Kerala
മദ്യപിച്ച് കെ എസ് ആര്‍ ടി സി ബസ് ഓടിച്ച ഡ്രൈവര്‍ പോലീസ് പിടിയില്‍; ബസും കസ്റ്റഡിയിലെടുത്തു
യാത്രയിലുടനീളം ഡ്രൈവിംഗിന് അസ്വാഭാവികത തോന്നിയ യാത്രക്കാര്‍ മടക്കത്താനം ഭാഗത്തു വച്ച് ബസ് നിര്‍ത്തിക്കുകയായിരുന്നു
കോട്ടയം | മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവറെ യാത്രക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് പിടികൂടി. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ജോര്‍ജുകുട്ടിയാണ് വാഴക്കുളം പോലിസിന്റെ പിടിയിലായത്. ഇന്ന് വൈകുന്നേരം അഞ്ചോടെ മടക്കത്താനത്തു വച്ചാണ് ഇയാളെ പിടികൂടിയത്.
പാലായില്‍ നിന്ന് കോഴിക്കോടിനു പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. യാത്രയിലുടനീളം ഡ്രൈവിംഗിന് അസ്വാഭാവികത തോന്നിയ യാത്രക്കാര്‍ മടക്കത്താനം ഭാഗത്തു വച്ച് ബസ് നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വാഴക്കുളം പൊലിസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രഥമദൃഷ്ട്യാ മദ്യപിച്ച ലക്ഷണങ്ങള്‍ കാണിച്ച ഇയാളെ മെഡിക്കല്‍ പരിശോധനക്കു വിധേയമാക്കി. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് വരെയുള്ള യാത്രക്കാര്‍ക്ക് ഇതര വാഹനങ്ങളില്‍ യാത്രക്കായി സംവിധാനമൊരുക്കി. ബസ് പോലിസ് കസ്റ്റഡിയിലെടുത്തു. പാലാ ഡിപ്പോയില്‍ നിന്നുള്ള സൂപ്പര്‍ഫാസ്റ്റ് ബസായിരുന്നു ഇത്.
Content Highlights: Police took a KSRTC superfast bus driver into custody at Madakkathanam after passengers reported erratic driving en route from Pala to Kozhikode. The driver, showing signs of intoxication, was sent for a medical checkup and a case was registered. Police also seized the bus and arranged alternative transport for the passengers.





