KSU
തൃശൂര്‍ കേരളവര്‍മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; കെ എസ് യു ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഇന്നു മന്ത്രിയുടെ വസതിയിലേക്ക് കെ എസ് യു മാര്‍ച്ച് നടത്തും.

കൊച്ചി | തൃശൂര്‍ കേരളവര്‍മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ വിജയം അട്ടിമറിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹരജിയാണു പരിഗണിക്കുന്നത്.
മാനദണ്ഡങ്ങള്‍ ലംഘിച്ചാണു റീ കൗണ്ടിംഗ് നടത്തിയതെന്നും റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂര്‍വ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം കേരളവര്‍മ കോളേജ് വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. എസ് എഫ് ഐ വര്‍ഷങ്ങളായി കൈവശം വച്ച ചില കോളജുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞ ആവേശവും കേരള വര്‍മ സമരവും ചേര്‍ത്ത് ക്യാമ്പസ്സുകളില്‍ കെ എസ് യുവിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിഷയം കത്തിച്ചു നിര്‍ത്തുന്നത്.
കേരളവര്‍മയില്‍ വീണ്ടും യൂണിയന്‍ തെരഞ്ഞെടുപ്പു നടത്തണമെന്നാവശ്യപ്പെട്ട് സമരം കടുപ്പിക്കാനാണ് കെഎസ് യു തീരുമാനം. തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആണെന്ന് ആരോപിച്ച് മന്ത്രിക്കെതിരായ പ്രതിഷേധവും ശക്തമാക്കും. ഇന്നലെ മന്ത്രിയുടെ ചിത്രത്തില്‍ കരിഓയില്‍ ഒഴിക്കുകയും മന്ത്രിയുടെ വാഹനം തടയുകയും ചെയ്തിരുന്നു.
ഇന്നു മന്ത്രിയുടെ വസതിയിലേക്ക് കെ എസ് യു മാര്‍ച്ച് നടത്തും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും സമരം ഏറ്റെടുത്തിട്ടുണ്ട്.