തെളിയോളം
പടരുന്ന ഒരു പദസ്പർശമാകാൻ നോക്കൂ
ഇന്ന് നിങ്ങൾ സഹായിക്കുന്ന വ്യക്തി പത്ത് പേരെ കൂടി സഹായിച്ചേക്കാം. അവർക്ക് നൂറ് ജീവിതങ്ങളെ സ്പർശിക്കാനും കഴിയും."ഈ ലോകത്തെ മാറ്റാൻ എനിക്ക് എന്തു ചെയ്യാൻ കഴിയും?' എന്ന വലിയ ചോദ്യത്തിന്റെ ഏറ്റവും ലളിതമായ ഉത്തരം ഇതാണ് - ഒരു നല്ല പ്രവൃത്തിയിൽ നിന്ന് ആരംഭിക്കുക, സ്നേഹത്തിന്റെ ഒരു വിത്ത് നടുക. സൂര്യപ്രകാശവും ചെറു കാറ്റും പോലെ നന്മ വികസിപ്പിക്കുന്നതിനുള്ള ഒരു ഉൾത്തുടിപ്പ് ഈ പ്രപഞ്ചത്തിനുണ്ട്.

നിശ്ചലമായ ജലാശയത്തിലേക്ക് നിങ്ങൾ ഒരു ചെറിയ കല്ലെടുത്തിട്ടു നോക്കിയിട്ടുണ്ടോ? കല്ല് വീണിടത്ത് നിന്ന് തുടങ്ങി കുഞ്ഞുതിരമാലകളായി ഓളങ്ങൾ നീണ്ടുപോയി കൂടുതൽ കൂടുതൽ വിശാലമായി പടർന്നു പരന്നങ്ങനെ അത് വികസിക്കുന്നത് കാണാം. ഒരു തുള്ളി അതിന്റെ കേന്ദ്രത്തിനപ്പുറത്തേക്ക് വളരെ ദൂരം ചലനമുണ്ടാക്കുന്നതു പോലെയാണ് ഒരു നല്ല പ്രവൃത്തിയും. ഒരാളിൽ നിന്ന് തുടക്കം കുറിക്കുന്ന ഒരു കാരുണ്യസ്പർശത്തിന് ഒട്ടേറെ പേരെ സ്വാധീനിക്കുവാനും ഊഷ്മളതയുടെയും പ്രതീക്ഷയുടെയും പരിവർത്തനത്തിന്റെയും അടയാളങ്ങൾ അവശേഷിപ്പിക്കുവാനുമുള്ള ശേഷിയുണ്ട്.
നിങ്ങൾ ഒരു മോശം ദിവസത്തെ അഭിമുഖീകരിച്ചപ്പോൾ ആരെങ്കിലും നിങ്ങളെ നോക്കി പുഞ്ചിരിച്ച സമയത്തെക്കുറിച്ച് ചിന്തിക്കുക, അല്ലെങ്കിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് ഒരു അപരിചിതൻ സഹായം വാഗ്ദാനം ചെയ്ത സമയത്തെക്കുറിച്ച് ചിന്തിക്കുക. ആ നിമിഷം നിങ്ങളുടെ ആത്മാവിനെ അത് എത്രമാത്രം ഉത്തേജിപ്പിക്കുകയും ഉർവരമാക്കുകയും ചെയ്തുവെന്ന് ഓർത്തുനോക്കുക.
