Connect with us

International

യുഎസ് ഇറാൻ സമാധാന കരാർ വെള്ളിയാഴ്ച ഒപ്പുവെക്കും; സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ

യു എസ് - ഇറാൻ സമാധാന കരാറിനെ ചരിത്രപരമായ സുപ്രധാന ചുവടുവെപ്പ് എന്നാണ് യു എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്

Published

|

Last Updated

ദുബൈ | മാസങ്ങൾ നീണ്ട മിഡിൽ ഈസ്റ്റ് യുദ്ധത്തിന് വിരാമമിട്ട് യു എസും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്ന ചരിത്രപരമായ നയതന്ത്ര മുന്നേറ്റത്തെ ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തു. യു എസും ഇറാനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാനുമുള്ള ഈ നീക്കത്തെ ഫ്രാൻസ്, യു കെ, ജർമ്മനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അഭിനന്ദിച്ചു. ഇറാൻ തങ്ങളുടെ ആണവ പദ്ധതികളിലെ ആശങ്കകൾ പരിഹരിക്കാൻ വ്യക്തവും സുതാര്യവുമായ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ പ്രസക്തമായ ഉപരോധങ്ങൾ നീക്കാൻ തയ്യാറാണെന്ന് ഈ നാല് യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കളും വ്യക്തമാക്കി. കരാറിനായി മധ്യസ്ഥത വഹിച്ച പാകിസ്താൻ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളെയും അവർ അഭിനന്ദിച്ചു.

യു എസ് – ഇറാൻ സമാധാന കരാറിനെ ചരിത്രപരമായ സുപ്രധാന ചുവടുവെപ്പ് എന്നാണ് യു എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. ഉടനടിയുള്ളതും സ്ഥിരവുമായ വെടിനിർത്തൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ, തുടർന്നുള്ള ചർച്ചകൾക്കുള്ള ചട്ടക്കൂട് എന്നിവ കരാർ ഉറപ്പുനൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ കൂടുതൽ സമാധാന അന്തരീക്ഷം കെട്ടിപ്പടുക്കാൻ ഇത് സഹായിക്കുമെന്നും ഗുട്ടെറസ് പ്രത്യാശ പ്രകടിപ്പിച്ചു.

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും കരാറിനെ പൂർണ്ണമായി പിന്തുണച്ച് രംഗത്തെത്തി. ഇത് ലോകം ഏറെക്കാലമായി ആഗ്രഹിച്ച ഒന്നാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ പരീക്ഷണ ഘട്ടത്തിൽ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള പ്രകോപനങ്ങളിൽ നിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്ന് മുന്നറിയിപ്പ് നൽകി.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഥാനി കരാറിനെ പുതിയ നയതന്ത്ര തുറസ്സായി വിശേഷിപ്പിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥത വഹിച്ച പാകിസ്താന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ഖത്തർ ഇത്തരം സമാധാന ശ്രമങ്ങൾക്ക് എന്നും പിന്തുണ നൽകുമെന്നും അറിയിച്ചു. യു എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ട്രംപിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. യു എസും ഇറാനും തമ്മിലുള്ള ഈ സമാധാന നീക്കങ്ങളെ യു എ ഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.

സ്വിറ്റ്സർലൻഡിൽ വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക ഒപ്പിടൽ ചടങ്ങിൽ വാൻസ് പങ്കെടുക്കുമെന്നാണ് സൂചന. ചിലപ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പങ്കെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ധാരണാപത്രം ഒപ്പുവെക്കുന്നതോടെ ആരംഭിക്കുന്ന 60 ദിവസത്തെ ചർച്ചാ കാലാവധിയിൽ ഉപരോധങ്ങൾ നീക്കുന്നതും ഇറാന്റെ ആണവ പരിപാടികളും ഉൾപ്പെടെ പ്രധാന തർക്കങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.

യു എസ് – ഇറാൻ കരാർ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിലും വലിയ മുന്നേറ്റമാണുണ്ടായത്. ജപ്പാനിലെ നിക്കി സൂചിക 4 ശതമാനത്തിലധികം ഉയർന്നു. ഊർജ്ജ വിതരണം സുഗമമാകുന്നതും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന പ്രഖ്യാപനവുമാണ് വിപണിക്ക് കരുത്തായത്.

എന്നാൽ ഇതിനിടെ ലബനാനിലെ ബെയ്റൂത്തിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണങ്ങൾ കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് നേരിയ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ഇസ്റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ജി 7 ഉച്ചകോടിക്ക് ശേഷം ട്രംപുമായി അടിയന്തിര കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. ഇറാന്റെ ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇസ്റാഈലിനുള്ള ആശങ്കകൾ അറിയിക്കാനാണ് ഈ കൂടിക്കാഴ്ച. എങ്കിലും വരും ദിവസങ്ങളിൽ തന്നെ സ്വിറ്റ്സർലൻഡിൽ വെച്ച് കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്ന ഉറപ്പിലാണ് നയതന്ത്ര ലോകം.

Content Highlights

Global leaders, including the UN chief and European powers, have warmly welcomed the historic US-Iran peace deal framework. The agreement guarantees a permanent ceasefire and the reopening of the strategic Strait of Hormuz, boosting global markets and raising hopes for lasting regional peace.

Latest