Connect with us

Articles

ഇതൊരു മുന്നറിയിപ്പാണ്

കോടിക്കണക്കിന് വോട്ടർമാർ നൽകിയ ഈ വിധി പറയുന്നതെന്താണ്? മോദിക്കും സംഘത്തിനും ഇനിമേൽ പഴയ പോലെ ഭരണം തുടരാൻ അവകാശമില്ല എന്നത് തന്നെയാണ്. ഇന്ത്യ എന്ന രാജ്യം ഏകമുഖമല്ല. അതിന്റെ വൈവിധ്യങ്ങളെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകരുത്. ജനങ്ങളെ വർഗീയമായി വിഭജിച്ച് മറ്റെല്ലാ വിഷയങ്ങളും മറച്ചു പിടിച്ചുകൊണ്ട് വലിയ വിജയം നേടാൻ കഴിയും എന്ന് കരുതിയിരുന്നവർക്കുള്ള മുന്നറിയിപ്പാണിത്.

Published

|

Last Updated

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തെ എങ്ങനെ വിലയിരുത്താം ? മോദിക്കും ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എക്കും ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം കിട്ടി എന്നത് പ്രധാനപ്പെട്ട ഒരു ഫലമാണ്. എന്നാൽ ഒറ്റക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം, മൊത്തം 400 സീറ്റുകൾ എന്നൊക്കെയുള്ള അവകാശവാദവുമായിട്ടാണ് മോദിയും സംഘവും തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഏത് തിരഞ്ഞെടുപ്പിലും മത്സരിക്കുന്നവർ ഉയർത്തുന്ന കേവല അവകാശവാദം എന്ന രീതിയിലല്ല വളരെ ആസൂത്രിതമായി തന്നെയാണ് അവർ ഈ വിജയം അവകാശപ്പെട്ടത്. ഫലം വരുന്നതിന് രണ്ട് ദിവസം മുമ്പ് ഇന്ത്യയിലെ എല്ലാ ദേശീയ ചാനലുകളും നടത്തിയ പതിനഞ്ചോളം എക്സിറ്റ് പോളുകളിലും ഇതേ വിജയം പ്രവചിച്ചിരുന്നു എന്നും കാണാം. (ഈ എക്സിറ്റ് പോൾ ഫലങ്ങളുടെ ആത്യന്തിക നേട്ടം ആർക്കാണെന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന പിറ്റേന്നത്തെ ഓഹരിക്കമ്പോളം നോക്കിയാൽ മതി. ദേശീയ ഓഹരി സൂചിക രാവിലെ എട്ട് മണി (3/6/2024) ആയപ്പോൾ തന്നെ 3.58 ശതമാനം ഉയർച്ച കാണിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ അന്തിമഫലം എന്തു തന്നെയായാലും ആസൂത്രിത എക്സിറ്റ് പോൾ പ്രവചന പരിപാടിയിലൂടെ ശതകോടികളുടെ നേട്ടമാണ് കമ്പനികൾ ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യൻ ഓഹരി വിപണിയെ തന്റെ അദൃശ്യകരങ്ങളാൽ നിയന്ത്രിക്കുന്ന അമിത് ഷായും കൂട്ടരും ഇതിലൂടെ കൊയ്യുന്നത് കോടികളായിരിക്കും. എക്സിറ്റ് പോൾ പ്രവചനങ്ങൾക്കായി വിയർപ്പൊഴുക്കിയ “ലാപ്ഡോഗു’കൾക്കും അവരുടെ പങ്ക് എല്ലിൻ കഷണങ്ങൾ കിട്ടാതിരിക്കില്ല.) പക്ഷേ സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇതിൽ വലിയ കാര്യമില്ല. നമുക്ക് യഥാർഥ ഫലത്തിലേക്ക് വരാം.

ബി ജെ പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ല. 2019ൽ അവർ നേടിയ 304നേക്കാൾ 64 സീറ്റുകൾ കുറവ്. ഇന്ത്യ മുന്നണി രൂപവത്കരിക്കുന്നതിന് നേതൃത്വം കൊടുത്ത നിതീഷ്കുമാറിനെ അടർത്തി എടുത്തതും അവസാന ഘട്ടത്തിൽ ആന്ധ്രയിൽ നായിഡുവിന്റെ ടി ഡി പിയുമായി സഖ്യം ഉണ്ടാക്കാനായതുമാണ് കഷ്ടി ഭൂരിപക്ഷത്തിലെങ്കിലും എത്താൻ സഹായിച്ചത് എന്ന് കാണാം. കോടിക്കണക്കിന് വോട്ടർമാർ നൽകിയ ഈ വിധി പറയുന്നതെന്താണ്? മോദിക്കും സംഘത്തിനും ഇനിമേൽ പഴയ പോലെ ഭരണം തുടരാൻ അവകാശമില്ല എന്നത് തന്നെയാണ്. ഇന്ത്യ എന്ന രാജ്യം ഏകമുഖമല്ല. അതിന്റെ വൈവിധ്യങ്ങളെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകരുത്. ജനങ്ങളെ വർഗീയമായി വിഭജിച്ച് മറ്റെല്ലാ വിഷയങ്ങളും മറച്ചു പിടിച്ചുകൊണ്ട് വലിയ വിജയം നേടാൻ കഴിയും എന്ന് കരുതിയിരുന്നവർക്കുള്ള മുന്നറിയിപ്പാണിത്.

