Connect with us

Wayanad Disaster

മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം ഗ്രാമങ്ങളെ ഉരുള്‍പൊട്ടല്‍ തുടച്ചു നീക്കിയിട്ട് ഇന്ന് ഒരു മാസം

പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ദുരന്ത ഭൂമിയായി മാറി

Published

|

Last Updated

കല്‍പ്പറ്റ | രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം ഗ്രാമങ്ങളെ തുടച്ചു നീക്കിയിട്ട് ഇന്ന് ഒരു മാസം. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ദുരന്ത ഭൂമിയായി മാറി. കഴിഞ്ഞ മാസം ഇതേ ദിവസം നടുക്കുന്ന ദുരന്ത വാര്‍ത്ത കേട്ടാണ് കേരളം ഉണര്‍ന്നത്. ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ രണ്ട് ദിവസം കഴിയേണ്ടിവന്നു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 231 പേരുടെ ജീവനാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞത്. 78 പേര്‍ ഇന്നും മണ്‍കൂനക്കുള്ളിലാണ്. 62 കുടുംബങ്ങള്‍ ഒരാള്‍ പോലുമില്ലാതെ പൂര്‍ണമായി ഇല്ലാതായി. 183 വീടുകള്‍ ഇല്ലാതായി 145 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു 71 പേര്‍ക്ക് പരിക്കേറ്റു. കേരളം ഇന്നേ വരേ കണ്ടിട്ടാല്ലാത്ത വിധം കൂട്ട സംസ്‌കാരവും ദുരത്തിനൊടുവില്‍ കാണേണ്ടി വന്നു. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്‍മുമ്പില്‍ നഷ്ടപ്പെട്ടവരുടെ ഭീതിയും വേദനയും ഇതുവരെ അകന്നിട്ടില്ല.

പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങള്‍ എട്ട് കിലോമീറ്ററോളം ദൂരത്തിലാണ് ഉരുള്‍പൊട്ടി ഒഴുകിപ്പോയത്. ഒരു പകലും രാത്രിയും തോരാതെ പെയ്ത മഴയും പിന്നാലെയുണ്ടായ മൂന്ന് ഉരുള്‍പൊട്ടലും സൃഷ്ടിച്ച ദുരന്തത്തിന്റെ ആഴം വ്യക്തമായത് അടുത്ത ദിവസം പുലര്‍ന്നതിനു ശേഷമാണ്. ആദ്യ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ജീവന്‍ കൈയ്യിലെടുത്ത് ഓടിയവരില്‍ പലരും പാതിവഴിയില്‍ ഒഴുകിപ്പോയി. അഭയം തേടിയ വീടുകളും മനുഷ്യരോടൊപ്പം ഉരുളെടുത്തുപോയി. ചിലര്‍ക്കു മാത്രം ആയുസ്സ് നീട്ടിക്കിട്ടി. ചെളിയില്‍ കുതിര്‍ന്ന് ജീവനുവേണ്ടി പിടയുന്ന മനുഷ്യരുടെ കാഴ്ചയായിരുന്നു പുലര്‍ന്നപ്പോള്‍ കണ്ടത്.

നാടിന്റെ നാനാഭാഗത്തുനിന്നും ഓടിയെത്തിയ മനുഷ്യര്‍ ചെളിയിലാണ്ടുപോയ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. ചാലിയാര്‍പ്പുഴയിലൂടെ കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങള്‍ മലപ്പുറം നിലമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്.
ദുരിതക്കയത്തിലായ നാടിനെ ചേര്‍ത്ത് പിടിക്കാന്‍ ജനതയാകെ ഒരുമിച്ചു. സഹായം എല്ലായിടത്ത് നിന്നും എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏകോപനം നടന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ദുരന്തഭൂമിയിലെത്തി. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്ന് വാടക വീടുകളിലേക്കും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളിലേക്കും മാറ്റി. പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് പണിയുമെന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

Latest