Connect with us

Kerala

വിചാരണാ തടവും റദ്ദാക്കപ്പെടുന്ന അവകാശങ്ങളും

നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍ സി ആര്‍ ബി)യുടെ കണക്ക് പ്രകാരം ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 77.1 ശതമാനത്തോളം വിചാരണാ തടവുകാരാണ്. അതില്‍ ഭൂരിഭാഗവും വര്‍ഷങ്ങളോളം വിചാരണാ തടവുകാരായി തുടരുന്നവരാണ്. പുതിയ കാലത്ത് ഭരണകൂട വിമര്‍ശകരെ ഒതുക്കാനുള്ള ടൂളായി വിചാരണാ തടവിനെ ദുരുപയോഗം ചെയ്യുന്നുണ്ട്.

Published

|

Last Updated

1996ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ വെച്ച് ഡല്‍ഹി പോലീസ് സംഘം വാഹനത്തിലേക്ക് വലിച്ചു കയറ്റുമ്പോള്‍ മുഹമ്മദലി ഭട്ടിന് പ്രായം വെറും 25 ആയിരുന്നു. കശ്മീര്‍ സ്വദേശിയായ ഭട്ട് നേപ്പാളില്‍ ഷാള്‍ വ്യാപാരിയായി ജോലി ചെയ്തുവരികയായിരുന്നു. അവിടെ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി ലജ്പത് നഗര്‍ സ്ഫോടന കേസില്‍ പ്രതിയാക്കി. പിന്നീട് രാജസ്ഥാനിലേക്കും കൊണ്ടുപോയി സംലേത്തി സ്ഫോടന കേസില്‍ പ്രതിയാക്കി. പിന്നീടങ്ങോട്ട് ഡല്‍ഹിയിലും രാജസ്ഥാനിലുമായി നീണ്ടകാലം തടവറക്കുള്ളില്‍ കഴിയേണ്ടി വന്നു. എന്നാല്‍ 2022 ജൂലൈയില്‍ രാജസ്ഥാന്‍ ഹൈക്കോടതി ഭട്ടിനെ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചു. അപ്പോള്‍ പ്രായം 48. അപ്പോഴേക്കും ഇന്ത്യയിലെ അലസമായ നീതിന്യായ വ്യവസ്ഥ കാരണം 23 വര്‍ഷത്തെ യുവത്വ കാലം ഭട്ടിന് നഷ്ടപ്പെട്ടിരുന്നു. ഭരണകൂട ഭീകരതയുടെ ഇത്തരത്തിലുള്ള ഒരുപാടു കേസുകളിലെ ഒരു ഇര മാത്രമാണ് മുഹമ്മദലി ഭട്ട്.
നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍ സി ആര്‍ ബി)യുടെ കണക്ക് പ്രകാരം ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 77.1 ശതമാനത്തോളം വിചാരണാ തടവുകാരാണ്. അതില്‍ ഭൂരിഭാഗവും വര്‍ഷങ്ങളോളം വിചാരണാ തടവുകാരായി തുടരുന്നവരാണ്. പോലീസ് സംവിധാനത്തിന് കീഴില്‍ കാര്യക്ഷമമായ അന്വേഷണങ്ങള്‍ നടക്കാത്തത് മൂലമാണ് ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നതെന്ന് നീതിന്യായ വ്യവസ്ഥ കുറ്റപ്പെടുത്തുമ്പോള്‍ ഇത്തരം അനാസ്ഥ സൃഷ്ടിക്കുന്നതില്‍ അവരും പിന്നാക്കമല്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തയാളെ കുറ്റക്കാരനായി കാണുന്നതാണ് നമ്മുടെ പൊതുബോധം. കോടതികളില്‍ വരുന്ന കേസുകളില്‍ വിചാരണാ തടവ് അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇത് കാരണമായി തീര്‍ന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് അന്വേഷണവും നടത്തുന്ന രീതിയിലേക്ക് പോലീസ് സംവിധാനം മാറിയിരിക്കുന്നു. ആദ്യം തന്നെ പ്രതിചേര്‍ക്കാതെ അന്വേഷണത്തിലുടനീളം കുറ്റാരോപിതന്റെ സാന്നിധ്യം ഉറപ്പുവരുത്തുകയും എത്രയും വേഗം കേസ് തീര്‍പ്പാക്കാന്‍ അവനെ/അവളെ ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്.
