Connect with us

Kerala

മൃതദേഹം കീറി മുറിക്കേണ്ട; വരുന്നു, വിർച്വൽ ഓട്ടോപ്‌സി

60 ശതമാനം കേസുകളിലെങ്കിലും ഇത്തരം പരിശോധനകൾ കൊണ്ടുതന്നെ മരണകാരണത്തെപ്പറ്റി അപഗ്രഥിക്കാൻ കഴിയുമെന്ന് തൃശൂർ മെഡി.കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ഉൻമേഷ് പറഞ്ഞു

Published

|

Last Updated

കോഴിക്കോട് | മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം ചെയ്യാവുന്ന വിർച്വൽ ഓട്ടോപ്‌സി സംവിധാനത്തെക്കുറിച്ചുള്ള ചർച്ച സജീവമാകുന്നു. ഈ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്നലെ കോഴിക്കോട്ട് പ്രസ്താവിച്ചതോടെ പ്രതീക്ഷ വർധിക്കുകയാണ്. രാജ്യത്ത് ഡൽഹി എയിംസ്, നാഗ്ലൂർ എയിംസ്, ഷില്ലോംഗിലെ നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ മാത്രമാണ് നിലവിൽ വിർച്വൽ ഓട്ടോപ്‌സി നടപ്പാക്കിയത്.
മൃതദേഹം ഡിജിറ്റൽ സാങ്കേതികവിദ്യ വഴി വിവിധ സ്‌കാനിംഗുകൾക്ക് വിധേയമാക്കുകയും അതനുസരിച്ച് മരണകാരണം സംബന്ധിച്ച പോസ്റ്റ്മോർട്ടം റിപോർട്ട് തയ്യാറാക്കുന്നതുമാണ് വിർച്വൽ ഓട്ടോപ്‌സി. ശരീരത്തെ വിവിധ കോണുകളായി തിരിച്ചുള്ള ഫോട്ടോഗ്രഫി, ആന്തരികഘടനയുടെ വിശദമായ സ്‌കാനിംഗ് എന്നിവ ഇതിൽ ഉൾപ്പെടും.

60 ശതമാനം കേസുകളിലെങ്കിലും ഇത്തരം പരിശോധനകൾ കൊണ്ടുതന്നെ മരണകാരണത്തെപ്പറ്റി അപഗ്രഥിക്കാൻ കഴിയുമെന്ന് തൃശൂർ മെഡി.കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ഉൻമേഷ് പറഞ്ഞു. ഇത്തരം പരിശോധനകൾക്കാവശ്യമായ സോഫ്റ്റ്‌വെയറുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനോടൊപ്പം ഫോറൻസിക് വിദഗ്ധർ, ടെക്‌നിക്കൽ സ്റ്റാഫ്, മറ്റു ജീവനക്കാർ എന്നിവർക്കെല്ലാം ആവശ്യമായ പ്രാഥമിക പരിശീലനവും നൽകേണ്ടതുണ്ട്.
മരണാനന്തരം ഒരു മനുഷ്യന്റെ മൃതദേഹത്തോട് നൽകാവുന്ന ആദരവാണ് വിർച്വൽ ഓട്ടോപ്‌സിയുടെ ഗുണമെന്നാണ് ഡോ. ഉൻമേഷിന്റെ അഭിപ്രായം. ഒപ്പം പൊതുസമൂഹത്തിന്റെ മാനുഷികവും മതപരവുമായ വികാരങ്ങൾ മാനിക്കപ്പെടാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിർച്വൽ ഓട്ടോപ്‌സി സംവിധാനത്തിൽ എടുക്കുന്ന ചിത്രങ്ങൾ പല രാജ്യങ്ങളിലെയും കോടതികൾ കൂടുതൽ വിശ്വാസ്യതയോടെ ഉപയോഗിക്കുന്നുണ്ട്. മരണത്തിന്റെ സ്വഭാവം (രീതി), ഏകദേശ മരണസമയം, പരുക്കുകളുടെ വിശകലനം എന്നിവയെല്ലാം ഈ സംവിധാനത്തിലൂടെ ശേഖരിക്കാൻ കഴിയും.

Latest