Connect with us

Ramzan

ഇരുപത്തിയേഴാം രാവ്: നമുക്ക് ഉറങ്ങാതിരിക്കാം

കൂടുതൽ ഉത്പാദന ശേഷിയുള്ള വിത്തും വിത്തിറക്കാൻ കൂടുതൽ അനുയോജ്യമായ ദിവസവും നാം അവഗണിക്കരുത്. അത്തരമൊരു ദിവസവും സമയവുമാണ് ഇന്നത്തെ രാത്രി; റമസാൻ 27ാം രാവ്.

Published

|

Last Updated

കഠിനമായ വേനലിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ശക്തമായ ചൂട്. പൊടിപറക്കുന്ന കാറ്റ്. പുഴകളും ജലാശയങ്ങളും വരണ്ടുണങ്ങിക്കിടക്കുന്നു. മരങ്ങളും കുറ്റിച്ചെടികളും വാടിത്തളർന്ന് തരിശായി നിൽക്കുകയാണ്. പരിസ്ഥിതിയുടെ പച്ചപ്പൊക്കെ മഞ്ഞളിച്ചു പോയി. കാലികളുടെ മേച്ചിൽ പുറങ്ങളെല്ലാം കരിഞ്ഞുണങ്ങി…

വേനൽ മാറി മഴക്കാലമെത്തിയാലോ. വായു തണുക്കും. മണ്ണുകൾ ഉറച്ച് കിടക്കും. കുളിർക്കാറ്റടിക്കും. കുളങ്ങളും തടാകങ്ങളും നിറഞ്ഞൊഴുകും. കുറ്റിക്കാടുകളും ചെടികളും ആരോഗ്യം വീണ്ടെടുക്കുകയും പരിസ്ഥിതി ഹരിതാഭമായി പുഞ്ചിരി വിടർത്തുകയും ചെയ്യും. പച്ചപരവതാനി കണക്കേ പരന്നുവന്ന പുൽത്തകിടിയിൽ കാലികൾ സന്തോഷത്തോടെ മേഞ്ഞു നടക്കും…

കാലത്തിന്റെ ഈ മാറ്റത്തോടാണ് അല്ലാഹു ഐഹിക ജീവിതത്തെ ഉപമിച്ചിരിക്കുന്നത്. സൂറതു യൂനുസിലെ 24ാം സൂക്തത്തിലൂടെ അല്ലാഹു നമുക്കത് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. “ഐഹിക ജീവിതത്തിന്റെ ഉപമ:- ആകാശത്തുനിന്ന് നാം വെള്ളം ഇറക്കി. അതുവഴി മനുഷ്യർക്കും കാലികൾക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങൾ ഇടകലർന്ന് വളർന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരം അണിയുകയും അത് ഭംഗിയാർന്നതായിത്തീരുകയും ചെയ്തു. അതൊക്കെ നേടാൻ കഴിഞ്ഞെന്ന് അതിന്റെ ആളുകൾക്ക് ബോധ്യം വന്നപ്പോൾ രാത്രിയിലോ പകലിലോ നമ്മുടെ കൽപ്പനയെത്തിച്ചേരുന്നു. അതോടെ ഇന്നലെവരെ ഭൂമിയിൽ അതൊന്നും ഉണ്ടായിരുന്നില്ലെന്ന് തോന്നിപ്പിക്കും വിധം കൊയ്‌തെടുത്തപോലെ നാം അതിനെ ഉൻമൂലനം ചെയ്യുന്നു. ചിന്തിക്കുന്നവർക്ക് ഇപ്രകാരം നാം ദൃഷ്ടാന്തങ്ങൾ വിശദീകരിച്ച് കൊടുക്കുന്നതാണ്.’
വർഷക്കാലത്ത് മുളച്ചു പൊങ്ങുന്ന സസ്യലതാദികൾ വേനലിൽ കരിഞ്ഞുണങ്ങും പോലെ സജീവമായി നിൽക്കുന്ന നമ്മുടെ ഐഹിക ജീവിതം നിർജീവമായിത്തീരും. ആ ചുരുങ്ങിയ കാലത്തിനിടക്ക് ശൈശവവും ബാല്യവും കൗമാരവും കഴിഞ്ഞ് കടക്കും. യുവാക്കൾ മധ്യവയസ്‌കരാകും, അവർ വൃദ്ധ ദശയും പിന്നിട്ട് കാലത്തിന്റെ പടികടന്ന് പോകും. ഈ ഹ്രസ്വ കാലഘട്ടത്തിനിടയിൽ സുകൃതങ്ങളുടെ വിത്തെറിഞ്ഞവർക്ക് മാത്രമേ പരത്രിക ലോകത്ത് അതിന്റെ വിളവെടുക്കാൻ സാധിക്കുകയുള്ളൂ.

കൂടുതൽ ഉത്പാദന ശേഷിയുള്ള വിത്തും വിത്തിറക്കാൻ കൂടുതൽ അനുയോജ്യമായ ദിവസവും നാം അവഗണിക്കരുത്. അത്തരമൊരു ദിവസവും സമയവുമാണ് ഇന്നത്തെ രാത്രി; റമസാൻ 27ാം രാവ്. റമസാനിലെ വിശുദ്ധ രാത്രിയാണല്ലോ ഖദറിന്റെ രാത്രി. അത് അവസാനത്തെ പത്ത് ദിവസത്തിലാകാൻ സാധ്യതയുണ്ടെന്നും. അതിലെ ഒറ്റയായ രാത്രികളിലാണ് സാധ്യതയെന്നും പറഞ്ഞ കൂട്ടത്തിൽ പ്രതീക്ഷിക്കാവുന്നതിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന രാത്രിയായി 27ന്റെ രാത്രിയെ പണ്ഡിതർ പരിചയപ്പെടുത്തിയിട്ടുണ്ട്. പകലിൽ നോന്പനുഷ്ഠിച്ച ക്ഷീണവും ഉറക്കത്തിന്റെ ആലസ്യവും പലപ്പോഴും നമ്മെ അലട്ടാറുണ്ട്. ക്ഷീണം മാറാൻ ശാന്തമായിരുന്ന് വിശ്രമിക്കുകയും ഉറക്കച്ചടവ് തീർക്കാൻ ഉറങ്ങുകയും ചെയ്യും. എന്നാൽ പവിത്രത കൽപ്പിക്കേണ്ട രാത്രിയിൽ ക്ഷീണവും തളർച്ചയും വകവെക്കാതെ ആരാധനകളിൽ മുഴുകണം. അത്യാവശ്യ കാര്യങ്ങക്കല്ലാത്ത മുഴുവൻ സമയങ്ങളും സത്കർമങ്ങൾക്കായി മാറ്റിവെക്കണം. സ്രഷ്ടാവ് വർധിച്ച പ്രതിഫലം വാഗ്‌ദാനം ചെയ്ത ദിവസങ്ങളിൽ അത് ലഭിക്കാനായി കഠിനമായി യത്‌നിക്കുന്ന സൃഷ്ടികളാണ് നമ്മളെന്ന് അവനെ ബോധ്യപ്പെടുത്തണം. കൂടുതൽ പരിഗണന നൽകേണ്ട സമയങ്ങളെ ഗൗനിക്കാതിരിക്കുന്നത് പാരത്രിക മോക്ഷം ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് യോജിച്ചതല്ല.

Latest