Kerala
പത്തനംതിട്ടയില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു
തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചും ടോറസ് ലോറിയുടെ പിറകില്‍ ബൈക്ക് ഇടിച്ചുമാണ് മരണങ്ങള്‍.
കോഴഞ്ചേരി | പത്തനംതിട്ടയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. ബൈക്കോടിച്ചിരുന്ന കോയിപ്രം-തട്ടയ്ക്കാട്-ളാഹേത്ത് മേലേതില്‍ മോഹനാക്ഷന്‍ നായരുടെ മകന്‍ മനു മോഹന്‍ (26) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 4.30 ന് ആറന്മുള പഞ്ചായത്തിലെ കുറിച്ചിമുട്ടം ജങ്ഷനിലായിരുന്നു അപകടം. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സച്ചു അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ചെങ്ങന്നൂരിന് സമീപമുള്ള ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. ജയയാണ് മനു മോഹന്റെ മാതാവ്. സഹോദരി: മഞ്ചു. മൃതദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. ആറന്മുള പോലീസ് മേല്‍നപടികള്‍ സ്വീകരിച്ചു.
മറ്റൊരു അപകടത്തില്‍ ടോറസ് ലോറിയുടെ പിറകില്‍ ബൈക്ക് ഇടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. ഓന്തേകാട് കുര്യന്‍ചിറയില്‍ പരേതരായ നാരായണന്റെയും ജാനകിയുടെയും മകന്‍ കെ എന്‍ അജി (54) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 നായിരുന്നു സംഭവം. തെക്കേമലക്ക് സമീപം ടയര്‍ റിപ്പയറിംഗ് സ്ഥാപനം നടത്തുന്ന അജി കടയടച്ചു വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. അജിയുടെ സംസ്‌കാരം നാളെ വൈകീട്ട് മൂന്നിന് നടക്കും. ഭാര്യ: സുധ. മക്കള്‍: നീതു, നന്ദു.




