Connect with us

Articles

പേരില്‍ തീവ്രവാദിയെ പരതുന്നവരോട്

വിദ്യാര്‍ഥിയുടെ പേരില്‍ ഭീകരവാദിയെ കണ്ടെത്തിയ "മോദിയുഗ'ത്തിലെ അവിവേകിയായ അധ്യാപകനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന അതേദിവസം, കേരളത്തില്‍ ഒരു പാതിരി ഒരു സംസ്ഥാന മന്ത്രിയുടെ പേരില്‍ ഭീകരവാദിയെ കണ്ടെത്തിയതാണ് നമ്മെ ഞെട്ടിച്ചത്.

Published

|

Last Updated

ളരെ ആകസ്മികമാകാം; എങ്കിലും പശ്ചാത്തലത്തിലും ഉള്ളടക്കത്തിലും സമാനതകളേറെയാണ്. രണ്ട് അയല്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപരവത്കരണ ശ്രമത്തിന്റെ മാതൃകകളില്‍ ഒരു കാലഘട്ടത്തിന്റെ ചിന്താപരമായ ആസുരതയും ജീവിതപരിസരത്തിന്റെ കാലുഷ്യവും നിറഞ്ഞുകവിയുന്നത് കാണാം. കര്‍ണാടകയിലെ മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരു മുസ്‌ലിം വിദ്യാര്‍ഥിയെ ക്ലാസ്സില്‍, സഹപാഠികളുടെ മുന്നില്‍ വെച്ച് ഒരു പ്രൊഫസര്‍ ഭീകരവാദി എന്ന് വിളിച്ചു. ‘നീ ഒരു കസബ് ആണല്ലോ’ എന്ന് പരിഹസിച്ചത് മുംബൈ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട പാക് വംശജന്‍ ലശ്കറെ ത്വയ്ബ തീവ്രവാദി അജ്മല്‍ കസബിനെ ഓര്‍മിപ്പിച്ചാണ്. ആ വിദ്യാര്‍ഥിയുടെ പ്രതികരണക്ഷമതയെ തൊട്ടുണര്‍ത്തിയ ഈ അവഹേളനം അധ്യാപകന്റെ ചെയ്തിയെ ചോദ്യം ചെയ്യാന്‍ അവന് പ്രചോദനമായി. അതോടെ, സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ അധ്യാപകന്‍ ക്ഷമാപണം നടത്തിയെങ്കിലും വിദ്യാര്‍ഥി വിട്ടില്ല. നീ എന്റെ മകനെ പോലെയാണ് എന്ന് പലവട്ടം പറഞ്ഞ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി വിട്ടില്ല. താങ്കളുടെ മകനെ താങ്കള്‍ ഭീകരവാദി എന്ന് വിളിക്കുമോ എന്ന് ആവര്‍ത്തിച്ച് ചോദ്യം ചെയ്തു. അധ്യാപകന്റെ പക്കല്‍ മറുപടിയുണ്ടായിരുന്നില്ല. സംഭവം വിദ്യാര്‍ഥികള്‍ വീഡിയോയില്‍ പകര്‍ത്തിയത് കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും രാജ്യത്തുടനീളം പൊതുജന ചര്‍ച്ചക്ക് വഴിവെക്കുകയും ചെയ്തു. യൂനിവേഴ്‌സിറ്റി അധികൃതരാകട്ടെ, വിഷയം ഗൗരവത്തോടെ തന്നെ എടുത്തു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പ്രൊഫസറെ അധ്യാപനത്തില്‍ നിന്ന് ഡീബാര്‍ ചെയ്തു. വളരെ ഉത്തരവാദിത്വ ബോധത്തോടെയാണ് വാഴ്‌സിറ്റി അധികൃതര്‍ വിഷയം കൈകാര്യം ചെയ്തതെന്ന് നവംബര്‍ 28ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നിന്ന് വായിച്ചെടുക്കാം: അതിങ്ങനെയാണ്, “അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബന്ധപ്പെട്ട ജീവനക്കാരനെ എല്ലാ ക്ലാസ്സുകളില്‍ നിന്നും ഡീബാര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള പെരുമാറ്റം സ്ഥാപനം അംഗീകരിക്കുന്നില്ലെന്നും ഈ ഒറ്റപ്പെട്ട സംഭവം പ്രഖ്യാപിത നയമനുസരിച്ച് കൈകാര്യം ചെയ്യുമെന്നും എല്ലാവരെയും അറിയിക്കുകയാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞ ഏറ്റവും വലിയ ക്യാമ്പസാണ് എന്നതിലും ജാതി, മത, പ്രാദേശിക, ലിംഗ വ്യത്യാസങ്ങള്‍ക്കപ്പുറം തുല്യതയുടെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സ്ഥാപനം അഭിമാനം കൊള്ളുകയാണ്’.

