editorial
മാറ്റത്തിന്റെ ജനവിധി; എല്‍ ഡി എഫിന് മുന്നറിയിപ്പ്
എന്തുകൊണ്ട് എല്‍ ഡി എഫിന് ഇത്ര വലിയൊരു തിരിച്ചടി നേരിട്ടു? ഭരണവിരുദ്ധ വികാരമെന്നതിനപ്പുറം, ഭരണത്തുടര്‍ച്ചയുടെ ആലസ്യം, ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ച, സര്‍ക്കാര്‍ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധി, സി പി എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍, യു ഡി എഫിന്റെ ചിട്ടയായ പ്രവര്‍ത്തനം തുടങ്ങി കാരണങ്ങള്‍ പലതാണ്
പത്ത് വര്‍ഷത്തെ എല്‍ ഡി എഫ് ഭരണത്തിന് അറുതി വരുത്തി കേരളീയ ജനത അടുത്ത അഞ്ച് വര്‍ഷത്തെ ഭരണം യു ഡി എഫിന് നല്‍കിയിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറാനുറച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ഇടതു ജനാധിപത്യ മുന്നണിയുടെ പ്രതീക്ഷകളെ കടപുഴക്കി, നൂറിലധികം സീറ്റുകളുടെ തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെയാണ് ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക് തിരിച്ചു വരുന്നത്. തങ്ങളുടെ പരമ്പരാഗത സീറ്റുകള്‍ക്കപ്പുറം ഇടത് കോട്ടകളിലേക്കു കൂടി ശക്തമായ കടന്നു കയറ്റമാണ് യു ഡി എഫ് നടത്തിയത്.
എന്തുകൊണ്ട് എല്‍ ഡി എഫിന് ഇത്ര വലിയൊരു തിരിച്ചടി നേരിട്ടു? ഭരണവിരുദ്ധ വികാരമെന്നതിനപ്പുറം, ഭരണത്തുടര്‍ച്ചയുടെ ആലസ്യം, ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ച, സര്‍ക്കാര്‍ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധി, സി പി എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍, യു ഡി എഫിന്റെ ചിട്ടയായ പ്രവര്‍ത്തനം തുടങ്ങി കാരണങ്ങള്‍ പലതാണ്. സംസ്ഥാനം അടുത്ത കാലത്തൊന്നും അഭിമുഖീകരിച്ചിട്ടില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുറച്ചു വര്‍ഷങ്ങളായി പിണറായി സര്‍ക്കാര്‍ കടന്നു പോയത്. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പാവപ്പെട്ട ജനവിഭാഗമാണ്. എല്‍ ഡി എഫിന്റെ ഏറ്റവും വലിയ വോട്ടുബേങ്കായ സാധാരണക്കാര്‍ക്ക് മാസങ്ങളോളം ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് അവര്‍ക്കിടയില്‍ വലിയ അതൃപ്തി സൃഷ്ടിച്ചു
രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തെ പി എസ് സി ലിസ്റ്റ് വഴിയുള്ള നിയമനങ്ങളിലെ മെല്ലെപ്പോക്കും പി എസ് സിയെ നോക്കുകുത്തിയാക്കി നടന്ന താത്കാലിക- കരാര്‍ നിയമനങ്ങളും യുവസമൂഹത്തെ പ്രത്യേകിച്ച് ഉദ്യോഗാര്‍ഥികളെ വല്ലാതെ നിരാശരാക്കിയിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്ക് അര്‍ഹമായ തൊഴില്‍ ലഭിക്കാത്തത് സര്‍ക്കാറിന്റെ വികസന മാതൃകയില്‍ സംശയങ്ങള്‍ ഉയര്‍ത്തിയത് സ്വാഭാവികം. അടിക്കടിയുള്ള പോലീസ് അതിക്രമങ്ങളും പോലീസിനു മേലുള്ള ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതും ജനങ്ങളെ മാറിച്ചിന്തിപ്പിച്ചു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് സംവിധാനം ജനവിരുദ്ധമായി മാറിയ സംഭവങ്ങള്‍ സമീപവര്‍ഷങ്ങളില്‍ ധാരാളമാണ്. സേനയിലെ രാഷ്ട്രീയ ഇടപെടലും ഭരണകക്ഷികള്‍ക്ക് പോലീസ് നിയമവിരുദ്ധ സംരക്ഷണം നല്‍കുന്നുവെന്ന പരാതിയും വ്യാപകമായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തെ ഭരണമികവും ജനകീയതയും രണ്ടാമൂഴത്തില്‍ നഷ്ടപ്പെട്ടതും ജനങ്ങളെ മാറിച്ചിന്തിപ്പിച്ചിരിക്കാം. 2018ലെയും 2019ലെയും പ്രളയം, നിപ്പാ തുടങ്ങിയ വലിയ പ്രതിസന്ധികളെ വളരെ കാര്യക്ഷമതയോടെയാണ് സര്‍ക്കാര്‍ നേരിട്ടത്. അക്കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കൃത്യമായ ജനസമ്പര്‍ക്കവും സര്‍ക്കാറിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. ഒരേ സര്‍ക്കാര്‍ തന്നെ തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തില്‍ വരുന്നത് കേരളത്തില്‍ അപൂര്‍വമാണ്. ഒന്നാം പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തന ക്ഷമതയും പ്രതിസന്ധികളെ നേരിടുന്നതില്‍ കാണിച്ച മിടുക്കുമാണ് രണ്ടാം ഊഴത്തിന് വഴിയൊരുക്കിയത്. ഈ കാര്യക്ഷമത പക്ഷേ രണ്ടാം സര്‍ക്കാറിന്റെ കാലത്ത് നിലനിര്‍ത്താനായില്ല. ഒന്നാം ഊഴത്തില്‍ തിളങ്ങിനിന്ന കെ കെ ശൈലജ, തോമസ് ഐസക് തുടങ്ങിയ മന്ത്രിമാരെ രണ്ടാം സര്‍ക്കാറില്‍ മാറ്റിനിര്‍ത്തി പുതുമുഖങ്ങളെ കൊണ്ടുവന്ന പരീക്ഷണവും പരാജയമായിരുന്നു. ഇത് ഭരണത്തിന്റെ വേഗത്തെയും മികവിനെയും ബാധിച്ചു.
