Saudi Arabia
കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ രണ്ട് ഹാര്‍ട്ട് പമ്പ് ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ വിജയകരം
ഹൃദയത്തിന്റെ പമ്പിങ് ശേഷി നിലനിര്‍ത്തുന്ന ഇടത് വെന്‍ട്രിക്കുലാര്‍ അസിസ്റ്റ് പമ്പുകള്‍ സ്ഥാപിച്ചാണ് നൂതന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

മക്ക | ഹെല്‍ത്ത് ക്ലസ്റ്ററിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ഹൃദയസ്തംഭനം അനുഭവപ്പെട്ട രണ്ട് സ്വദേശികള്‍ക്കുള്ള ഹാര്‍ട്ട് പമ്പ് ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഹൃദയത്തിന്റെ പമ്പിങ് ശേഷി നിലനിര്‍ത്തുന്ന ഇടത് വെന്‍ട്രിക്കുലാര്‍ അസിസ്റ്റ് പമ്പുകള്‍ സ്ഥാപിച്ചാണ് നൂതന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹൃദയസ്തംഭനത്തിന് ആഗോളതലത്തിലെ ഏറ്റവും നൂതനമായ ചികിത്സാ രീതികളില്‍ ഒന്നാണിത്. ഹൃദയം മാറ്റിവയ്ക്കലിന് ഒരു ഉത്തമ ബദലാണ് ഈ ശസ്ത്രക്രിയയെന്നും മക്ക ഹെല്‍ത്ത് ക്ലസ്റ്റര്‍ വിശദീകരിച്ചു.
2016 ലാണ് ഇത്തരം ശസ്ത്രക്രിയ ആരംഭിച്ചത്. കൃത്രിമ ഹൃദയ പമ്പ് ഇംപ്ലാന്റേഷന്‍ പ്രോഗ്രാം, നവീകരണം, സുസ്ഥിരത, മികച്ച ചികിത്സാ ഫലങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കൃത്യമായ സേവനങ്ങള്‍ നല്‍കുന്നതില്‍ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. ഹൃദയ ശസ്ത്രക്രിയ, അഡ്വാന്‍സ്ഡ് ഹാര്‍ട്ട് ഫെയിലര്‍ എന്നിവയില്‍ കണ്‍സള്‍ട്ടന്റും ഹാര്‍ട്ട് സെന്റര്‍ ഡയറക്ടറുമായ ഡോ. ഹൈതം അല്‍-സഹ്റാനിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയകള്‍ നടത്തിയത്. അനസ്തേഷ്യോളജിസ്റ്റുകളുടെയും നഴ്‌സിങ് സ്റ്റാഫുകളുടെയും പ്രത്യേക സംഘവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.