Connect with us

Kerala

വിവരാവകാശ അപേക്ഷയില്‍ സമയബന്ധിതമായും കൃത്യതയോടെയും മറുപടി നല്‍കണം : മുഖ്യ വിവരാകാശ കമ്മീഷണര്‍

അപേക്ഷകളില്‍ മനപ്പൂര്‍വ്വമല്ലാതെ വരുന്ന വീഴ്ചകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

പത്തനംതിട്ട |  പത്തനംതിട്ട: വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായും കൃത്യതയോടെയും വിവരം ലഭിക്കുക എന്നുള്ളത് ഒരു പൗരന്റെ ഭരണഘടനാപരമായ മൗലികാവകാശവും മനുഷ്യാവകാശവുമാണെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി ഹരി നായര്‍. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ വിവരാവകാശ നിയമത്തെ ആസ്പദമാക്കി ഉദ്യോഗസ്ഥര്‍ക്കായി തിരുവല്ലയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിനാല്‍ തന്നെ, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ (എസ് പി ഐ ഒ) വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായും കൃത്യതയോടെയും മറുപടി നല്‍കണം. ഉദ്യോഗസ്ഥര്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും ചുമതല നിര്‍വഹിക്കണം. വിവരം നല്‍കാന്‍ 30 ദിവസം പരമാവധി സമയം ഉണ്ടെങ്കിലും സ്വാതന്ത്ര്യത്തെയും ജീവനെയും ബാധിക്കുന്ന വിഷയങ്ങളില്‍ 48 മണിക്കൂറിനകവും മറ്റൊരു പൊതുഅധികാര സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള വിവരമാണെങ്കിലും മൂന്നാം കക്ഷി വിവരവുമായി ബന്ധപ്പെട്ടതാണെങ്കിലും അഞ്ച് ദിവസത്തിനകവും നടപടി സ്വീകരിക്കണമെന്ന് കമ്മീഷണര്‍ ഓര്‍മിപ്പിച്ചു.

അപേക്ഷകളില്‍ മനപ്പൂര്‍വ്വമല്ലാതെ വരുന്ന വീഴ്ചകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് വിവരാവകാശ നിയമത്തില്‍ പരിജ്ഞാനം നല്‍കാന്‍ 2025ല്‍ ആരംഭിച്ച ബോധവല്‍ക്കരണ യജ്ഞം അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരത്ത് ഏഴ് മണ്ഡലങ്ങളില്‍ കൂടി പരിശീലനം കഴിയുമ്പോള്‍ ഇത് പൂര്‍ത്തിയാകും. ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കണമെന്ന ഉദ്ദേശത്തോടെ അട്ടപ്പാടി, വയനാട്, കുളത്തൂപ്പുഴയിലെ അരിപ്പ തുടങ്ങിയ സ്ഥലങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ വിജയകരമായി നടത്തി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ കമ്മീഷനില്‍ ലഭിക്കുന്ന അപ്പീലുകളുടെ എണ്ണം വളരെ കുറവാണ്. താഴെത്തട്ടില്‍ ഉദ്യോഗസ്ഥര്‍ കൃത്യതയോടെ ജോലി ചെയ്യുന്നതാണ് കേരളത്തില്‍ അപ്പീലുകള്‍ കുറവാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമത്തിലെ സെക്ഷനുകള്‍, വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യേണ്ട രീതി, നിയമത്തിലെ വ്യവസ്ഥകള്‍, ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മീഷണര്‍മാരായ ഡോ. എം ശ്രീകുമാര്‍, ഡോ. സോണിച്ചന്‍ പി. ജോസഫ് എന്നിവര്‍ വിവരാവകാശ നിയമം സംബന്ധിച്ച് വിഷയാവതരണം നടത്തി. വിവരാവകാശ കമ്മീഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ പ്രസാദ് ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി എം എസ് ഷീന, തിരുവല്ല മാര്‍ത്തോമാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി കെ മാത്യു വര്‍ക്കി, പ്രാഫ. റെനോഷ് ടോം വര്‍ഗീസ്, അസിസ്റ്റന്റ് പ്രഫ. റെയ്‌സണ്‍ സാം രാജു പങ്കെടുത്തു.

Content Highlights: Chief Information Commissioner V Hari Nair stated at a Thiruvalla seminar that timely and accurate responses to Right to Information requests are a citizen’s right and urged SPIO officials to act promptly. He noted that unintentional lapses will not face disciplinary action and the statewide training drive across 140 constituencies is nearing completion. Kerala records fewer appeals due to officials’ diligence.

---- facebook comment plugin here -----

Latest