അബ്ദുര്‍റഹ്‌മാനിലെ ഭീകരവാദി

വിദ്യാര്‍ഥിയുടെ പേരില്‍ ഭീകരവാദിയെ കണ്ടെത്തിയ “മോദിയുഗ’ത്തിലെ അവിവേകിയായ അധ്യാപകനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന അതേദിവസം, കേരളത്തില്‍ ഒരു പാതിരി ഒരു സംസ്ഥാന മന്ത്രിയുടെ പേരില്‍ ഭീകരവാദിയെ കണ്ടെത്തിയതാണ് നമ്മെ ഞെട്ടിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിലേര്‍പ്പെടുകയും കോടതിയെയും ഭരണകൂടത്തെയും വെല്ലുവിളിച്ച് പ്രദേശത്തെ കലാപപങ്കിലമാക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്ത പാതിരിമാരിലൊരാളായ, സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് പരസ്യമായി പറഞ്ഞിരിക്കുന്നത് മന്ത്രി അബ്ദുര്‍റഹ്‌മാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്നാണ്. അബ്ദുര്‍റഹ്‌മാന്‍ എന്നാല്‍ കാരുണ്യവാനായ ദൈവത്തിന്റെ ദാസന്‍ എന്നാണ്. ഈ പേരിലെങ്ങനെയാണ് ഭീകരവാദി ഒളിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കേണ്ട ബാധ്യത ഡിക്രൂസ് അച്ചനുണ്ട്. അപരവത്കരണത്തിന്റെ ഏറ്റവും വൃത്തികെട്ട രീതിയാണ് വര്‍ഗീയമായ ഈ അധിക്ഷേപം. അബ്ദുര്‍റഹ്‌മാനെ പോലുള്ള “ഏഴാംകൂലികള്‍’ ഇവിടെ ഭരണം നടത്തുന്നത് തങ്ങളുടെയൊക്കെ ഔദാര്യത്തിലാണെന്നും അച്ചന്‍ പറഞ്ഞുവെക്കുന്നുണ്ട്. ജനാധിപത്യപരമായ സകല പോംവഴികളും തുറന്നിട്ടിട്ടും സങ്കുചിതമായ സ്വത്വബോധത്തെ കലാപത്തിന്റെയും അക്രമത്തിന്റെയും ആയുധമാക്കിയ അപകടകരമായ ശൈലി വാരിപ്പുണരുമ്പോഴാണ് പ്രശ്‌നം തീര്‍ക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്ന മന്ത്രിമാര്‍ക്കെതിരെ ഇമ്മട്ടില്‍ വര്‍ഗീയാധിക്ഷേപം നടത്തേണ്ടിവരുന്നത്. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതക്കും സഹവര്‍ത്തിത്വത്തിലൂന്നിയ പാരസ്പര്യത്തിന്റെ സംസ്‌കൃതിക്കുമെതിരായ ഈ വിളിച്ചുപറയല്‍ അന്തരീക്ഷം വല്ലാതെ മലീമസമാക്കുന്നുണ്ട്. സമരക്കാരോടല്ല, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനോടാണ് അബ്ദുര്‍റഹ്‌മാന് കൂറ് എന്ന ആക്ഷേപത്തിലടങ്ങിയ വര്‍ഗീയ ദുഷ്ടലാക്ക് കേരളീയ സമൂഹം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച മതേതര- ജനാധിപത്യത്തിന്റെ മഹനീയ ഈടുവെപ്പുകളെ ഒറ്റയടിക്ക് തകര്‍ത്തെറിയുന്നുണ്ട്.

