Editorial
ഈ പിളർത്തൽ രാഷ്ട്രീയ വഞ്ചന
മറ്റ് പാർട്ടികളെ തകർത്ത് ഏകപക്ഷീയമായ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനുള്ള ബി ജെ പിയുടെ നീക്കങ്ങൾ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിനു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കർണാടകയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പരീക്ഷിച്ച അതേ രാഷ്ട്രീയ കുതന്ത്രമാണ് ഇപ്പോൾ പഞ്ചാബിലും ആവർത്തിക്കുന്നത്.
അടുത്ത ഫെബ്രുവരിയിൽ പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കനത്ത പ്രഹരമാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് ആം ആദ്മി പാർട്ടി രാജ്യസഭാംഗങ്ങളുടെ ബി ജെ പിയിലേക്കുള്ള കൂടുമാറ്റം. രാജ്യസഭയിൽ മാത്രമല്ല, പഞ്ചാബ് നിയമസഭയിലേക്കും ഈ പിളർപ്പെത്തുമോ എന്ന ഭീതിയിലാണ് എ എ പി. പഞ്ചാബിൽ അധികാരത്തിലേറിയ ശേഷം പാർട്ടി നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണിത്. ആം ആദ്മി പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരും അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തരും ഉൾപ്പെടെയാണ് മറുകണ്ടം ചാടിയത്.
എ എ പിയുടെ നയവൈകല്യങ്ങളും സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്നുള്ള അകൽച്ചയുമാണ് പാർട്ടി വിടാൻ കാരണമെന്നാണ് രാഘവ് ഛദ്ദയുടെ ഭാഷ്യമെങ്കിലും കർണാടക മോഡൽ “ഓപറേഷൻ താമര’യാണിതെന്നാണ് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നത്. വാഗ്ദാനങ്ങൾ നൽകിയുള്ള വശീകരണത്തിനു പുറമെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തി വരുതിയിലാക്കുന്ന രീതി കൂടിയാണ് ഇവിടെ പ്രയോഗിച്ചത്. ഇ ഡി, സി ബി ഐ കേസുകളിൽ അന്വേഷണം നേരിടുന്ന എം പിമാരുമുണ്ട് മറുകണ്ടം ചാടിയവരിലെന്നത് ശ്രദ്ധേയമാണ്. കേന്ദ്ര ഏജൻസികൾ വേട്ടയാടുന്ന രാഷ്ട്രീയ നേതാക്കൾക്ക് രക്ഷപ്പെടാനുള്ള മാർഗമാണ് ബി ജെ പിയിലേക്കുള്ള കൂടുമാറ്റം. അതോടെ കേസന്വേഷണം മന്ദഗതിയിലാകുകയോ, കേസ് മരവിപ്പിക്കുകയോ ചെയ്യുന്നതായാണ് മുൻകാല അനുഭവം.
രാഘവ് ഛദ്ദക്ക് നേരത്തേ തുടങ്ങിയതാണ് ബി ജെ പിയോടുള്ള താത്പര്യം. ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെ കോടതി വെറുതെ വിട്ടപ്പോൾ ഛദ്ദ ഒന്നും പ്രതികരിക്കാതിരുന്നതും തന്റെ എക്‌സ് അക്കൗണ്ടിൽ നിന്ന് ബി ജെ പിക്കും മോദിക്കുമെതിരായ പഴയ പോസ്റ്റുകൾ നീക്കം ചെയ്തതും ഇതിന്റെ വ്യക്തമായ സൂചനയായിരുന്നു. ഛദ്ദയെ എ എ പി രാജ്യസഭാ ഉപനേതാവ് പദവിയിൽ നിന്ന് നീക്കിയപ്പോൾ അദ്ദേഹത്തെ പിന്തുണച്ച് ഡൽഹി ബി ജെ പി അധ്യക്ഷൻ വീരേന്ദ്ര സച്ഛ് ദേവ രംഗത്തുവന്നതും ശ്രദ്ധേയമാണ്. രാജ്യസഭാ ഉപനേതൃപദവിയിൽ നിന്ന് നീക്കിയ ഉടനെ തീരുമാനമായതാണ് ഛദ്ദയുടെ ചുവടുമാറ്റം. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് കൂടുതൽ എ എ പി അംഗങ്ങളെ ചാക്കിട്ടുപിടിക്കുന്നതിനാണ് അദ്ദേഹം ഈ നീക്കം വൈകിപ്പിച്ചത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം കൂറുമാറ്റം നിരോധിക്കപ്പെട്ടതാണെങ്കിലും ഈ നിയമത്തിലെ മൂന്നിൽ രണ്ട് എന്ന പഴുതിനെയാണ് ഛദ്ദയും കൂട്ടരും ചൂഷണം ചെയ്തത്. ഒരു നിയമസഭാ/പാർലിമെന്ററി പാർട്ടിയുടെ മൂന്നിൽ രണ്ട് അംഗങ്ങൾ ഒന്നിച്ച് കൂറുമാറുമ്പോൾ നിയമപരമായി അത് “ലയന’മായി മാറുന്നു. നിയമത്തിന്റെ കണ്ണിൽ ഇത് സാധുവാണെങ്കിലും ജനങ്ങളുടെ കണ്ണിൽ പച്ചയായ വഞ്ചനയാണ്. ഛദ്ദ എന്ന വ്യക്തിക്കെന്നതിനേക്കളേറെ ആം ആദ്മി പാർട്ടിക്കു വേണ്ടിയാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിയമസഭാംഗങ്ങൾ അദ്ദേഹത്തെ പിന്തുണച്ചത്. പഞ്ചാബിലെ ജനങ്ങൾ ആം ആദ്മിക്കു നൽകിയ വമ്പിച്ച ഭൂരിപക്ഷത്തിന്റെ പ്രതിഫലനമാണ് ഈ രാജ്യസഭാ സീറ്റുകൾ. ബി ജെ പിവിരുദ്ധ വോട്ടിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ പിന്നീട് ബി ജെ പിയിലേക്ക് മാറുകയാണെങ്കിൽ അതിനു മുമ്പായി എം പി സ്ഥാനം രാജിവെക്കുന്നതാണ് രാഷ്ട്രീയ മാന്യത. എം പിമാർക്ക് അവരുടെ രാഷട്രീയ നിലപാട് മാറ്റാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും അതവരെ ആ പദവിയിലെത്തിച്ച പാർട്ടിയെയും വോട്ടർമാരെയും വഞ്ചിച്ചു കൊണ്ടാകരുത്.
