Kerala
തൃശൂരില്‍ ഒന്നാംക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചത് പേവിഷബാധയേറ്റ്
ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സൻഹ മെഹ്റിൻ കുഴഞ്ഞുവീണ് മരിച്ചത്.
തൃശൂർ| തൃശൂർ ചെറുതുരുത്തിയിൽ ഒന്നാംക്ലാസുകാരി സൻഹ മെഹ്റിന്റെ മരണകാരണം പേവിഷബാധയെന്ന് സ്ഥിരീകരണം. ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സൻഹ മെഹ്റിൻ കുഴഞ്ഞുവീണ് മരിച്ചത്.
ഏപ്രിൽ 28ന് ആയിരുന്നു സംഭവം. കുഴഞ്ഞുവീണതിന് പിന്നാലെ കുട്ടി വെള്ളത്തിനോട് വിരക്തി പ്രകടിപ്പിച്ചതായും വായിൽനിന്ന് നുരയും പതയും വന്നതായും വിവരമുണ്ട്. എന്നാൽ കുട്ടിക്ക് രോഗബാധയുണ്ടായത് എങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു.
ഇതേ തുടർന്ന് സൻഹ മെഹ്റിന്റെ സ്രവമെടുത്ത് പരിശോധനയ്ക്ക് സെൻട്രൽ ലാബിലേക്ക് അയച്ചിരുന്നു. പുറത്തുവന്ന പരിശോധന ഫലത്തിലാണ് മരണകാരണം പേവിഷ ബാധയാണെന്ന് സ്ഥിരീകരിച്ചത്. വീടിന് സമീപത്തെ പൂച്ചകളുമായി കളിക്കുന്നത് സൻഹയുടെ പതിവായിരുന്നു.
ഇത്തരം സാഹചര്യത്തിൽ നിന്നാണോ കുട്ടിക്ക് രോഗബാധയുണ്ടായതെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Content Highlights:
The death of Sanha Mehrin, a first-grade student from Cheruthuruthy in Thrissur, has been confirmed as a result of rabies following laboratory tests. The child collapsed on April 28 while traveling to a relative’s house and exhibited symptoms such as hydrophobia and foaming at the mouth before passing away. While the exact source of infection remains unclear, health officials suspect it may have occurred while she was playing with local cats, and a thorough investigation is now underway.