ഒരു വിശ്വാസിസമൂഹത്തെ, അല്ലെങ്കില്‍ വംശീയ കൂട്ടായ്മയെ മുഖ്യധാരയില്‍ നിന്ന് അടര്‍ത്തിമാറ്റി നിഷേധാത്മകമായി അടയാളപ്പെടുത്തുന്ന ക്രൂരത ഫാസിസത്തിന്റേതാണ്. 1930കളില്‍ ഹിറ്റ്‌ലറുടെ ജര്‍മനിയിലും മുസ്സോളിനിയുടെ ഇറ്റലിയിലും പരന്നൊഴുകിയ വിദ്വേഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന നിദാനം ഇത്തരം സങ്കുചിത ചിന്തകളാണ്. യഹൂദരുടെ വംശഹത്യക്ക് പശ്ചാത്തലമൊരുക്കിയ സാമൂഹിക പരിസരം എവിടെയും പുനഃസൃഷ്ടിക്കപ്പെട്ടേക്കാം. അതിന്റെ ആദ്യപടിയാണ് അപരവത്കരണം. ഇന്ത്യനവസ്ഥയില്‍ ആര്‍ എസ് എസ് കഴിഞ്ഞ 98 വര്‍ഷമായി തുടരുന്ന അന്യവത്കരണ പദ്ധതികളാണ് ഒരു വിഭാഗത്തിന്റെ ഹൃദയങ്ങളെ വര്‍ഗീയ വിഷലിപ്തമാക്കുന്നതും സ്വന്തം വിദ്യാര്‍ഥിയുടെ മുഖത്ത് നോക്കി താന്‍ ഭീകരനാണെന്ന് അധ്യാപകനെ കൊണ്ട് പറയിക്കുന്നതും. ഏത് പാഠശാലയില്‍ നിന്നാണ് ഡിക്രൂസ് അച്ചന്മാര്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം നുകര്‍ന്നതെന്ന് അന്വേഷിച്ചുപോയാല്‍ മധ്യകാലഘട്ടത്തിലാകാം എത്തിച്ചേരുക. സ്‌നേഹവും കാരുണ്യവും വിളമ്പിയ യേശുവിന്റെ ശിഷ്യന്മാര്‍ക്ക് എങ്ങനെയാണ് പ്രശാന്തമായ കേരളീയ ജീവിത പരിസരത്ത് വൈരം വിതക്കാനും കലാപം അഴിച്ചുവിടാനും നിയമപാലകരെ പോലും ഗുണ്ടകളെ വിട്ട് മര്‍ദിക്കാനും ധൈര്യം കിട്ടുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് ആധിപത്യ രാഷ്ട്രീയത്തിന്റെയും ധനസമാഹരണ ത്വരയുടെയും വഴിവിട്ട ഇടനിലങ്ങളിലാണ്. എതിര്‍പക്ഷത്ത് ഒരു നിദാന്ത ശത്രുവിനെ പ്രതിഷ്ഠിക്കുന്നതോടെ കാര്യം എളുപ്പമാകും എന്നത് കൊണ്ടാണ് മന്ത്രി അബ്ദുര്‍റഹ്‌മാന്റെ പേരില്‍ തന്നെ ഭീകരവാദിയെ കണ്ടുപിടിക്കുന്നത്. ഭീകരവാദിയാണെന്ന് സമര്‍ഥിച്ചുകഴിഞ്ഞാല്‍ പിന്നെ ചോദിക്കാന്‍ ആരുമുണ്ടാകില്ലല്ലോ.

