ഭര്‍ത്താവിനെ പാടേ വെറുത്തു കഴിഞ്ഞ ഭാര്യയോടും ഭാര്യയുമായി ഒരു തരത്തിലും യോജിച്ചു പോകാനാകില്ലെന്നു തീര്‍ത്തു പറയുന്ന ഭര്‍ത്താവിനോടും ഇനിയും ഒന്നിച്ചു ജീവിക്കണമെന്നു പറയുന്നത് എത്രത്തോളം നീതീകരിക്കാനാകും?
എന്താണ് വിവാഹത്തിന്റെ ലക്ഷ്യവും താത്പര്യവും? ലൈംഗികദാഹം ശമിപ്പിക്കുകയും വംശപരമ്പര നിലനിര്‍ത്തുകയും മാത്രമല്ല, സന്തുഷ്ടവും സുരക്ഷിതവുമായ ജീവിതവും കൂടിയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇണയും തുണയുമായാണ് സ്ത്രീയും പുരുഷനും സൃഷ്ടിക്കപ്പെട്ടത്. ഒരു നല്ല ഭര്‍ത്താവാകുന്നതും ഭാര്യയാകുന്നതും എളുപ്പമല്ല. ക്ഷമയും പരസ്പരം മനസ്സറിഞ്ഞുള്ള വിട്ടുവീഴ്ചയുമെല്ലാം അനിവാര്യമാണ്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ഇണയുടെ താത്പര്യങ്ങള്‍ കണ്ടറിയാനും മാനിക്കാനുമുള്ള മനസ്സ് ഇരുഭാഗത്തുമുണ്ടാകണം. ഇരുവരും ക്ഷമയോടെ കാര്യങ്ങള്‍ വിലയിരുത്തണം. കൂടിയാലോചിക്കണം. മനസ്സു തുറന്ന് സംസാരിക്കണം. സ്‌നേഹത്തിലൂടെ ഇണയുടെ മനസ്സ് കീഴടക്കുമ്പോഴാണ് സ്‌നേഹം തിരിച്ചു കിട്ടുന്നത്. ബലപ്രയോഗത്തിലൂടെ കീഴടക്കാനാകില്ല മനുഷ്യമനസ്സുകള്‍. പരസ്പരം കലവറയില്ലാത്ത സ്‌നേഹവുമായി ഒരുമിച്ചു ജീവിക്കുമ്പോഴാണ് ജീവിതം സന്തുഷ്ടമാകുന്നത്. അല്ലെങ്കില്‍ നരകതുല്യമാകും.
വിവാഹ മോചനം ഒട്ടേറെ കുടുംബ, സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാനിടയുണ്ട്. കുട്ടികള്‍ക്ക് നാഥന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും അവരുടെ ഭാവി അവതാളത്തിലാകുകയും ചെയ്യും. വിവാഹത്തോടെ സ്ഥാപിതമായിരുന്ന രണ്ട് കുടുംബങ്ങള്‍ക്കിടയിലെ സൗഹൃദങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും അത് കത്രിക വെക്കും. ഇതൊക്കെയാണെങ്കിലും മാനസികമായി തീര്‍ത്തും അകന്ന രണ്ട് വ്യക്തികളെ കയ്പ്പുനീര് കുടിപ്പിക്കാന്‍ ഉത്തരവിടുന്നത് നീതിന്യായ വ്യവസ്ഥയുടെ താത്പര്യങ്ങള്‍ക്ക് കടകവിരുദ്ധമാണ്. ഇത്തരം ദമ്പതിമാരെ അവരവരുടെ വഴിക്കു വിടുന്നതല്ലേ കരണീയം?