Connect with us

From the print

നിലനിർത്താനും പിടിച്ചെടുക്കാനും

രാജ്യത്തെ നാലാമത്തെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനമാണെങ്കിലും തിരഞ്ഞെടുപ്പങ്കത്തിൽ അങ്ങ് പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വരെ പാർട്ടികൾ ഭാഗ്യപരീക്ഷണം നടത്തിയ കടലോര- വിനോദസഞ്ചാര- പശ്ചിമ ഘട്ട സംസ്ഥാനമാണ് ഗോവ

Published

|

Last Updated

രാജ്യത്തെ നാലാമത്തെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനമാണെങ്കിലും തിരഞ്ഞെടുപ്പങ്കത്തിൽ അങ്ങ് പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വരെ പാർട്ടികൾ ഭാഗ്യപരീക്ഷണം നടത്തിയ കടലോര- വിനോദസഞ്ചാര- പശ്ചിമ ഘട്ട സംസ്ഥാനമാണ് ഗോവ. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരമ്പരാഗത വൈരികളായ ബി ജെ പിക്കും കോൺഗ്രസ്സിനും പുറമെ ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി(എ എ പി)യും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സും ഇവിടെ ഒറ്റക്ക് മത്സരിച്ചിരുന്നു. തൃണമൂലിൽ നിരാശരായെങ്കിലും ആപ് അക്കൗണ്ട് തുറന്നു. നോർത്ത് ഗോവ, സൗത്ത് ഗോവ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി ജെ പിയും ഇന്ത്യ മുന്നണിയും തമ്മിലാണ് മത്സരം. ഒന്നുവീതം മണ്ഡലം ഇരു പാർട്ടിയുടെയും സ്വന്തമായതിനാൽ കക്ഷത്തിലുള്ളത് നഷ്ടപ്പെടാതിരിക്കാനും മറ്റേത് പിടിച്ചെടുക്കാനുമാണ് പോരാടുന്നത്. ഇരു മണ്ഡലങ്ങളിലും കോൺഗ്രസ്സ്, ബി ജെ പി സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അടുത്ത മാസം ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ, പ്രാദേശിക പാർട്ടിയായ റവല്യൂഷനറി ഗോവൻസ് പാർട്ടി (ആർ ജി പി) കൂടി മാറ്റുരക്കുന്നുണ്ട്.
ഒറ്റക്ക് വന്ന്
കഴിഞ്ഞ നിയമസഭാ പോരാട്ടത്തിൽ ബി ജെ പിയാണ് വിജയിച്ചത്. ഒറ്റക്ക് മത്സരിച്ച് 20 സീറ്റും 33.3 ശതമാനം വോട്ടോഹരിയും നേടിയപ്പോൾ കോൺഗ്രസ്സ് പതിനൊന്നിൽ ഒതുങ്ങി. അധികം വൈകാതെ എട്ട് എം എൽ എമാർ ജനവിധിയെ തെല്ലും മാനിക്കാതെ ബി ജെ പിയിലേക്ക് പോകുകയും ചെയ്തു. പാർട്ടിക്കും രാഹുൽ ഗാന്ധിക്കും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. തിരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർഥികളുടെ മതവിശ്വാസമനുസരിച്ച് അതത് മതഗ്രന്ഥങ്ങളിൽ പിടിച്ചും ആരാധനാലയങ്ങളിലെത്തിയും കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചിരുന്നു, രാഹുലിന്റെ നേതൃത്വത്തിൽ. കൂറുമാറ്റം ഗോവയിൽ പുത്തരിയല്ല. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എം എൽ എമാർ അടക്കമുള്ള നേതാക്കൾ അക്കരെയെത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുമ്പ് മൂന്ന് മാസത്തിനിടെ ഒമ്പത് എം എൽ എമാരായിരുന്നു പാർട്ടി മാറിയത്. ബി ജെ പിയിലേക്ക് മാത്രമല്ല, തൃണമൂലിലേക്കും എ എ പിയിലേക്കും കോൺഗ്രസ്സിലേക്കുമെല്ലാം പോകുന്നവരുണ്ട്.
വിഭാഗീയ വിത്തുകൾ
2012 മുതൽ സംസ്ഥാനം ഭരിക്കുന്ന യുവനേതാവും മുഖ്യമന്ത്രിയുമായ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2017ൽ ജനവിധി അട്ടിമറിച്ചാണ് പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബി ജെ പി സർക്കാർ രൂപവത്കരിച്ചിരുന്നത്. അയൽ സംസ്ഥാനമായ കർണാടകയിൽ ബി ജെ പിയും ജനതാദളും (എസ്) സഖ്യമാകുന്നതിൽ നിർണായക പങ്ക് മറാഠക്കാരനായ സാവന്ത് വഹിച്ചിരുന്നു. കർണാടകയിലെ മറാഠി ജനത ഏറെയുള്ള പ്രദേശങ്ങളിൽ സാവന്ത് പ്രചാരണത്തിനെത്തുന്നുമുണ്ട്. കുമാരസ്വാമിയുടെ നാമനിർദേശ പത്രിക സമർപ്പണത്തിൽ വരെയെത്തിയിരുന്നു. ഗോവയിൽ ഹിന്ദുത്വ വിഭാഗീയ രാഷ്ട്രീയം പയറ്റിയാണ് അദ്ദേഹം അധികാരത്തിലെത്തിയത് തന്നെ. പ്രത്യേകിച്ച് ജനസംഖ്യയുടെ 27 ശതമാനം വരുന്ന ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണിത്. 