Connect with us

Uae

സ്‌കൂളുകളിൽ പ്രോജക്ട് അധിഷ്ഠിത പഠനം വിലയിരുത്താൻ യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ദേശീയ പഠനം ആരംഭിച്ചു

ഈ പദ്ധതി എങ്ങനെ നടപ്പാക്കുന്നുവെന്നും അധ്യാപകർ ഈ പ്രക്രിയ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും നിരീക്ഷിക്കുന്നതിനായി മന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Published

|

Last Updated

അബൂദബി| യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ അവതരിപ്പിച്ച പ്രോജക്ട് അധിഷ്ഠിത പഠനത്തിന്റെയും വിലയിരുത്തലിന്റെയും മാതൃകയെക്കുറിച്ച് പഠനം ആരംഭിച്ചു. കഴിഞ്ഞ മാസം ആരംഭിച്ച ഈ സമഗ്രമായ പഠനം രണ്ടാം സൈക്കിളിലെ (ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ) വിദ്യാർഥികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. 2025-2026 അധ്യയന വർഷത്തിൽ ഔദ്യോഗികമായി നടപ്പാക്കുന്ന നയം സ്വീകരിക്കുന്നതിനും ഈ പഠനം സഹായകമാകും. വിദ്യാർഥികൾക്കിടയിൽ ലോകോത്തര നിലവാരത്തിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
ഈ പദ്ധതി എങ്ങനെ നടപ്പാക്കുന്നുവെന്നും അധ്യാപകർ ഈ പ്രക്രിയ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും നിരീക്ഷിക്കുന്നതിനായി മന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഈ സംഘം രാജ്യത്തുടനീളമുള്ള പൊതുവിദ്യാലയങ്ങളിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. കൂടാതെ, ഈ പഠന മാതൃകയുടെ സ്വാധീനം വിലയിരുത്തുന്നതിനായി വിദ്യാർഥികളുടെ പ്രവർത്തന സാമ്പിളുകളും വിശകലനം ചെയ്യും. സ്‌കൂളുകൾ സന്ദർശിക്കുന്നതിന് പുറമെ, വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കായി സർവേകളും നടത്തും.
ഈ വിലയിരുത്തലിൽ നിന്ന് ലഭിക്കുന്ന കണ്ടെത്തലുകൾ രണ്ടാം സൈക്കിളിലെ സ്‌കൂളുകളിൽ പ്രോജക്ട് അധിഷ്ഠിത വിലയിരുത്തലുകൾ നടപ്പാക്കുന്നതിനുള്ള ഒരു ഏകീകൃത റഫറൻസായി പരിഗണിക്കും. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് പ്രോജക്ടിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൈദ്ധാന്തികപരമായ അറിവ് പ്രധാനമായും പരീക്ഷിക്കുന്ന പരമ്പരാഗത പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി, പ്രോജക്ട് അധിഷ്ഠിത പഠനം യഥാർഥ ജീവിത സാഹചര്യങ്ങളിൽ ആശയങ്ങളും കഴിവുകളും പ്രയോഗിക്കാനുള്ള വിദ്യാർഥികളുടെ കഴിവിനാണ് പദ്ധതി പ്രാധാന്യം നൽകുന്നത്. ഇത് വിദ്യാർഥികളിൽ വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹാര ശേഷി, ആശയവിനിമയ വൈദഗ്ദ്ധ്യം, ടീം വർക്ക് തുടങ്ങിയ കഴിവുകൾ വളർത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്.

 

 

Latest