ഒരു കേസില്‍ കുറ്റം ആരോപിക്കപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് ചില നിബന്ധനകളുണ്ട്. സുപ്രീം കോടതിയില്‍ നടന്ന അര്‍ണേഷ് കുമാര്‍ – സ്റ്റേറ്റ് ഓഫ് ബിഹാര്‍ കേസില്‍ കോടതി കൃത്യമായി ഇത് നിരീക്ഷിക്കുന്നുണ്ട്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളില്‍ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള വകുപ്പുണ്ട്. അനാവശ്യ അറസ്റ്റുകള്‍ ഒഴിവാക്കാന്‍ സി ആര്‍ പി സിയിലെ സെക്ഷന്‍ 41ന്റെ പ്രാധാന്യവും ഈ വിധിയില്‍ ഊന്നിപ്പറയുന്നു. ചെറിയ കേസുകളില്‍ പോലും പോലീസ് അറസ്റ്റ് ചെയ്യുന്നത് ഇന്ന് പതിവാകുന്നു. അത് വലിയ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ വാര്‍ത്തയാകുന്ന പ്രവണതയും ഇന്ന് കൂടുതലായി കണ്ടുവരുന്നു. മാധ്യമങ്ങളാണ് പ്രധാനമായും അതിന് കൂട്ടുനില്‍ക്കുന്നത്. പിന്നീട് കോടതി അവരെ നിരപരാധിയെന്ന് കണ്ട് വെറുതെ വിടുമ്പോഴും സമൂഹ മധ്യത്തില്‍ അവര്‍ കുറ്റക്കാരായി തന്നെ മുദ്രകുത്തപ്പെടുന്നു. ഈ കുറഞ്ഞ സമയം കൊണ്ട് പോലീസും മറ്റു സംവിധാനങ്ങളും ചേര്‍ന്ന് ഇല്ലാതാക്കിയത് ഒരു പൗരന്റെ ആത്മാഭിമാനത്തെയാണ്. ഇത്തരത്തിലുള്ള വിചാരണാ തടവുകാര്‍ ഇന്ത്യന്‍ ജയിലുകളില്‍ നിരവധിയാണ്. അവരുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ടത് ഇവിടുത്തെ നീതിന്യായ വ്യവസ്ഥയുടെ ബാധ്യതയാണ്. കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുന്നതിന് മുമ്പ് തന്നെ കുറ്റാരോപിതന്റെ അറസ്റ്റ് സംഭവിക്കുന്നത് എങ്ങനെയെന്ന് കോടതി കൃത്യമായി വിചാരണക്ക് വിധേയമാക്കണം. മാത്രമല്ല പോലീസ് റിമാന്‍ഡ് ഇന്ന് വളരെ നോര്‍മലായി മാറിയിരിക്കുന്നു. ഒരു നിമിഷം പോലും ജയിലില്‍ കിടക്കേണ്ടി വന്നാല്‍ അത് അവരുടെ സാമൂഹിക ജീവിതത്തെ ബാധിക്കുമെന്നത് ഉറപ്പാണ്. കോടതി കുറ്റവിമുക്തരാക്കിയതിനു ശേഷവും അവരെ പ്രതികളായി കാണുന്ന സാമൂഹിക പൊതുബോധം അവരില്‍ ഉണ്ടാക്കുന്ന നിരാശ വളരെ വലുതാണെന്ന് പറയേണ്ടതില്ലല്ലോ.
നീണ്ട വര്‍ഷങ്ങള്‍ കേസിന്റെ വിചാരണകള്‍ നീണ്ടുപോകുന്നത് വലിയൊരു ദുരനുഭവം തന്നെയാണ് അവരില്‍ ഉണ്ടാക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷം മതിയായ തെളിവുകളില്ലാത്തതിനാല്‍ കുറ്റവിമുക്തരാക്കപ്പെട്ട ധാരാളം പേരുണ്ട്. ഇവരുടെയെല്ലാം യുവത്വവും യൗവനവും അകാരണമായി ഇല്ലാതാകുകയാണ് വിചാരണകള്‍ നീണ്ടുപോകുന്നതിലൂടെ നടക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കേസുകളുടെ കാലതാമസം മൂലം പ്രതികള്‍ക്ക് ജാമ്യം നല്‍കപ്പെട്ട വാര്‍ത്ത റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷന്റെ സാക്ഷി വിസ്താരം വൈകുന്നത് കാരണമാണ് ഇത്തരം കേസുകള്‍ പൊതുവെ നീണ്ടുപോകാറുള്ളത്. പല കേസുകളിലും രണ്ട് വര്‍ഷത്തിനിടയില്‍ സാക്ഷിവിസ്താരം നടത്തിയിട്ടുണ്ടാകുക ഒന്നോ രണ്ടോ പേരെ മാത്രമായിരിക്കും. സാക്ഷി വിസ്താരത്തിന്റെ വേഗതയില്ലായ്മ കേസിന്റെ മൊത്തത്തിലുള്ള പുരോഗതിയെയാണ് ബാധിക്കുക. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് മുന്നില്‍ അത്തരം ഉദാഹരണങ്ങള്‍ വളരെ കൂടുതലാണ്.
ഒരാള്‍ക്ക് വിചാരണാ തടവുകാരനായി കഴിയേണ്ടി വരുമ്പോള്‍ ധാരാളം മാനസിക, ശാരീരിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. ചിലര്‍ക്ക് ജാമ്യം ലഭിക്കാത്തത് കൊണ്ടോ അല്ലെങ്കില്‍ കോടതിയില്‍ വാദിക്കാന്‍ വക്കീല്‍ ഇല്ലാത്തതുകൊണ്ടോ അല്ലെങ്കില്‍ അതിനുള്ള സാമ്പത്തിക ചുറ്റുപാടുകള്‍ ഇല്ലാത്ത കാരണങ്ങള്‍ കൊണ്ടോ വിചാരണകള്‍ നീണ്ടുപോകുന്നു. അവര്‍ തടവറക്കുള്ളില്‍ തന്നെ നീതി നിഷേധിക്കപ്പെട്ടവരായി കഴിയേണ്ടി വരുന്നു. എന്നാല്‍ ജാമ്യം കിട്ടിയിട്ടും കെട്ടിവെക്കാന്‍ പറഞ്ഞ തുക സംഘടിപ്പിക്കാന്‍ കഴിയാതെ ഇപ്പോഴും തടവറക്കുള്ളില്‍ കഴിയുന്നവരുമുണ്ട്. ചില സാഹചര്യങ്ങളില്‍ പ്രോസിക്യൂഷന്‍ ഏറ്റെടുക്കാന്‍ അഭിഭാഷകര്‍ വിസമ്മതിക്കുന്നതും വിചാരണാ തടവ് നീണ്ടുപോകുന്നതിന് കാരണമാകാറുണ്ട്.
പുതിയ കാലത്ത് ഭരണകൂട വിമര്‍ശകരെ ഒതുക്കാനുള്ള ടൂളായി വിചാരണാ തടവിനെ ദുരുപയോഗം ചെയ്യുന്നുണ്ട്. ഭരണകൂട വിമര്‍ശകര്‍ക്കെതിരില്‍ കേസുകള്‍ കെട്ടിച്ചമക്കുന്നതും അതിന്റെ വിചാരണകള്‍ വര്‍ഷങ്ങളോളം നീട്ടിവെക്കുന്നതും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ (2017) റിപോര്‍ട്ട് പ്രകാരം, വിചാരണകള്‍ നീണ്ടു പോകുന്നത്, തടവറക്കുള്ളില്‍ കഴിയേണ്ടി വരുന്നവരുടെ സ്വാതന്ത്ര്യത്തിനും ന്യായമായ വിചാരണക്കുമുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിന് കാരണമാകുന്നു. മാത്രമല്ല, അതവരുടെ ജീവിതത്തെയും ഉപജീവന മാര്‍ഗത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ദിവസങ്ങള്‍ക്ക് മുമ്പ് വന്ന ഒരു പഠന റിപോര്‍ട്ട് അനുസരിച്ച് രാജ്യത്തെ മുഴുവന്‍ ജയിലുകളും തടവുകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിചാരണാ തടവുകാരുടെ വിഷയത്തിലുള്ള നടപടികള്‍ വൈകിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഒരുപറ്റം ജനങ്ങളുടെ മൗലികവകാശങ്ങളാണ് റദ്ദ് ചെയ്യപ്പെടുന്നത്.

 

Latest