Connect with us

Kerala

അടിസ്ഥാനരഹിതമായ കഥകള്‍ ചമച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ദിലീപിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ജാമ്യം ലഭിച്ചാല്‍ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Published

|

Last Updated

ന്യൂഡല്‍ഹി |  നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അടിസ്ഥാന രഹിതമായ കഥകള്‍ മെനഞ്ഞ് കേസ് അട്ടിമറിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണ കോടതിയില്‍ പ്രോസിക്യുഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും സത്യവാങ്മൂലത്തിലുണ്ട്

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു എന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വിചാരണ സമയത്ത് മിക്ക പ്രതികളും സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാല്‍ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകന്‍ വിസ്തരിച്ചതായി കേരളം ചൂണ്ടിക്കാട്ടി. കേസിലെ അതിജീവിതയെ ഏഴ് ദിവസമാണ് ദിലീപിന്റെ അഭിഭാഷകര്‍ വിസ്തരിച്ചതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധനായ ഡോ. സുനില്‍ എസ് പിയെ 21 ദിവസവും സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധ ദീപ എ എസിനെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകര്‍ വിസ്തരിച്ചു

വിചാരണ അട്ടിമറിക്കുന്നതിനായി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പള്‍സര്‍ സുനി അതിജീവിതയുടെ സ്വകാര്യതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. ജാമ്യത്തിലിറങ്ങിയാല്‍ പള്‍സര്‍ സുനി സംസ്ഥാനത്തു നിന്നും മുങ്ങാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളണമെന്നും കേരളം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം, പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.

 

---- facebook comment plugin here -----

Latest