Connect with us

Ongoing News

ബാർ ജീവനക്കാരെ വഴിയില്‍ തടഞ്ഞ് മര്‍ദ്ദിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

അക്രമം ബാറിലെ തർക്കത്തെ തുടർന്ന്

Published

|

Last Updated

പത്തനംതിട്ട | ബാറില്‍ മദ്യപിച്ച് ബഹളം വെച്ചതിന് പുറത്താക്കിയ സംഭവത്തെ തുടര്‍ന്ന് ജീവനക്കാരെ ജോലി കഴിഞ്ഞ് മടങ്ങവെ ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പെരിങ്ങനാട്  മുണ്ടപ്പള്ളി  പാറക്കൂട്ടം സൂര്യാ ഭവനം വീട്ടില്‍ സൂരജ് എസ് (28),  പാറക്കൂട്ടം കല്ലുവിളയില്‍ വീട്ടില്‍ ഭാസ്‌കരന്‍ (42), പാറക്കൂട്ടം ഷൈജു ഭവനം വീട്ടില്‍ ഷൈജു സി ( 34) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 5ന്  രാത്രി 11.50ന് ജോലി കഴിഞ്ഞ് ബൈക്കുകളിലും കാറിലുമായി വീടുകളിലേക്ക് പോകുകയായിരുന്ന അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ബാറിലെ സൂപ്പര്‍വൈസര്‍ ബൈജു, ജീവനക്കാരായ ധനേഷ്, ഗൗതം എന്നിവരാണ് ആക്രമത്തിന് ഇരയായത്. 15ഓളം പേരടങ്ങിയ സംഘം വടികളും മറ്റുമായി പെരിങ്ങനാട്  വഞ്ചിമുക്ക് വച്ച് ബിജുവിൻ്റെ വലതുകൈയിലെ രണ്ട് അസ്ഥികള്‍ക്ക് അടിച്ച് ഒടിച്ചിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് അടൂര്‍ ഡി വൈ എസ് പി ആര്‍ ബിനുവിൻ്റെ നിര്‍ദ്ദേശപ്രകാരം അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് റ്റി ഡിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വിവിധ ഇടങ്ങളില്‍ നിന്നും പിടികൂടുകയായിരുന്നു.

എസ് ഐ മനീഷ് എം, സി പി ഒമാരായ രാജേഷ് ചെറിയാന്‍, സൂരജ് ആര്‍ കുറുപ്പ്, സുനില്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest