Saudi Arabia
ഏദന്‍ ഉള്‍ക്കടലില്‍ അതീവ ജാഗ്രത; യുഎഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി
ഈ മേഖലയിലെ കപ്പലുകളില്‍ സാധാരണയായി ഇന്ത്യന്‍ നാവികര്‍ ഉണ്ടാകാറുള്ളതിനാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും നാവികസേനയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
ഏദന്‍ | യമന്‍ തീരത്തിന് സമീപം യുഎഇ ആസ്ഥാനമായുള്ള ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. യുഎഇയിലെ മാര്‍സ ഓഷ്യന്‍ ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ളതും പനാമ പതാകയ്ക്ക് കീഴില്‍ സഞ്ചരിക്കുന്നതുമായ ‘എംവി മാര്‍സ വിര്‍ഗോ’ എന്ന കപ്പലാണ് ഇന്ന് ആക്രമിക്കപ്പെട്ടത്. യമനിലെ ബല്ഹാഫിന് ഏകദേശം 120 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി വെച്ചായിരുന്നു സംഭവം. സൊമാലിയയിലെ പുണ്ട്ലാന്‍ഡ് മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സിയും കപ്പല്‍ റാഞ്ചിയ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
സൊമാലിയയിലെ പുണ്ട്ലാന്ഡില് നിന്ന് മത്സ്യബന്ധന ബോട്ടില്‍ ഏദന്‍ ഉള്‍ക്കടല്‍ കടന്ന് യമനിലെത്തിയ ആറ് സായുധരായ കടല്‍ക്കൊള്ളക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. യമനിലെ സൊമാലിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍ ഒളിച്ചുതാമസിച്ച ശേഷമാണ് ഇവര്‍ ആയുധങ്ങള്‍ സംഘടിപ്പിച്ച് കപ്പലില്‍ അതിക്രമിച്ചു കയറിയത്. കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത കൊള്ളക്കാര്‍ കപ്പലിനെ സൊമാലിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.
കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരും ആക്രമണമുണ്ടായ ഉടന്‍ തന്നെ കപ്പലിലെ സുരക്ഷിത മുറിയില്‍ സ്വയം പൂട്ടിയിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനാല്‍ ജീവനക്കാര്‍ നിലവില്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക നിഗമനം. കപ്പലിലെ ജീവനക്കാരുടെ ദേശീയത സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കപ്പല്‍ ഉടമകളോ അന്താരാഷ്ട്ര ഏജന്‍സികളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കപ്പലില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും, ഈ മേഖലയിലെ കപ്പലുകളില്‍ സാധാരണയായി ഇന്ത്യന്‍ നാവികര്‍ ഉണ്ടാകാറുള്ളതിനാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും നാവികസേനയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജന്‍സി മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കപ്പലിനെ സൊമാലിയന്‍ തീരത്തേക്ക് കൊണ്ടുപോകുന്നത് തടയാനും ജീവനക്കാരെ സുരക്ഷിതമായി മോചിപ്പിക്കാനുമായി മേഖലയില്‍ വിന്യസിച്ചിട്ടുള്ള അന്താരാഷ്ട്ര നാവികസേനകളും സൊമാലിയന്‍ തീരദേശ പോലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ സൊമാലിയന്‍ തീരത്ത് കൊള്ളക്കാര്‍ റാഞ്ചിയ കപ്പലുകളിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു.
ഒരു ദശാബ്ദക്കാലത്തെ ഇടവേളയ്ക്ക് ശേഷം ആഫ്രിക്കന്‍ മുനമ്പിനോട് ചേര്‍ന്നുള്ള സമുദ്രമേഖല വീണ്ടും കടല്‍ക്കൊള്ളക്കാരുടെ പിടിയിലമരുകയാണ്. 2026 ഏപ്രിലിന് ശേഷം മാത്രം പതിനാറിലധികം ആക്രമണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് .2013-ന് ശേഷമുള്ള ഏറ്റവും വലിയ കണക്കാണിത്
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസാഹചര്യങ്ങളും, ചെങ്കടലില്‍ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങളും ഈ മേഖലയിലെ സുരക്ഷയെ സാരമായി ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാവികസേനകളുടെ ശ്രദ്ധ സംഘര്‍ഷ മേഖലകളിലേക്ക് തിരിഞ്ഞത് മുതലെടുത്താണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വീണ്ടും സജീവമാകുന്നത്. കപ്പലുകള്‍ വഴിതിരിച്ചുവിടുന്നതും ചരക്കുനീക്കത്തിലെ കാലതാമസവും ആഗോള വ്യാപാരത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Content Highlights: Somali pirates hijacked the UAE-owned cargo vessel MV Marsa Virgo off the coast of Yemen near Balhaf. All 19 crew members locked themselves inside a citadel and are believed safe while international naval forces and Indian authorities monitor the situation. The attack underscores a resurgence of piracy in the region amid broader Red Sea security challenges.







