Connect with us

International

പാകിസ്താനിൽ സൈനിക വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ചു

ഒരാഴ്ചക്കിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ സൈനിക വ്യോമയാന അപകടമാണിത്.

Published

|

Last Updated

മർദാൻ | പാകിസ്താനിൽ സൈനിക പരിശീലന വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ മർദാൻ നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. ഒരാഴ്ചക്കിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ സൈനിക വ്യോമയാന അപകടമാണിത്.

പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം തകർന്നുവീണതെന്ന് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ എസ് പി ആർ) പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാകിസ്താൻ വ്യോമസേനയിലെ ഫ്ലൈറ്റ് ലെഫ്റ്റനന്റ് മുഹമ്മദ് ഖാസിം അബ്ദുള്ള, പാകിസ്താൻ നാവികസേനയിലെ ലെഫ്റ്റനന്റ് താഹ അബ്ബാസി എന്നിവരാണ് അപകടത്തിൽ മരിച്ച പൈലറ്റുമാർ. അപകടത്തിൽപ്പെട്ടത് ഏത് തരത്തിലുള്ള വിമാനമാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച പാകിസ്താൻ നിയന്ത്രിത കാശ്മീരിലെ മുസാഫറാബാദിന് സമീപം ആർമി ഹെലികോപ്റ്റർ തകർന്ന് വീണ് അതിലുണ്ടായിരുന്ന ജീവനക്കാർ എല്ലാവരും കൊല്ലപ്പെട്ടിരുന്നു. ടേക്ക് ഓഫിനിടെയുണ്ടായ സാങ്കേതിക തകരാറായിരുന്നു ആ അപകടത്തിന് കാരണം. ഇതിന് മുൻപ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗിൽഗിത് ബാൾട്ടിസ്താനിലെ ദിയാമർ ജില്ലയിലും സാങ്കേതിക തകരാർ മൂലം ആർമി ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചിരുന്നു.

അപകടത്തിൽ പൈലറ്റുമാർ മരണപ്പെട്ടതിൽ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും കടുത്ത ദുഃഖം രേഖപ്പെടുത്തുകയും പൈലറ്റുമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ ഇവരുടെ ത്യാഗം രാജ്യം ഓർക്കുമെന്നും പാക് സായുധ സേനയുടെ പ്രൊഫഷണലിസത്തെയും സമർപ്പണത്തെയും പ്രശംസിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

Content Highlights

A Pakistan Air Force trainer aircraft crashed near Mardan during a routine training sortie, killing both pilots on board. The deceased were identified as Flight Lieutenant Muhammad Qasim Abdullah and Lieutenant Taha Abbasi. This is the second deadly military aviation accident in the country within a week.

Latest