Uae
ഉമ്മു സുഖീം സ്ട്രീറ്റ് നവീകരിക്കുന്നു; മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകും
യാത്രാസമയം മിനുട്ടില്‍ നിന്ന് ആറ് മിനുട്ടായി കുറയും.

ദുബൈ | ജുമൈറ സ്ട്രീറ്റ് മുതല്‍ അല്‍ ഖൈല്‍ റോഡ് വരെയുള്ള ഉമ്മു സുഖീം സ്ട്രീറ്റ് നവീകരിക്കുന്നതിനുള്ള പദ്ധതി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) പ്രഖ്യാപിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയും. കൂടാതെ, ജുമൈറ സ്ട്രീറ്റ് മുതല്‍ അല്‍ ഖൈല്‍ റോഡ് വരെയുള്ള യാത്രാസമയം 20 മിനുട്ടില്‍ നിന്ന് ആറ് മിനുട്ടായി കുറയും. ജുമൈറ, അല്‍ സഫ, അല്‍ വസല്‍ സ്ട്രീറ്റുകള്‍ വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ഈ പദ്ധതി.
നവീകരിക്കുന്ന റോഡ് ദുബൈയിലെ നാല് പ്രധാന ഗതാഗത ഇടനാഴികളായ ശൈഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയുമായി പ്രദേശത്തെ ബന്ധിപ്പിക്കും. ജുമൈറ, ഉമ്മു സുഖീം, അല്‍ മനാറ, അല്‍ സുഫൂഹ്, ഉമ്മു അല്‍ ശീഫ്, അല്‍ ബര്‍ശ, അല്‍ ഖോസ് എന്നിവിടങ്ങളിലെ പ്രധാന താമസക്കാര്‍ക്കും മറ്റും ഇത് നേരിട്ട് പ്രയോജനപ്പെടും. നടപ്പാതകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ബൊളിവാര്‍ഡുകള്‍, നഗര ഇടങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
ഉമ്മു സുഖീം സ്ട്രീറ്റിലെ ജുമൈറ സ്ട്രീറ്റ്, അല്‍ വസല്‍ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ്, അല്‍ അസായേല്‍ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ് എന്നിവിടങ്ങളിലെ ആറ് പ്രധാന കവലകളും നവീകരിക്കും. 4,100 മീറ്റര്‍ ദൈര്‍ഘ്യമുള്ള നാല് പാലങ്ങളും മൂന്ന് തുരങ്കങ്ങളും നിര്‍മിക്കും. ജുമൈറ സ്ട്രീറ്റില്‍ ഇരുവശത്തേക്കും രണ്ട് ലൈനുകളുള്ള ഒരു തുരങ്കവും ഉപരിതലത്തില്‍ സിഗ്നല്‍ സംവിധാനവും സ്ഥാപിക്കും. അല്‍ വസല്‍ സ്ട്രീറ്റില്‍ രണ്ട് ലൈനുകളുള്ള മറ്റൊരു തുരങ്കം നിര്‍മിക്കും. ശൈഖ് സായിദ് റോഡില്‍ രണ്ട് പാലങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വേഗത വര്‍ധിപ്പിക്കാനും കഴിയും. ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റില്‍ അല്‍ ബര്‍ശയില്‍ നിന്ന് ശൈഖ് സായിദ് റോഡിലേക്കുള്ള ഗതാഗതത്തിനായി ഒരു തുരങ്കവും പണിയും.