National
കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നറിയാം; കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വൈകിട്ട്
മുഖ്യമന്ത്രി ആരാകണമെന്ന കാര്യം വോട്ടിനിട്ടാകും തീരുമാനിക്കുക.

ബെംഗളൂരു | കര്‍ണാടകയില്‍ മിന്നും വിജയം നേടിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെ മുഖ്യമന്ത്രി ആരാണെന്ന് സംബന്ധിച്ച കാര്യങ്ങള്‍ ഇന്നറിയാനാകും. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വൈകീട്ട് നടക്കും. സിദ്ധരാമയ്യക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രിപദവും പ്രധാനവകുപ്പുകളും നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അദ്ദേഹത്തിനെതിരായ കേസുകള്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഇന്ന് ബെംഗളുരുവില്‍ നടക്കും. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം വോട്ടിനിട്ടാകും തീരുമാനിക്കുക.ഇന്നലെ വൈകിട്ട് കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെയും ദേശീയനേതാക്കളുടെയും യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയ അഞ്ച് വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. അതേസമയം, സോണിയ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പിന്തുണക്കുന്നത് ശിവകുമാറിനെയാണ്. രാഹുലും ഭൂരിപക്ഷം നിയുക്ത എം എല്‍ എ മാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെയാണ്.