Connect with us

Uae

യു എന്‍-ഹാബിറ്റാറ്റ് പൊതുസഭാ അധ്യക്ഷസ്ഥാനം യു എ ഇക്ക്

എക്സിക്യൂട്ടീവ് ബോര്‍ഡിലും യു എ ഇ അംഗത്വം നേടി.

Published

|

Last Updated

അബൂദബി | ഐക്യരാഷ്ട്രസഭയുടെ മനുഷ്യവാസ കേന്ദ്ര പരിപാടിയുടെ (യു എന്‍-ഹാബിറ്റാറ്റ്) പൊതുസഭയുടെ അധ്യക്ഷസ്ഥാനം ആദ്യമായി യു എ ഇക്ക് ലഭിച്ചു. എക്സിക്യൂട്ടീവ് ബോര്‍ഡിലും യു എ ഇ അംഗത്വം നേടി. സുസ്ഥിര നഗരവികസനത്തിനും ഭവന നിര്‍മാണത്തിനും യു എ ഇ നല്‍കുന്ന പിന്തുണയും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിലുള്ള രാജ്യത്തിന്റെ നേതൃ സ്ഥാനവും എടുത്തു കാണിക്കുന്നതാണ് ഈ നേട്ടം.

കെനിയയിലെ നെയ്‌റോബിയില്‍ നടന്ന അസംബ്ലി യോഗങ്ങളിലെ ശക്തമായ മത്സരത്തിനൊടുവിലാണ് മലേഷ്യയോടൊപ്പം അര്‍ഹമായ അന്താരാഷ്ട്ര നേട്ടം യു എ ഇ പങ്കിട്ടത്. 193 അംഗരാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യു എന്‍-ഹാബിറ്റാറ്റ് ജനറല്‍ അസംബ്ലി. നഗരങ്ങളിലെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നഗര സമൂഹങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ആഗോള നയങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

സുസ്ഥിര നഗരവികസനത്തില്‍ യു എ ഇയുടെ നേതൃത്വത്തെയും രാജ്യത്തിന്റെ നഗര സമീപനത്തിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസത്തെയും ഈ വിജയം പ്രതിഫലിപ്പിക്കുന്നുവെന്ന് ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്‌റൂഇ അഭിപ്രായപ്പെട്ടു. ജനങ്ങളെ മുഖ്യ പരിഗണനയില്‍ നിര്‍ത്തി മാന്യമായ ജീവിതത്തിനും സ്ഥിരതക്കുമുള്ള മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു ദേശീയ ദര്‍ശനത്തിന്റെ ഫലമാണിത്. രാജ്യത്തിന്റെ ദീര്‍ഘകാലത്തെ വിജയങ്ങളുടെ പട്ടികയില്‍ ഇതൊരു പ്രധാന നേട്ടമാണെന്നും സുസ്ഥിര വികസനത്തിലും നഗരാസൂത്രണത്തിലുമുള്ള യു എ ഇയുടെ ആഗോള അംഗീകാരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.