66.1 ശതമാനം ഹിന്ദുക്കളും 8.3 ശതമാനം മുസ്‌ലിംകളും 0.1 ശതമാനം സിഖുകാരുമുള്ള സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ജനസംഖ്യയിൽ 10.23 ശതമാനം പട്ടിക വർഗക്കാരും 1.74 ശതമാനം പട്ടിക ജാതിക്കാരുമാണ്. വിനോദസഞ്ചാര ഹബ്ബായതിനാൽ വൻതോതിൽ കുടിയേറ്റമുണ്ടായി, പോർച്ചുഗീസ് കോളനിയായിരുന്ന കാലത്തെ തദ്ദേശീയ ജനസംഖ്യയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. 2021ലെ കണക്കനുസരിച്ച് 50 ശതമാനത്തിൽ താഴെയാണ് തദ്ദേശീയർ. അവരിൽ പ്രധാനമായും കത്തോലിക്ക ക്രിസ്ത്യാനികളാണ്. 1909ലെ കണക്ക് പ്രകാരം കത്തോലിക്കക്കാർ ഇവിടെ 80 ശതമാനത്തിലേറെയായിരുന്നു.
ചമ്മട്ടിയും മന്നയും
പോർച്ചുഗീസ് കാലത്ത് ചില ക്ഷേത്രങ്ങൾ തകർത്തുവെന്നും വിമോചനത്തിന്റെ അറുപതാം വാർഷികത്തിൽ എല്ലാ ക്ഷേത്രങ്ങളും പുനർനിർമിക്കുമെന്നും കോളനി കാലത്തെ എല്ലാ സ്മാരകങ്ങളും തകർക്കുമെന്നും മതംമാറ്റ ശക്തികൾ ഇവിടെയെത്തിയെന്നും തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം നിരന്തരം പറഞ്ഞിരുന്നു. കോളനിക്കാലത്തെ സ്മാരകങ്ങളിൽ നിരവധി ചർച്ചുകളും മഠങ്ങളും വിദ്യാഭ്യാസ- ആതുരാലയങ്ങളും ഉൾപ്പെടുന്നുണ്ട്. അവയുടെ നേർക്ക് സംഘ്പരിവാർ അഴിഞ്ഞാട്ടമുണ്ടാകുമോയെന്ന് ക്രിസ്ത്യാനികൾ ഭയക്കുന്നു. മാത്രമല്ല, മണിപ്പൂർ അടക്കമുള്ള സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ വോട്ടുകൾ എങ്ങോട്ട് ചായുമെന്നത് പ്രധാനമാണ്. മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹർ പരീക്കറെ പോലുള്ള “മൃദുമുഖം’ ബി ജെ പിക്ക് നഷ്ടപ്പെടുന്നത് വോട്ടെടുപ്പിലും പ്രതിഫലിച്ചേക്കും.
അതേസമയം, ഒരു പക്ഷത്ത് ചമ്മട്ടിയുമായും മറുഭാഗത്ത് മന്നയേന്തിയുമാണ് ബി ജെ പി ക്രിസ്ത്യാനികളെ ഇവിടെയും സമീപിക്കുന്നത്. 40 സീറ്റുകളിൽ 12 എണ്ണത്തിലും (30 ശതമാനം) കത്തോലിക്കക്കാരെ സ്ഥാനാർഥികളാക്കിയത് ഇതിന്റെ തെളിവാണ്.
സ്വത്വ പരീക്ഷണം
കോൺഗ്രസ്സ്, എ എ പി, ഗോവ ഫോർവേർഡ് പാർട്ടി, ശിവസേന (ഉദ്ധവ്), എൻ സി പി (ശരദ്ചന്ദ്ര പവാർ) എന്നിവയാണ് ഇന്ത്യയിലെ പ്രധാന കക്ഷികൾ. സംസ്ഥാനത്തെ വ്യത്യസ്ത സ്വഭാവത്തിലുള്ള സമൂഹത്തിലേക്ക് എത്തിപ്പെടാൻ ഈ ബഹുകക്ഷി സഖ്യത്തിലൂടെ സാധിക്കുമെന്ന് ഇന്ത്യ കരുതുന്നു. എ എ പിക്കും എൻ സി പിക്കും വോട്ടുകൾ സമാഹരിക്കാൻ സാധിക്കും. 2019ൽ മൂന്ന് ശതമാനം വോട്ട് ആപ് നേടിയിരുന്നു. മറാഠികൾക്കിടയിൽ ഉദ്ധവിനും സ്വാധീനമുണ്ട്. എങ്കിലും, ഇവയെല്ലാം ഒറ്റക്ക് സമാഹരിക്കുന്ന വോട്ടുകൾ സഖ്യത്തിലാകുമ്പോൾ ലഭിക്കുമോയെന്ന ആശങ്കയുമുണ്ട്.
ഗോവൻ സ്വത്വം ഉയർത്തിക്കാട്ടിയാണ് പുതിയ കക്ഷിയായ ആർ ജി പിയും രംഗത്തുള്ളത്. തദ്ദേശീയരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സർക്കാർ ജോലി, ആനുകൂല്യങ്ങൾ, പദ്ധതികൾ, വിദ്യാഭ്യാസം തുടങ്ങിയവയിൽ ഗോവക്കാർക്ക് മുൻഗണന നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ യുവജനതയെ ആകർഷിച്ചിട്ടുണ്ട്. ഇവരുടെ സ്ഥാനാർഥികളും പുതുമുഖങ്ങളാണ്. തിരഞ്ഞെടുപ്പ് പരിചയമില്ലെന്നത് പോരായ്മയായി നിൽക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ പുതുപാർട്ടി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇവ പിടിക്കുന്ന വോട്ടുകൾ പ്രധാനമാണ്.

Latest