Kerala
മൂഴിയാര്‍ ജലസംഭരണിയുടെ രണ്ട് ഷട്ടറുകള്‍ അടച്ചു; ജാഗ്രത തുടരണം
മൂന്നാമത്തെ ഷട്ടര്‍ മാത്രമാണ് തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത തുടരണം. ഒരു സാഹചര്യത്തിലും നദിയില്‍ ഇറങ്ങരുത്.

പത്തനംതിട്ട | മൂഴിയാര്‍ ജലസംഭരണിയുടെ ഒന്നും രണ്ടും ഷട്ടറുകള്‍ ഇന്ന് വൈകിട്ട് ആറോടെ അടച്ചു. മൂന്നാമത്തെ ഷട്ടര്‍ മാത്രമാണ് തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത തുടരണം. ഒരു സാഹചര്യത്തിലും നദിയില്‍ ഇറങ്ങരുത്.
നിലവില്‍ പ്രദേശത്ത് മഴയില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ കാരണം ജലസംഭരണിയില്‍ ഇന്ന് വൈകിട്ട് ആറ് വരെയുള്ള കണക്കനുസരിച്ച് 191.00 മീറ്റര്‍ ആണ് ജലനിരപ്പ്. പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലര്‍ട്ട് ലെവല്‍ 190.00 മീറ്ററുമാണ്.
തുറന്നുവിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരും. കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെ ഇരുകരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.