Connect with us

National

ഹാന്റ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലില്‍ രണ്ട് ഇന്ത്യക്കാരും

ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോര്‍ട്ട് തേടി

Published

|

Last Updated

ന്യൂഡല്‍ഹി |  ഹാന്റ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലില്‍ രണ്ട് ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാന്റ്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ സമയം മറ്റ് ക്രൂ അംഗങ്ങളുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല

കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോര്‍ട്ട് തേടി. മെയ് 11 ന് കപ്പല്‍ സ്‌പെയിനിലെ കാനറി ഐലന്‍ഡിലെത്തുമ്പോള്‍ എല്ലാ യാത്രക്കാരെയും പുറത്തെത്തിക്കും. 23 രാജ്യങ്ങളില്‍ നിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്

ഹാന്റ്റാ വൈറസിന്റെ ആന്‍ഡീസ് സ്ട്രെയിന്‍ ആണ് കപ്പലില്‍ സ്ഥിരീകരിച്ചത്. എലികളുടെ ഉണങ്ങിയ കാഷ്ഠത്തില്‍ നിന്നും മൂത്രത്തില്‍ നിന്നുമുള്ള പൊടി വായുവിലൂടെ എത്തിയാണ് മനുഷ്യരിലേക്ക് ഹാന്റ്റാ വൈറസ് പകരുന്നത്. വൈറസ് ശരീരത്തില്‍ എത്തിയാല്‍ ഒന്നു മുതല്‍ എട്ടാഴ്ചയ്ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. രോഗബാധിതനുമായി അടുത്ത ബന്ധം പുലര്‍ത്തിയാല്‍ മാത്രമേ രോഗം മറ്റൊരാളിലേക്ക് പകരുകയുള്ളു. അര്‍ജന്റീനയില്‍ നിന്നും ഏപ്രില്‍ ഒന്നിനാണ് കപ്പല്‍ പുറപ്പെട്ടത്.

ഏപ്രില്‍ 11ന് ഡച്ചുകാരനായ ഒരു യാത്രികന്‍ കപ്പലില്‍ മരിച്ചെങ്കിലും മരണകാരണം കണ്ടെത്താനായില്ല.പിന്നീട് ഏപ്രില്‍ 24ന് മൃതദേഹം സെന്റ് ഹെലനയില്‍ ഇറക്കിയശേഷം ഡച്ചുകാരന്റെ ഭാര്യയും വൈറസ് ബാധയാല്‍ മരിച്ചു. ഏപ്രില്‍ 27ന് അസുഖബാധിതനായ മറ്റൊരു യാത്രികനെ ദക്ഷിണാഫ്രിക്കയില്‍ ഇറക്കിയിരുന്നു. ഇയാളിലാണ് ആദ്യമായി ഹാന്റ്റാ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മെയ് 2ന് കപ്പലില്‍ മറ്റൊരു യാത്രികന്‍ കൂടി മരിച്ചു. രോഗബാധിതരായ മറ്റ് മൂന്നു പേരെ എയര്‍ ആംബുലന്‍സില്‍ കപ്പലിനു പുറത്തെത്തിച്ചിട്ടുണ്ട്. സ്പെയിനിലെ കാനറി ഐലണ്ടില്‍ മെയ് 11ന് കപ്പല്‍ അടുക്കുമ്പോള്‍ എല്ലാ യാത്രികരെയും പുറത്തെത്തിക്കും.

 

Latest