Connect with us

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവം: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ശാസിച്ച് കമ്മീഷണര്‍

ലാത്തിച്ചാര്‍ജ് നടത്താതിരുന്നതിന് എന്താണ് കാരണമെന്ന് കമ്മീഷണര്‍. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിച്ചില്ലെന്ന് പോലീസുകാരുടെ മറുപടി.

Published

|

Last Updated

തിരുവനന്തപുരം | ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമണത്തിന് ഇരയായപ്പോള്‍ തടയാതിരുന്നതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍. ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ശാസിച്ചത്. വാഹനങ്ങള്‍ക്ക് നേരെ മുട്ടയേറുണ്ടായപ്പോഴും എന്തുകൊണ്ട് തടഞ്ഞില്ലെന്നും ലാത്തിച്ചാര്‍ജ് നടത്താതിരുന്നതിന് എന്താണ് കാരണമെന്നും കമ്മീഷണര്‍ ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു കമ്മീഷണറുടെ വിമര്‍ശനം. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിച്ചില്ലെന്നാണ് കമ്മീഷണറുടെ ചോദ്യത്തിന് പോലീസുകാര്‍ നല്‍കിയ മറുപടി.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം തടയുന്നതില്‍ പേലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

അതിനിടെ, കേസിലെ അന്വേഷണ ചുമതലകളില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം എസ് എച്ച് ഒ. ആര്‍ പ്രശാന്ത് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. തുടരന്വേഷണ ചുമതല മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. തനിക്കെതിരെ നടന്നുവരുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും എസ് എച്ച് ഒ പറയുന്നു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ താന്‍ നടത്തിയത് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണമാണ്. അതില്‍ ഒരുതരത്തിലുള്ള പാളിച്ചയും വിട്ടുവീഴ്ചയുമുണ്ടായിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. മാതാപിതാക്കളുടെ അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് പ്രശാന്ത് അന്വേഷണ ചുമതലകളില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, തത്ക്കാലം ചുമതലകളില്‍ തുടരാനാണ് സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

 

Latest