Editorial
ഐ ടി മേഖലയില്‍ ആശങ്ക പരത്തി ട്രംപ്
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ് യു എസ് ടെക് വ്യവസായത്തില്‍ "മണ്ണിന്റെ മക്കളെ' മാത്രം പരിഗണിക്കണമെന്ന വാദം. ഇന്ത്യന്‍ ഐ ടി വിദഗ്ധരെ വന്‍തോതില്‍ നിയമിക്കുന്ന ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാര്‍ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

അമേരിക്കന്‍ ടെക് ഭീമന്മാരെ ആശങ്കയിലാക്കുന്നതാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കന്‍ ടെക് കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതും ഇന്ത്യക്കാരെ ജോലിക്ക് നിയമിക്കുന്നതും അവസാനിപ്പിക്കണം. എന്റെ ഭരണകാലത്ത് അത് അനുവദിക്കില്ലെന്നാണ് വാഷിംഗ്ടണില്‍ നടന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉച്ചകോടിയില്‍ ട്രംപിന്റെ പ്രഖ്യാപനം. അമേരിക്ക നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് ലാഭം നേടുകയും രാജ്യത്തിനു പുറത്ത് നിക്ഷേപം നടത്തുകയും ചെയ്യുന്ന ടെക് കമ്പനികള്‍ അമേരിക്കക്കാരെ പരിഗണിക്കാതെ മറ്റു രാജ്യക്കാര്‍ക്ക് ജോലി നല്‍കുന്നത് രാജ്യത്തോട് ചെയ്യുന്ന വഞ്ചനയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ചെലവ് കുറക്കുക, മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുക, പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുക, വിപണി വിപുലീകരണം തുടങ്ങിയ സൗകര്യങ്ങള്‍ ലക്ഷ്യമാക്കി പല അമേരിക്കന്‍ കമ്പനികളും അവരുടെ ഉത്പാദന യൂനിറ്റുകള്‍ ഭാഗികമായോ സമ്പൂര്‍ണമായോ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുകയും (ഓഫ്‌ഷോറിംഗ്) കമ്പനികളില്‍ അവികസിത രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ നിയമിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കയുടെ 2024ലെ വാര്‍ഷിക റിപോര്‍ട്ട് പ്രകാരം ഗൂഗിളില്‍ ജോലി ചെയ്യുന്നവരില്‍ 42.9 ശതമാനവും ഏഷ്യന്‍ വംശജരാണ്. അമേരിക്കന്‍ വംശജര്‍ 1.6 ശതമാനം മാത്രം. അമേരിക്കന്‍ കമ്പനിയായ ആപ്പിളിന്റെ ഉത്പാദന യൂനിറ്റുകള്‍, വിതരണ ശൃംഖല തുടങ്ങിയവ ഉള്‍പ്പെടെ 80 ശതമാനത്തിലധികം ചൈനയിലാണ്. അമേരിക്കയിലെ രണ്ടായിരത്തോളം കമ്പനികള്‍ ചൈനയുമായി ഏതെങ്കിലും വിധേന ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.
അമേരിക്കയിലെയും ബ്രിട്ടനിലെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും വന്‍കിട കമ്പനികള്‍ അവരുടെ കോള്‍സെന്റര്‍ പ്രവര്‍ത്തനങ്ങള്‍, ഐ ടി സര്‍വീസ് ഡസ്‌ക്, ഐ ടി ഹെല്‍പ് ഡസ്‌ക്, മറ്റു ബിസിനസ്സ് പ്രക്രിയകള്‍ തുടങ്ങിയവ ഇന്ത്യയിലേക്ക് മാറ്റുന്നത് സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ഭൂരിപക്ഷം കമ്പനികളും ഓഫ്‌ഷോറിംഗില്‍ ഇന്ത്യക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ ലാഭം നേടുക എന്ന ലക്ഷ്യത്തോടെയാണ് ടെക് ഭീമന്മാര്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നതും അവികസിത രാജ്യങ്ങളില്‍ ഉത്പാദന യൂനിറ്റുകള്‍ സ്ഥാപിക്കുന്നതും. അമേരിക്കയെ അപേക്ഷിച്ച് ജീവനക്കാരുടെ വേതനവും ഉത്പാദനച്ചെലവും കുറവാണ് അവികസിത രാഷ്ട്രങ്ങളില്‍.
അമേരിക്കയുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ബിരുദധാരികളുടെ വേതനം വളരെ കുറവാണ്. അമേരിക്കയില്‍ ഒരു സോഫ്റ്റ്‌വെയര്‍ ഡെവലപ്പറുടെ ശരാശരി വാര്‍ഷിക ശമ്പളം ഏകദേശം 120,000-140,000 ഡോളര്‍ വരും (1.2-1.4 കോടി രൂപ). സാന്‍ഫ്രാസിസ്‌കോ, സിയാറ്റിന്‍ പോലുള്ള യു എസ് നഗരങ്ങളില്‍ ഇതിനേക്കാള്‍ കൂടുതല്‍ വരും. അതേസമയം അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ ശരാശരി പ്രതിവര്‍ഷ ശമ്പളം 75,000 ഡോളറാണ് (ഏകദേശം 65 ലക്ഷം രൂപ). ഇന്ത്യയില്‍ അവര്‍ക്ക് ലഭിക്കുന്നത് ഇതിലും കുറഞ്ഞ വേതനമാണ്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ് യു എസ് ടെക് വ്യവസായത്തില്‍ “മണ്ണിന്റെ മക്കളെ’ മാത്രം പരിഗണിക്കണമെന്ന വാദം. ഇന്ത്യന്‍ ഐ ടി വിദഗ്ധരെ വന്‍തോതില്‍ നിയമിക്കുന്ന ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാര്‍ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കന്‍ ടെക് വ്യവസായത്തെ ഇത് തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ടെക് മേഖലയില്‍ വന്‍മുന്നേറ്റം നടത്തുന്ന അമേരിക്കക്ക് ഈ മേഖലയില്‍ ആവശ്യമായ വിദഗ്ധരെ സൃഷ്ടിക്കാനാകുന്നില്ല. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ നിന്നാണ് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ ഐ ടി കമ്പനികള്‍ ഈ വിടവ് നികത്തുന്നത്.
ഇന്റഗ്രേറ്റഡ് പോസ്റ്റ്‌സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡാറ്റ അനുസരിച്ച്, 1,50,000 എന്‍ജിനീയര്‍ ബിരുദധാരികളും 50,000 ബിരുദാനന്തര ബിരുദധാരികളുമാണ് അമേരിക്കന്‍ കോളജുകളില്‍ നിന്ന് പ്രതിവര്‍ഷം പുറത്തിറങ്ങുന്നത്. 12,000 പേര്‍ക്ക് ഡോക്ടറേറ്റ് ബിരുദവും ലഭിക്കുന്നു. ഇതൊരു വലിയ സംഖ്യയായി തോന്നാമെങ്കിലും യു എസ് സാങ്കേതിക തൊഴില്‍ മേഖലയുടെ വളര്‍ച്ചയും ജീവനക്കാരുടെ ആവശ്യകതയും കണക്കിലെടുക്കുമ്പോള്‍ അപര്യാപ്തമാണ്. യു എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ വിലയിരുത്തല്‍ അനുസരിച്ച് 2032 വരെ സ്റ്റെം ജോലികളില്‍ (ശാസ്ത്ര, സാങ്കേതിക, എന്‍ജിനീയറിംഗ്) പ്രത്യേകിച്ച് സോഫ്റ്റ്‌വെയര്‍ വികസനം പോലുള്ള മേഖലകളില്‍ രാജ്യം 11 ശതമാനം വളര്‍ച്ച കൈവരിക്കും. പ്രതിവര്‍ഷം രണ്ട് ശതമാനത്തോളം വളര്‍ച്ച. ഇത് നികത്താന്‍ മറ്റു രാജ്യങ്ങളിലെ വിദഗ്ധരെ ആശ്രയിക്കുകയല്ലാതെ നിര്‍വാഹമില്ല. മാത്രമല്ല, അമേരിക്കന്‍ വിദഗ്ധരെ അപേക്ഷിച്ച് മികച്ച രീതിയില്‍ ജോലി ചെയ്യാനും കഠിനാധ്വാനം ചെയ്യാനും സന്നദ്ധരാണ് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈയൊരു സാഹചര്യത്തില്‍ ട്രംപിന്റെ നിര്‍ദേശത്തോട് ടെക് കമ്പനികളുടെ പ്രതികരണം എന്തായിരിക്കും? ട്രംപിന്റെ നിര്‍ദേശം പാലിച്ചാല്‍ ഉത്പാദനച്ചെലവും ഉത്പന്നങ്ങളുടെ വിലയും കുത്തനെ വര്‍ധിക്കും. ഈ അവസരം മറ്റു രാഷ്ട്രങ്ങള്‍ വിശിഷ്യാ ചൈന ഉപയോഗപ്പെടുത്തുകയും അത് അമേരിക്കന്‍ ഐ ടി മേഖലയെ ക്ഷീണിപ്പിക്കുകയും ചെയ്യും. അമേരിക്കന്‍ ടെക് കമ്പനികള്‍ ട്രംപിന്റെ നിര്‍ദേശം അവഗണിക്കാനും ഓഫ്‌ഷോറിംഗും ഇന്ത്യന്‍ വിദഗ്ധരെ നിമയിക്കുന്ന പതിവും തുടരാനുമാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ച് രാജ്യത്തെ കമ്പനികളുടെ മേല്‍ തന്റെ പുതിയ നയം അടിച്ചേല്‍പ്പിക്കാന്‍ ട്രംപിനു സാധിക്കുമെങ്കിലും അമേരിക്കന്‍ ഐ ടി മേഖലയെ ക്ഷീണിപ്പിക്കുന്ന നിലപാടിലേക്ക് അദ്ദേഹം എടുത്തുചാടാന്‍ സാധ്യത കാണുന്നില്ല.