ഇതോടൊപ്പം ഭരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അഴിമതിയാരോപണങ്ങളും ജനവിശ്വാസത്തില്‍ ഇടിവ് സൃഷ്ടിച്ചു. സ്വര്‍ണക്കടത്ത് മുതല്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയര്‍ന്ന മാസപ്പടി വിവാദം വരെ ഭരണത്തിന്റെ പ്രതിഛായയെ ബാധിച്ച നിരവധി വിവാദങ്ങള്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. നിയമപരമായി ഈ കേസുകളുടെ അന്തിമഫലം എന്തായാലും രാഷ്ട്രീയമായി അവ സൃഷ്ടിച്ച നിഷേധാത്മക പ്രതിഛായ എല്‍ ഡി എഫിന് തിരിച്ചടിയായിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ കോട്ടങ്ങളേക്കാള്‍ യു ഡി എഫിന്റെ പ്രത്യേകിച്ചും കോണ്‍ഗ്രസ്സിന്റെ ചിട്ടയായ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ കൂടുതല്‍ തിളങ്ങുന്നത്. ആഭ്യന്തര കലഹങ്ങളും ഗ്രൂപ്പ് പോരുകളും നിയന്ത്രിച്ച് ഏകോപിതമായ പ്രചാരണത്തിലൂടെ ജനവിശ്വാസം നേടാന്‍ പാര്‍ട്ടിക്കായി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് ഉണര്‍വേകി. സംസ്ഥാനത്തിന്റെ പൊതുവായ വിഷയങ്ങളില്‍ സര്‍ക്കാറിനെ പിന്തുണക്കുകയും അതേസമയം ജനവിരുദ്ധ നയങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. ഈ ക്രിയാത്മക പ്രതിപക്ഷം എന്ന പ്രതിഛായ യു ഡി എഫ് അണികള്‍ക്കു പുറമെ നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും അനുകൂല തരംഗമുണ്ടാക്കി.
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനുമായി ചേര്‍ന്ന് പാര്‍ട്ടിയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്തുന്നതിലും സതീശന്‍ വിജയിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, ക്ഷേമപദ്ധതികളുടെ മുടക്കം തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് യു ഡി എഫ് നടത്തിയ പ്രചാരണം വോട്ടര്‍മാരുടെ മനസ്സില്‍ വ്യക്തമായ പ്രതിഫലനം ഉണ്ടാക്കി. മുസ്‌ലിം ലീഗിന്റെ തിളക്കമാര്‍ന്ന വിജയമാണ് പ്രത്യേകം പരാമര്‍ശിക്കേണ്ട മറ്റൊരു വിഷയം. മത്സരിച്ച 27 സീറ്റല്‍ 22ലും പാര്‍ട്ടി വിജയിച്ചു. ലീഗിന്റെ ഈ കരുത്തുറ്റ പ്രകടനമാണ് യു ഡി എഫിന്റെ മികച്ചവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഇത് മുന്നണിക്കകത്ത് ലീഗിന്റെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കുകയും സര്‍ക്കാറിലും യു ഡി എഫിലും പാര്‍ട്ടിക്ക് സ്വീകാര്യത കൈവരാന്‍ അവസരമൊരുക്കുകയും ചെയ്യും.
കേരളീയ ജനതയില്‍ ജനാധിപത്യം ഇപ്പോഴും ശക്തമാണെന്ന സന്ദേശം കൂടി നല്‍കുന്നു തിരഞ്ഞെടുപ്പ് ഫലം. അതാത് കാലത്തെ ഭരണം വിലയിരുത്തി മാറ്റം വരുത്തുന്നതില്‍ ശ്രദ്ധാലുക്കളാണ് വോട്ടര്‍മാരെന്നത് ആശ്വാസകരമാണ്. “അധികാരം ശാശ്വതമല്ല, ജനവിശ്വാസമാണ് ഏറ്റവും വലിയ ശക്തി’ എന്ന പാഠമാണ് ഇത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്.
Content Highlights:
The United Democratic Front (UDF) has achieved a landslide victory in the Kerala Assembly elections, winning over 100 seats and ending a decade of LDF governance. Several factors including the state’s severe financial crisis, delays in welfare pensions, and controversies surrounding the second Pinarayi government contributed to the LDF’s downfall. Meanwhile, a unified campaign led by VD Satheesan and the strong performance of the Muslim League paved the way for the UDF’s triumphant return to power.







