space exploration
യു എ ഇ ശുക്ര ഗ്രഹ പര്യവേഷണ ദൗത്യം പ്രഖ്യാപിച്ചു
ചൊവ്വ കീഴടക്കി ഒരു വര്‍ഷത്തിനകമാണ് ഈ പ്രഖ്യാപനം. ശുക്ര ഗ്രഹവും സൗരയൂഥത്തിലെ ഒരു ഛിന്നഗ്രഹവലയവും പര്യവേഷണം ചെയ്യും

ദുബൈ | യു എ ഇ മറ്റൊരു ബഹിരാകാശ ദൗത്യം കൂടി പ്രഖ്യാപിച്ചു. ശുക്ര -വീനസ്- ഗ്രഹത്തിലേക്കാണ് നോട്ടമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു. ചൊവ്വ കീഴടക്കി ഒരു വര്‍ഷത്തിനകമാണ് ഈ പ്രഖ്യാപനം. ശുക്ര ഗ്രഹവും സൗരയൂഥത്തിലെ ഒരു ഛിന്നഗ്രഹവലയവും പര്യവേഷണം ചെയ്യും. ചൊവ്വ ദൗത്യത്തേക്കാള്‍ അഞ്ച് മടങ്ങ് സങ്കീര്‍ണമാണിത്. പുതിയ ദൗത്യത്തില്‍ ഏഴ് ഛിന്നഗ്രഹങ്ങള്‍ ഉള്‍പെടും. ഒരു ഛിന്നഗ്രഹത്തില്‍ ആദ്യമായി ഒരു അറബ് പേടകം ഇറങ്ങും.
ബഹിരാകാശ പേടകം ശുക്ര ഗ്രഹ അന്തരീക്ഷത്തിലെത്താന്‍ 360 കോടി കിലോമീറ്റര്‍ സഞ്ചരിക്കണം. അഞ്ച് വര്‍ഷത്തെ യാത്രയാണ് വേണ്ടത്. ചൊവ്വക്കപ്പുറം സ്ഥിതിചെയ്യുന്ന പ്രധാന ഛിന്നഗ്രഹ വലയത്തില്‍ എത്താന്‍ ആവശ്യമായ ആവേഗം ശുക്രനെയും ഭൂമിയെയും ചുറ്റുന്നതിലൂടെ പേടകത്തിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ചൊവ്വയിലേക്ക് യു എ ഇയുടെ ഹോപ്പ് പേടകം നടത്തിയ യാത്രയുടെ ഏഴിരട്ടിയിലധികം ദൂരം പേടകം സഞ്ചരിക്കണം.
അഞ്ച് വര്‍ഷത്തെ പര്യവേഷണം 2028ല്‍ ആരംഭിക്കുമെന്ന് യു എ ഇ ബഹിരാകാശ ഏജന്‍സി അറിയിച്ചു. ദൗത്യത്തിനുള്ള ബഹിരാകാശ പേടകം ഏഴ് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കും. കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഫോര്‍ അറ്റ്മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സുമായി (LASP) പങ്കാളിത്തത്തോടെയാണ് ഇത് വികസിപ്പിക്കേണ്ടത്.
ഈ ദൗത്യം രാജ്യത്തിന്റെ 50ാം വര്‍ഷം അടയാളപ്പെടുത്തുന്നതിനുള്ള 50 പദ്ധതികളുടെ ഭാഗമാണ്. ആദ്യ പദ്ധതി ചൊവ്വ കീഴടക്കിയതായിരുന്നു.
ബഹിരാകാശത്ത് ഞങ്ങള്‍ നടത്തുന്ന ഓരോ പുതിയ മുന്നേറ്റത്തിലും, ഭൂമിയിലെ യുവാക്കള്‍ക്ക് ഞങ്ങള്‍ അവസരങ്ങള്‍ കണ്ടെത്തുന്നുവെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ ദൗത്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. ‘ശുക്രനും ഛിന്നഗ്രഹ വലയവും പര്യവേഷണം ചെയ്യുന്നതിനുള്ള ഒരു പുതിയ പദ്ധതിയുടെ സമാരംഭം നമ്മുടെ രാജ്യത്തെ വളര്‍ന്നുവരുന്ന ബഹിരാകാശ പരിപാടിക്ക് ഒരു പുതിയ ലക്ഷ്യ ബോധം നല്‍കുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റില്‍ സൂചിപ്പിച്ചു.