National
തിരുനെല്‍വേലിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ച സംഭവം; പ്രധാന അധ്യാപിക അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
പരിശോധനകള്‍ നടക്കുന്നതിനാല്‍ സാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു
തിരുനെല്‍വേലി | തമിഴ്‌നാട് തിരുനെല്‍വേലിയില്‍ സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാളയംകോട്ടൈ സാഫ്റ്റര്‍ മെട്രിക്കുലേഷന്‍ സ്‌കൂളിലെ ശുചിമുറിയാണ് ഇന്നലെ തകര്‍ന്ന് വീണത്. സംഭവത്തില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സോളമന്‍ സെല്‍വരാജ്, പ്രധാനാധ്യാപിക ജ്ഞാനശെല്‍വി, കോണ്‍ട്രാക്ടര്‍ എന്നിവരാണ് അറസ്റ്റിലായത്.
എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്. ടോയിലറ്റ് കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ഡി വിശ്വരഞ്ജന്‍, കെ അന്‍പഴകന്‍ എന്നിവര്‍ സംഭവ സ്ഥലത്തും ആറാം ക്ലാസ് വിദ്യാര്‍ഥിയായ ആര്‍ സുതീഷ് ആശുപത്രിയിലും മരിച്ചു. ഗുരുതര പരുക്കുകളോടെ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എജുക്കേഷണല്‍ ഓഫിസര്‍ സുഭാഷിണി ഉത്തരവ് നല്‍കി. പരിശോധനകള്‍ നടക്കുന്നതിനാല്‍ സാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു


