Ongoing News
യു എ ഇ ചാന്ദ്ര ദൗത്യം: റാശിദ് റോവറിനെ വഹിക്കുന്ന ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടു
ചൊവ്വാഴ്ച രാത്രി പ്രതീക്ഷിക്കപ്പെട്ട ലാന്‍ഡിംഗ് സമയത്തിന്റെ അവസാന നിമിഷമാണ് ലൂണാര്‍ ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്.

ദുബൈ | യു എ ഇയുടെ റാശിദ് റോവറിനെ ചന്ദ്രനിലേക്ക് വഹിക്കുന്ന ഹകുതോ-ആര്‍ മിഷന്‍ ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ചൊവ്വാഴ്ച രാത്രി പ്രതീക്ഷിക്കപ്പെട്ട ലാന്‍ഡിംഗ് സമയത്തിന്റെ അവസാന നിമിഷമാണ് ലൂണാര്‍ ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. ലോകം ആകാംക്ഷയോടെയും പ്രതീക്ഷയോടെയും ഉറ്റുനോക്കിയ യു എ ഇയുടെ പ്രഥമ ചാന്ദ്ര ദൗത്യത്തില്‍ ഏര്‍പ്പെട്ട റാശിദ് റോവറിനെ വഹിക്കുന്ന ഹകുടോ-ആര്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായും ലാന്‍ഡിംഗ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഐ സ്‌പേസ് അപ്ഡേറ്റ് ചെയ്തതായി മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര്‍ അറിയിച്ചു. ഗ്രൗണ്ട് എന്‍ജിനീയര്‍മാര്‍ സ്ഥിതിഗതികള്‍ അന്വേഷിക്കുന്നത് തുടരുകയാണെന്നും ഇത് സംബന്ധമായ അപ്ഡേഷന്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡിസംബര്‍ 11ന് വിക്ഷേപിച്ച ശേഷം ലാന്‍ഡിംഗ് പ്രതീക്ഷിച്ച അവസാന നിമിഷം വരെ എല്ലാം സുഗമമായിരുന്നു. ചൊവ്വാഴ്ച യു എ ഇ സമയം രാത്രി 8.40 ന് ചന്ദ്രോപരിതലത്തിനടുത്ത് ലാന്‍ഡര്‍ എത്തി. എന്നാല്‍, പിന്നീട് ബന്ധം നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന് ദൗത്യത്തിന് നേതൃത്വം നല്‍കിയ ഐസ്പേസ് സ്ഥാപകനും സി ഇ ഒയുമായ ടാകെഷി ഹക്കാമദ ഇത് സംബന്ധമായ പ്രസ്താവന നടത്തി. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും അവസാന നിമിഷം വരെ ബന്ധമുണ്ടായിരുന്നുവെന്നും ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം ദൗത്യത്തില്‍ ശ്രദ്ധേയമായ പല മുന്നേറ്റങ്ങളുമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പേടകമായ ‘റാശിദ്’ റോവര്‍ യു എസിലെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. ഇമാറാത്തി എന്‍ജിനീയര്‍മാരുടെയും വിദഗ്ധരുടെയും ഒരു സംഘം നിര്‍മിച്ചതാണ് റാശിദ് റോവര്‍. ലാന്‍ഡര്‍ ഉപരിതലത്തോട് അടുക്കുമ്പോള്‍ രാത്രി 8.36ന് ചന്ദ്രന്റെ ഗര്‍ത്തങ്ങളുടെ ആദ്യ കാഴ്ച അയച്ചിരുന്നു. 25 കിലോമീറ്റര്‍ ഉയരത്തില്‍ ബ്രേക്കിംഗ് ബേണ്‍ ഘട്ടം വരെ എത്തിയിടത്തു നിന്നാണ് ആശയവിനിമയ തടസം നേരിട്ടത്.
ചന്ദ്രന്റെ അറ്റ്‌ലസ് ഗര്‍ത്തത്തില്‍, തണുപ്പിന്റെ കടല്‍ എന്നറിയപ്പെടുന്ന മാരെ ഫ്രിഗോറിസിന്റെ പുറം അറ്റത്ത് ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 7.48 ന് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ (എം ബി ആര്‍ എസ്സി) ഡയറക്ടര്‍ ജനറല്‍ സാലം അല്‍മറി റോവര്‍ എത്തുന്നതിന് മുമ്പുള്ള അവസാന 60 മിനുട്ടുകളുടെ കൗണ്ട്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
ഗുരുത്വാകര്‍ഷണം, അന്തരീക്ഷത്തിന്റെ അഭാവം, റെഗോലിത്ത്, ആശയവിനിമയം എന്നിവ ഉള്‍പ്പെടുന്ന നിരവധി കാരണങ്ങളാല്‍ വളരെ സങ്കീര്‍ണമായ ഒരു പ്രവര്‍ത്തനമാണ് ലാന്‍ഡിംഗ്. ചാന്ദ്ര ലാന്‍ഡിംഗുകളില്‍ 50 ശതമാനം മാത്രമേ വിജയിക്കാറുള്ളൂ.
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്റെ ആറിലൊന്നാണ്. ഇത് കാരണം ബഹിരാകാശ പേടകത്തിന്റെ ചലനങ്ങളെ ലാന്‍ഡ് ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും ബുദ്ധിമുട്ടാണ്. അതോടൊപ്പം ചന്ദ്രനിലെ അന്തരീക്ഷത്തിന്റെ അഭാവം ബഹിരാകാശ പേടകത്തിന്റെ ഇറക്കത്തില്‍ വേഗത കുറയ്ക്കുന്നത് ബുദ്ധിമുട്ടാക്കും.
ചന്ദ്രന്റെ ഉപരിതലം റെഗോലിത്ത് എന്നറിയപ്പെടുന്ന പൊടിപടലത്താല്‍ മൂടപ്പെട്ടിരിക്കുന്നു. ചില പ്രദേശങ്ങളില്‍ ഇത് വളരെ ആഴത്തിലായിരിക്കും. സിഗ്‌നല്‍ ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാന്‍ ഏകദേശം 1.28 സെക്കന്‍ഡ് ആണ് എടുക്കുന്നത്. രാത്രി 9.10: ഓടെയാണ് ജപ്പാന്‍ ആസ്ഥാനമായുള്ള ഐസ്പേസിന് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പങ്കുവെക്കാനിരിക്കുന്നതേയുള്ളൂ.