Connect with us

National

ജാമിഅ മദീനതുന്നൂര്‍ @25 ;നാഷണല്‍ സെന്റിനെക്സ്റ്റ് അസംബ്ലിക്ക് ഒഡീഷയില്‍ പ്രൗഢ തുടക്കം

സമസ്ത സെന്റിനറിയുടെ ദേശീയ പ്രചാരണ ഭാഗമായി വിവിധ പരിപാടികള്‍

Published

|

Last Updated

കട്ടക് |  സമസ്ത സെന്റിനറി കോണ്‍ഫറന്‍സിന്റെ ദേശീയ പ്രചാരണ ഭാഗമായി ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ജാമിഅ മദീനതുന്നൂര്‍ സംഘടിപ്പിക്കുന്ന നാഷണല്‍ സെന്റിനെക്സ്റ്റ് അസംബ്ലികള്‍ക്ക് ഒഡീഷയില്‍ പ്രൗഢ തുടക്കം. ന്യൂ കട്ടക് പബ്ലിക് സ്‌കൂള്‍, തൈബ ഗാര്‍ഡന്‍ ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ തൈബ ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹൈറുദ്ദീന്‍ നൂറാനി സെന്റിനെക്സ്റ്റ് അസംബ്ലിയുടെ ദേശീയ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.സമസ്തയുടെ നൂറുവര്‍ഷത്തെ വൈജ്ഞാനിക പൈതൃകവും കേരളത്തിലെ മത-വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ ദേശീയ പ്രസക്തിയും വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അസംബ്ലികളുടെ ലക്ഷ്യം.മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റി കൊല്‍ക്കത്ത റീജിയണല്‍ സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. റഫീദലി മുഖ്യാതിഥിയായി. ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റി ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സയ്യിദ് മുഹമ്മദ് ഷുഐബ്, എസ്.എസ്.എഫ് മുന്‍ ദേശീയ പ്രസിഡന്റ് നൗഷാദ് ആലം മിസ്ബാഹി, സല്‍മാന്‍ നൂറാനി തുടങ്ങിയവര്‍ പങ്കെടുത്തു.

സമസ്തയുടെ നേതൃത്വവും ധിഷണയും രൂപപ്പെടുത്തിയ പ്രമുഖ പണ്ഡിതന്മാരുടെ സംഭാവനകള്‍ പ്രമേയമാക്കി സംഘടിപ്പിച്ച ചര്‍ച്ചയില്‍ അല്ലാമാ അഹ്മദ് കോയ ശാലിയാത്തിയുടെയും ഇമാം അഹ്മദ് റസാഖാന്റെയും വൈജ്ഞാനിക സേവന മാതൃകകള്‍ ചര്‍ച്ചയായി.

സെന്റിനറി ടോക്ക്, കേരള മോഡല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ വിലയിരുത്തുന്ന ഫ്യൂച്ചര്‍ ഡയലോഗ്, സമസ്തയെ വിവിധ ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ പരിചയപ്പെടുത്തുന്ന പോഡ്കാസ്റ്റുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ അസംബ്ലിയുടെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്.

ജാമിഅ മദീനതുന്നൂരിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെന്റിനെക്സ്റ്റ് അസംബ്ലികള്‍ പ്രിസം സംസ്ഥാന ചാപ്റ്ററുകള്‍ വഴിയാണ് നടത്തുന്നത്. നോളജ് ഗാര്‍ഡനില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നേതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിലേക്കുള്ള രജിസ്‌ട്രേഷനോടെയാണ് അസംബ്ലികള്‍ സമാപിക്കുക.

Content Highlights: Jamia Madeenathunnoor inaugurated the National CentiNext Assemblies in Cuttack, Odisha, as part of the Samastha Centenary Conference campaign. The event featured discussions on scholars, future dialogues on Kerala’s education model, podcasts in Indian languages, and publications. Organized via Prism state chapters for Jamia’s 25th anniversary, the series concludes with leadership registration at Knowledge Garden.

---- facebook comment plugin here -----

Latest