മറ്റ് പാർട്ടികളെ പിളർത്തിയും തകർത്തും ഏകപക്ഷീയമായ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനുള്ള ബി ജെ പിയുടെ നീക്കങ്ങൾ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിനു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കർണാടകയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പരീക്ഷിച്ച അതേ രാഷ്ട്രീയ കുതന്ത്രമാണ് ഇപ്പോൾ പഞ്ചാബിലും ആവർത്തിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ അടർത്തിയെടുത്ത് പാർട്ടികളെ തകർക്കുന്ന രീതി സ്വേഛാധിപത്യത്തിലേക്ക് വഴിയൊരുക്കലാണ്.
രാഷ്ട്രീയ വിയോജിപ്പുകളെ പ്രത്യയശാസ്ത്രപരമായി നേരിടുന്നതിന് പകരം പാർട്ടികളെ തന്നെ തകർക്കുന്ന ബി ജെ പി നിലപാട് രാഷ്ട്രീയ പാപ്പരത്തവും അധാർമികവുമാണ്. ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ ആധിപത്യം മാത്രമല്ല, വിയോജിപ്പുകളുടെ സംരക്ഷണം കൂടിയാണ്. രാഷ്ട്രീയം അധികാരത്തിലേക്കുള്ള ചവിട്ടുപടി എന്നതിലപ്പുറം സേവനോപാധിയായി കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്നത് കേവലം കച്ചവടമായി മാറി. അധികാരമോഹികളായ നേതാക്കൾ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി മാറ്റുകയാണ്. ഇക്കാലമത്രയും അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാഘവ് ഛദ്ദയെ പോലുള്ള യുവനേതാക്കൾ ഇത്തരം നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത് യുവാക്കൾക്ക് രാഷ്ട്രീയത്തിലുള്ള വിശ്വാസം നഷ്ടപ്പെടാനും രാഷ്ട്രീയത്തിൽ നിന്ന് അകലാനും ഇടയാക്കും. ആം ആദ്മി പാർട്ടിയോട് ആശയപരമായ വിയോജിപ്പുണ്ടെങ്കിൽ എം പി സ്ഥാനം ബി ജെ പിക്കു വിൽക്കുകയല്ല, സ്ഥാനം രാജിവെച്ച് വീണ്ടും ജനവിധി തേടുകയാണ് വേണ്ടത്. എ എ പിക്കുള്ളിലെ അഴിമതിയെക്കുറിച്ചും നയപരമായ വൈകല്യങ്ങളെക്കുറിച്ചും ഇപ്പോൾ വാചാലനാകുന്ന ഛദ്ദ, ഇത്രയും കാലം അതേ പാർട്ടിയുടെ ആനുകൂല്യത്തിലാണ് അധികാര പദവിയിൽ ഇരുന്നതെന്ന കാര്യം മറക്കരുത്.
പഞ്ചാബിലെ ഭഗവന്ത്മാൻ സർക്കാറിന് കനത്ത പരീക്ഷണമാണ് ഛദ്ദയുടെയും കൂട്ടരുടെയും കൊഴിഞ്ഞുപോക്ക്. എം പിമാരെ ബി ജെ പി വിലക്കെടുത്തത് രാജ്യസഭയിലെ പാർട്ടി അംഗസംഖ്യ ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മാത്രമല്ല, നിയമസഭയിലെ ആധിപത്യം കൂടി മുന്നിൽക്കണ്ടാണ്. എങ്കിലും കർഷക സമരത്തിലടക്കം കേന്ദ്ര സർക്കാറിനും ബി ജെ പിക്കുമെതിരെ ഉറച്ച നിലപാട് സ്വീകരിച്ച പഞ്ചാബ് ജനത ഈ രാഷ്ട്രീയ നാടകത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.




