Uae
യു എ ഇ; സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന ഇമാറാത്തികള്‍ 114,000-ത്തിലധികം
2022 പകുതി മുതൽ 2024 സെപ്തംബർ 17 വരെ നിയമവിരുദ്ധമായി പൗരന്മാരെ നിയമിച്ചുകൊണ്ട് എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1,818 സ്വകാര്യ സ്ഥാപനങ്ങളെ ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ) കണ്ടെത്തി.
ദുബൈ | യു എ ഇയിലുടനീളമുള്ള സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന ഇമാറാത്തികള്‍ 114,000-ലധികമായി. അവരിൽ 81,000-ത്തിലധികം പേർ മൂന്ന് വർഷം മുമ്പ് നാഫിസ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷം നിയമിക്കപ്പെട്ടവരാണെന്ന് ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ് കൗൺസിൽ അറിയിച്ചു.
2021 സെപ്റ്റംബറിൽ ആരംഭിച്ച നാഫിസിൽ സ്വദേശികൾക്കായി സാലറി സപ്പോർട്ട് സ്‌കീം, പെൻഷൻ പ്രോഗ്രാം, ചൈൽഡ് അലവൻസ് സ്‌കീം, തൊഴിലില്ലായ്മ ആനുകൂല്യം എന്നിവയുൾപ്പെടെ വിവിധ സാമ്പത്തിക സഹായ പരിപാടികൾ ഉൾപ്പെടുന്നു. ടാലന്റ‌്, അപ്രന്റീസ്ഷിപ്പ്, കരിയർ കൗൺസിലിംഗ് എന്നിങ്ങനെയുള്ള പ്രത്യേക പരിശീലന പരിപാടികളും ഒരുക്കിയിട്ടുണ്ട്. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്്റെ) സ്റ്റഡി സിറ്റിസൺ എംപ്ലോയ്മെന്റ് കോൺട്രാക്ട് (അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം) ആരംഭിച്ചതിനാൽ ആരോഗ്യ പരിപാലന മേഖലയിൽ ധാരാളം സ്വദേശികളെത്തി.
സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച്, ക്രിയേറ്റീവ് വ്യവസായത്തിൽ ദേശീയ പ്രതിഭകളെ തയ്യാറാക്കുന്ന ക്രിയേറ്റീവ് പ്രോഗ്രാമും നടക്കുന്നുണ്ട്. ഈ വർഷം രണ്ടാം പാദത്തിലെ കണക്കനുസരിച്ച്, രാജ്യത്തുടനീളമുള്ള ബേങ്കുകൾ അടക്കമുള്ള 21,000 സ്വകാര്യ കമ്പനികൾ സ്വദേശി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
2022 പകുതി മുതൽ 2024 സെപ്തംബർ 17 വരെ നിയമവിരുദ്ധമായി പൗരന്മാരെ നിയമിച്ചുകൊണ്ട് എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1,818 സ്വകാര്യ സ്ഥാപനങ്ങളെ ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്റെ) കണ്ടെത്തി. ഈ കമ്പനികൾ 2,784 പൗരന്മാരെ നിയമവിരുദ്ധമായി നിയമിക്കുകയും സാങ്കൽപ്പിക പ്രാദേശികവത്കരണം ഉപയോഗിച്ച് ലക്ഷ്യങ്ങൾ മറികടക്കാൻ ശ്രമിക്കുകയും ചെയ്തു. ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ 20,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴ ഈടാക്കുന്നു. തുടർന്ന് അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും.