Kerala
ട്രോളിംഗ് നിരോധം പ്രാബല്യത്തിൽ; ലംഘിച്ചാൽ കടുത്ത നടപടി
ഇതര സംസ്ഥാന ബോട്ടുകൾക്ക് കേരള തീരത്ത് വിലക്ക്
തിരുവനന്തപുരം | സംസ്ഥാനത്ത് മൺസൂൺകാല ട്രോളിംഗ് നിരോധം ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. അടുത്ത മാസം 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ നിരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കുക വഴി കടലിലെ മ ത്സ്യസമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വർഷം തോറും ട്രോളിംഗ് നിരോധമേർപ്പെടുത്തുന്നത്. നിരോധന കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കുന്നതിന് പൂർണ വിലക്കുണ്ടാകും. കൂടാതെ, രണ്ട് വള്ളങ്ങൾ ഒന്നിച്ച് ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗും കർശനമായി നിരോധിച്ചിട്ടുണ്ട്.
നിരോധം നിലവിൽ വരുന്നതോടെ തീരപ്രദേശങ്ങളിലെയും ഹാർബറുകളിലെയും ഡീസൽ ബങ്കുകളുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കും. കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന ബോട്ടുകൾക്ക് കേരള തീരത്ത് കടുത്ത വിലക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരോധന കാലയളവിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇൻബോർഡ് വള്ളങ്ങളും ചെറുവള്ളങ്ങളും ഉപയോഗിച്ച് ഇവർക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെ പോയി പരമ്പരാഗത വള്ളങ്ങൾക്ക് മീൻ പിടിക്കാനുള്ള അനുമതിയുണ്ടാകും. ട്രോളിംഗ് നിരോധം ലംഘിച്ച് കടലിൽ പോകുന്ന ബോട്ടുകൾക്കെതിരെയും നിയമം ലംഘിക്കുന്നവർക്കെതിരെയും കോസ്റ്റ് ഗാർഡിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കും. നിയമം ഘംഘിച്ച് മീൻ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്. നിരോധം ലംഘിക്കുന്നവർ കർശന നിയമനടപടി നേരിടേണ്ടി വരും. പിഴയോ ജയിൽ ശിക്ഷയോ അല്ലെങ്കിൽ ഇവ രണ്ടും കൂ ടിയോ ലഭിക്കാമെന്നും അധികൃതർ വ്യക്തമാക്കി.







