Kerala
പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലീലയും ഭര്‍ത്താവും മകനും ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

പത്തനംതിട്ട|പത്തനംതിട്ട കൊടുമണ്‍ രണ്ടാം കുറ്റിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാള്‍ മരിച്ചു. ലീല (48)യാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്. അമിതമായി ഗുളികകള്‍ കഴിച്ച ഭര്‍ത്താവിനെയും മകനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലീലയും ഭര്‍ത്താവും മകനും ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ഒരു മകന്‍ എറണാംകുളത്ത് ജോലി ചെയ്യുകയാണ്.
ആദ്യം കൈയ്യില്‍ കിട്ടിയ ഗുളികള്‍ മൂവരും കഴിച്ചു. എന്നാല്‍ രാത്രി തനിക്ക് പേടിയാണെന്ന് പറഞ്ഞ് മകന്‍ പിന്മാറി. പിന്നീട് മകനും ഭര്‍ത്താവും ഉറങ്ങിക്കിട ന്ന സമയത്ത് ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രാവിലെ ഇവര്‍ അയല്‍വാസികളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളും ഗുളിക കഴിച്ചെന്ന് ഇരുവരും വെളിപ്പെടുത്തിയതോടെ ഇവരെ ആദ്യം അടൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ഒന്നിലധികം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇവര്‍ ലോണ്‍ എടുത്തിരുന്നു. എന്നാല്‍ ലോണ്‍ തിരിച്ചടക്കാന്‍ സാധിച്ചില്ല. പണം അടക്കാന്‍ കഴിയാത്തതില്‍ ഭീഷണി ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കുടുംബത്തിനു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)