യൂറോപ്യന്‍ അനുഭവങ്ങള്‍

അപരവത്കരണത്തിന്റെ വഴിയില്‍ പേരും വേഷവും വംശവും വിശ്വാസവും മതവും ഭാഷയും സംസ്‌കാരവുമൊക്കെ ഉപകരണമായി മാറുമ്പോഴാണ് സമൂഹം ഭിന്നിക്കുന്നതും ഹിംസാത്മക മാര്‍ഗങ്ങളുടെ വന്യതയിലൂടെ സഞ്ചരിക്കാന്‍ ധൈര്യം പകരുന്നതും. 60 ലക്ഷം ജൂതന്മാരെ അഡോള്‍ഫ് ഹിറ്റ്‌ലറുടെ അനുയായികള്‍ അറുകൊല നടത്തി എന്ന് പറയുമ്പോള്‍ സാമാന്യബുദ്ധിക്ക് പെട്ടെന്ന് അതുള്‍ക്കൊള്ളാന്‍ സാധിക്കണമെന്നില്ല. ജര്‍മനിയുടെ സാമ്പത്തികവും സൈനികവും രാഷ്ട്രീയവുമായ സകല പ്രശ്‌നങ്ങള്‍ക്കും കാരണം ഏതൊക്കെയോ കാലത്ത് കുടിയേറിപ്പാര്‍ത്ത യഹൂദ വംശജരാണ് എന്ന തലമുറകളിലൂടെ കൈമാറിപ്പോന്ന ദുഷ്പ്രചാരണങ്ങളെയാണ് ഹിറ്റ്‌ലര്‍ തന്റെ രാഷ്ട്രീയ ലക്ഷ്യപ്രാപ്തിക്കായി ആയുധമാക്കിയതും അന്യവത്കരണ പദ്ധതികളിലൂടെ അവ നടപ്പാക്കിയതും. ഭൂമുഖത്ത് ജീവിക്കാന്‍ കൊള്ളാത്തവരും ശപിക്കപ്പെട്ടവരുമാണ് ജൂതസമൂഹമെന്ന യൂറോപ്പില്‍ രൂഢമൂലമായ അന്ധമായ വിശ്വാസവും അതിനുപോത്ബലകമായ കെട്ടുകഥകളുമാണ,് ഈ വിഭാഗത്തെ കൂട്ടത്തോടെ ഉന്മൂലനം ചെയ്താല്‍ മാത്രമേ രാജ്യം രക്ഷപ്പെടുകയുള്ളൂവെന്ന ചിന്ത വളര്‍ത്തിയതും അതുത്പാദിപ്പിച്ച വിദ്വേഷ മനോഗതി മഹാരോഗമായി പടര്‍ന്നുപിടിച്ച് ഗില്ലറ്റിനുകളും ഗ്യാസ്‌ചേംബറുകളും ഒരുക്കിനിറുത്തിയതും. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് സ്ത്രീകളും കൈകുഞ്ഞുങ്ങളുമടക്കമുള്ള യഹൂദ സംഘത്തെ ആട്ടിയോടിക്കുന്നത് പോലും മഹാപുണ്യമായി കരുതാന്‍ മാത്രം മതപുരോഹിതരും രാഷ്ട്രീയ മേലാളന്മാരും വിദ്വേഷവും വെറുപ്പും അനുയായികളുടെ തലച്ചോറുകളില്‍ തിളപ്പിച്ചുവെച്ചിരുന്നു. അപരവത്കരണം പൂര്‍ത്തിയാകുന്നതോടെ ഒരു ജനതയെ ഭരണകൂടത്തിനും അതിനു പിന്നില്‍ അണിനിരന്നവര്‍ക്കും ഇഷ്ടാനുസരണം കൈകാര്യം ചെയ്യാമെന്നാണ് ചരിത്രം നല്‍കുന്ന ഒന്നാമത്തെ പാഠം.
നാസികളെയും ഫാസിസ്റ്റുകളെയും ചാണിന് ചാണ്‍ അനുധാവനം ചെയ്യുന്ന ഹിന്ദുത്വവാദികള്‍ ന്യൂനപക്ഷങ്ങളുടെ അപരവത്കരണവും രാക്ഷസീയവത്കരണവുമാണ് ആത്യന്തികമായി ലക്ഷ്യമിടുന്നത്. പൗരത്വ പ്രക്ഷോഭത്തിലേര്‍പ്പെട്ടവര്‍ ആരൊക്കെയാണെന്ന് അവരുടെ വേഷം കണ്ടാല്‍ മനസ്സിലാകുമെന്ന പ്രധാനമന്ത്രി മോദിയുടെ വിവാദ പരാമര്‍ശം ഇതിന്റെ മുന്തിയ ഉദാഹരണമാണ്. പൗരന്മാരുടെ വേഷം നോക്കി അവരെ തരംതിരിക്കാമെന്നും ഇന്ന വേഷമിട്ടവരെ ഗൗനിക്കുകയോ പരിഗണിക്കുകയോ ചെയ്യേണ്ടതില്ലെന്നുമുള്ള പരോക്ഷ സന്ദേശം ഇതുള്‍വഹിക്കുന്നുണ്ട്. ഇങ്ങനെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതിന് വേഷം ഒരുപാധിയായി എടുക്കുകയും മറ്റ് ചിഹ്‌നങ്ങള്‍ കൊണ്ട് അവരെ അടയാളപ്പെടുത്താന്‍ വ്യവസ്ഥ വെക്കുകയും ചെയ്ത അനുഭവങ്ങളാണ് ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതകള്‍. ജാതീയ ഉച്ചനീചത്വങ്ങളാല്‍ വീര്‍പ്പുമുട്ടിയ ഇന്ത്യന്‍ ജീവിത പരിസരത്ത് കീഴാളവര്‍ഗം മേല്‍ജാതിക്കാരുടെ ആവാസ വ്യവസ്ഥക്ക് പുറത്ത് കിടന്നുറങ്ങണമെന്നും പൊതുവഴിയിലൂടെ നടന്നുപോകരുതെന്നും കര്‍ക്കശ വ്യവസ്ഥകള്‍ വെച്ച കാലഘട്ടം ഞെട്ടലായോ ഇരമ്പലായോ ഇന്നും ഓര്‍മകളെ മഥിക്കുന്നുണ്ട്. ഇവിടുത്തെ അധഃസ്ഥിതര്‍ക്കായി മാറ്റിവെച്ച ചെറ്റക്കുടിലുകളുടെ പ്രദേശം തന്നെയാണ് യൂറോപ്പില്‍ ജൂതരെ ജീവിക്കാന്‍ വിട്ട “ഗെറ്റോ’കള്‍. ജൂതരും സാരസനമാരും (മുസ്‌ലിംകള്‍) പൊതു ഇടങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കപ്പെടുന്ന വേഷം ധരിക്കണമെന്ന് 1215ല്‍ ചേര്‍ന്ന ക്രൈസ്തവ പുരോഹിത സംഗമത്തില്‍ നിബന്ധന കൊണ്ടുവന്നിരുന്നു. കീഴാള മഹര്‍ വര്‍ഗത്തില്‍ നിന്ന് വരുന്ന ബി ആര്‍ അംബേദ്കര്‍ സാമൂഹിക ഔന്നത്യങ്ങള്‍ കീഴടക്കുന്നത് സാഹസികമായ യാത്രയിലൂടെയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ പൊതുവഴിയിലൂടെ നടന്നുപോകുമ്പോള്‍ അരയില്‍ ഒരു ചൂല്‍ തൂക്കിയിടുക നിര്‍ബന്ധമായിരുന്നു. അവരുടെ “വൃത്തികെട്ട’ കാലുകള്‍ പതിഞ്ഞ പാടുകള്‍ മായ്ച്ചുകളയാനും പിന്നാലെ വരുന്ന സവര്‍ണന്‍ പാപപങ്കിലമാകാതിരിക്കാനും. “മലിനമായ’ തുപ്പല്‍ നിരത്തില്‍ വീഴാതിരിക്കാന്‍ കഴുത്തില്‍ കോളാമ്പി കെട്ടിയിട്ടേ അവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റൂ. കീഴാളവര്‍ഗ സ്ത്രീകളെ അശുദ്ധമായി കണ്ട സവര്‍ണര്‍ക്ക് അവരുടെ ശരീരത്തെ യഥേഷ്ടം ഉപയോഗിക്കാന്‍ വ്യവസ്ഥിതി അനുമതി നല്‍കിയിരുന്നു.

ഇസ്‌ലാമോഫോബിയ പരന്നൊഴുകിയ ആഗോള വ്യവസ്ഥയില്‍ ഏത് മുസ്‌ലിമിനും ചാര്‍ത്തിക്കൊടുക്കാന്‍ പറ്റുന്ന പട്ടമാണ് ഭീകരവാദിയുടേത്. ഒരു ജനതയെ അല്ലെങ്കില്‍ സംഘത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്താനും അവകാശങ്ങള്‍ നിഷേധിക്കാനും മറ്റുള്ളവരുടെ മുന്നില്‍ അവമതിക്കാനും എളുപ്പവഴി ഭീകരനായി ചിത്രീകരിക്കുക എന്നതാണ്. ആരും തെളിവ് ചോദിക്കില്ല എന്നതാണ് സംഗതി എളുപ്പമാക്കുന്നത്. എന്നാല്‍, ഹിന്ദുത്വവാദികളുടെ കണ്ണില്‍ മുസ്‌ലിമും ക്രിസ്ത്യാനിയും പൗരത്വത്തിന് അര്‍ഹതയില്ലാത്ത, പിതൃഭൂമിയോട് നാഭീനാളബന്ധമില്ലാത്ത, വിദേശ മണ്ണിനോട് മനപ്പറ്റുള്ള പുറംനാട്ടുകാരാണെന്ന യാഥാര്‍ഥ്യം മറന്നാണ് വിഴിഞ്ഞത്തച്ചന്മാര്‍ അബ്ദുര്‍റഹ്‌മാന്റെ പേരില്‍ ഭീകരവാദിയെ കണ്ടെത്തുന്നത്. സഹതപിക്കുകയേ നിവൃത്തിയുള്ളൂ.

Latest