ഒരു കാരുണ്യ പ്രവൃത്തിക്ക് സാക്ഷ്യം വഹിക്കുന്നത് നമ്മുടെ സ്വന്തം ദയക്കുള്ള പ്രചോദനം വർധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. “ധാർമിക ഉണർച്ച’ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം ഒരർഥത്തിൽ ഒരു പകർച്ചവ്യാധി പോലെയാണ്. നമ്മൾ അശക്തരാണ് എന്ന് തോന്നുന്ന ഒരു സന്ദർഭത്തിൽ നമ്മുടെ ഒരു ചെറുസദ്പ്രവൃത്തിക്ക് പോലും വളരെ ആഴത്തിലുള്ള തരംഗപ്രഭാവം സൃഷ്ടിക്കാനാകും. ഒരു ദയയുള്ള വാക്ക്, ഒരു സഹായഹസ്തം, അല്ലെങ്കിൽ സഹാനുഭൂതിയോടെ മറ്റൊരാളെ കേൾക്കുന്നത് പോലും നമ്മിൽ ശക്തിയുടെ അലയൊലികൾക്ക് കാരണമാകും. നമ്മൾ നമുക്ക് വേണ്ടി ചെയ്യുന്നതെല്ലാം നമ്മോടൊപ്പം മരിക്കുന്നു. മറ്റുള്ളവർക്കും ലോകത്തിനും വേണ്ടി ചെയ്യുന്നത് നിലനിൽക്കുകയും അനശ്വരമാവുകയും ചെയ്യുന്നു എന്ന് ആൽബർട്ട് പൈക്ക്.
പിയറോ ഫെറൂച്ചിയുടെ “ദ പവർ ഓഫ് കെന്റ്്നെസ്സ്’ എന്ന പുസ്തകത്തിൽ, ഒരു അപരിചിതൻ നോക്കി പുഞ്ചിരിച്ചുകൊണ്ട് “ഗുഡ് മോണിംഗ്’ ആശംസിച്ച ഒറ്റക്കാരണം കൊണ്ട് മാത്രം ആത്മഹത്യയിൽ നിന്ന് പിന്തിരിയാൻ തീരുമാനിച്ച ഒരു മനുഷ്യന്റെ കഥയുണ്ട്. മനുഷ്യബന്ധത്തിന്റെ ആ ചെറിയ നിമിഷം അയാൾക്ക് പിടിച്ചുനിൽക്കാൻ ആവശ്യമായ പ്രതീക്ഷ നൽകി. ഒരു ദയയുള്ള വാക്കോ ആംഗ്യമോ മാത്രം ആവശ്യമുള്ള ഒട്ടേറെ പേർ നമുക്കു ചുറ്റുമുണ്ട് എന്നറിയാതെ നമ്മൾ എത്ര തവണ മറ്റുള്ളവരെ കടന്നുപോകുന്നു? ചിലപ്പോൾ നിങ്ങൾ സുഹൃത്തിന് അയച്ച ഒരു അഭിനന്ദന കുറിപ്പ്, അയൽക്കാരന് നൽകിയ ഒരു ചൂടുള്ള ഒരു സ്പെഷ്യൽ ഭക്ഷണം, ആത്മാർഥമായ ക്ഷമാപണം, സഹപ്രവർത്തകന് നൽകിയ ഒരു ആത്മാർഥ സഹായം, അമ്മയുടെ കൈപിടിച്ച് പാർക്കിലൂടെയുള്ള ഒരു നടത്തം… ഇതൊക്കെ നമ്മിൽ നിന്ന് കിട്ടിയ ആളുടെ ജീവിതത്തിലും അതിനപ്പുറവും അലയടിച്ചേക്കാം. നല്ല പ്രവൃത്തികളുടെ മനോഹാരിത അത് പെരുകുന്നു എന്നത് തന്നെയാണ്.
ഇന്ന് നിങ്ങൾ സഹായിക്കുന്ന വ്യക്തി പത്ത് പേരെ കൂടി സഹായിച്ചേക്കാം. അവർക്ക് നൂറ് ജീവിതങ്ങളെ സ്പർശിക്കാനും കഴിയും. “ഈ ലോകത്തെ മാറ്റാൻ എനിക്ക് എന്തുചെയ്യാൻ കഴിയും?’ എന്ന വലിയ ചോദ്യത്തിന്റെ ഏറ്റവും ലളിതമായ ഉത്തരം ഇതാണ് – ഒരു നല്ല പ്രവൃത്തിയിൽ നിന്ന് ആരംഭിക്കുക, സ്നേഹത്തിന്റെ ഒരു വിത്ത് നടുക. സൂര്യപ്രകാശവും ചെറു കാറ്റും പോലെ നന്മ വികസിപ്പിക്കുന്നതിനുള്ള ഒരു ഉൾത്തുടിപ്പ് ഈ പ്രപഞ്ചത്തിനുണ്ട്.