ഏകാധിപത്യ മനസ്സോടെ ഒരു കക്ഷി, ഒരു നേതാവ് എന്ന സങ്കൽപ്പത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതല്ല ഇന്ത്യക്ക് വേണ്ടത്. ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ ഫെഡറൽ ഘടന എന്നതിന്റെ അർഥം എന്താണെന്ന് ജനങ്ങൾ ഇവരെ പഠിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ ഇനിമേൽ ഇന്ത്യക്ക് യോജിക്കുക ഒരു മുന്നണി ഭരണമാണ്. കേരളമടക്കം എത്ര സംസ്ഥാനങ്ങളിലും പലപ്പോഴും കേന്ദ്രത്തിലും മുന്നണി ഭരണം വിജയകരമായി നടപ്പായിട്ടുണ്ട് എന്നത് മറക്കരുത്. അത്തരം ഒരു ഭരണത്തിലാണ് ഇന്ത്യയുടെ ബഹുസ്വരതക്ക് പ്രാതിനിധ്യം ലഭിക്കുക. ഒരു നേതാവ് എന്നന്ത് പോലെ ഒരു ഭാഷ, ഒരു മതം, ഒരു വിശ്വാസം, ഒരേ വേഷം എന്നിങ്ങനെയുള്ള നിബന്ധനകൾ ഇന്ത്യക്ക് ചേർന്നതല്ല. വിവിധ വിഭാഗം ജനങ്ങൾ രണ്ട് നൂറ്റാണ്ട് സമരം ചെയ്ത നേടിയതാണ് നമ്മുടെ സ്വാതന്ത്ര്യം. ആ ആശയമാണ് നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ സമരത്തെയും മഹാത്മാ ഗാന്ധിയെയും പോലും അംഗീകരിക്കാൻ മടി കാണിക്കുന്നവർക്ക് ഇതിന്റെ ആശയം മനസ്സിലാകില്ല. അത് മനസ്സിലാക്കിക്കൊടുക്കുകയാണ് ജനങ്ങൾ ചെയ്തത്.

തങ്ങളുടെ പ്രവർത്തനങ്ങൾ കുറെ കൂടി നേരത്തേയും ആസൂത്രിതമായും ചെയ്യാൻ ഇന്ത്യ മുന്നണിക്ക് കഴിഞ്ഞിരുന്നെങ്കിൽ ഈ ഫലം മറിച്ചാകുമായിരുന്നു. നിതീഷിനെ കൂടെ നിർത്താനും നായിഡുവിന്റെ കൂടെ കൂടാനും കഴിഞ്ഞിരുന്നു എങ്കിൽ എന്നും പറയാം. കോൺഗ്രസ്സിന് അവരുടെ സീറ്റുകൾ ഏതാണ്ട് ഇരട്ടി ആക്കാൻ കഴിഞ്ഞു. ഇപ്പോഴും പല സംസ്ഥാനങ്ങളിലും അവരുടെ സംഘടനാ സംവിധാനം തകർന്നിരിക്കുകയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസ്സിന് പ്രാദേശിക കക്ഷികളുടെയും തങ്ങളുടെ തന്നെ പ്രാദേശിക നേതൃത്വങ്ങളുടെയും വികാരങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നതും ഈ നേട്ടത്തിന് കാരണമാണ്. പ്രത്യേകിച്ചും യു പിയിൽ അവർ രൂപവത്കരിച്ച സഖ്യം ഇത്തവണ ഏറെ ഫലവത്തായി എന്ന് കാണാം. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പഴയ തലമുറയിലെ നേതാക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് തെളിയിച്ചു. യു പി എന്ന ഒരു സംസ്ഥാനമാണ് ബി ജെ പിയുടെ അടിത്തറക്ക് ഭീഷണി ഉയർത്തിയത്. കടുത്ത വർഗീയ വിഷം ചീറ്റിക്കൊണ്ട് ബാബരി പള്ളി തകർത്ത് രാമക്ഷേത്രം നിർമിക്കുന്നതിലൂടെയും കോൺഗ്രസ്സിനെതിരെ തികഞ്ഞ വർഗീയപ്രചാരണം നടത്തുന്നതിലൂടെയും മുൻകാലത്തെ പോലെ വിജയം കൊയ്യാം എന്ന അവരുടെ തന്ത്രം രാഹുൽ- അഖിലേഷ് സംഘം പൊളിച്ചടുക്കി. മായാവതിയെ മുന്നിൽ നിർത്തി ദളിത് മുസ്്ലിം വോട്ടുകൾ ഭിന്നിപ്പിക്കാമെന്ന പഴയ തന്ത്രം പൊളിച്ചടുക്കിയത് ഇന്ത്യ മുന്നണിയും ജനങ്ങളും കൂടിയാണ്. പൊതു സീറ്റുകളിൽ സംവരണ വിഭാഗത്തിൽ പെടുന്നവരെ മത്സരിപ്പിക്കാൻ കാട്ടിയ മുന്നണി ധൈര്യം എടുത്തു പറയേണ്ടതാണ്. കേവലം യാദവ മുസ്്ലിം മുന്നണി എന്നതിനപ്പുറം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നവരാണ് തങ്ങൾ എന്ന് അതിലൂടെ തെളിയിച്ചു. വിഭജന തന്ത്രം പൊളിഞ്ഞു. 2019ൽ 10 സീറ്റുകൾ നേടിയ മായാവതിക്ക് ഇത്തവണ ഒരു സീറ്റു പോലുമില്ല. ദളിത് മുസ്്ലിം ജനത ഇതിലെ കള്ളക്കളികൾ ശരിയായി തിരിച്ചറിഞ്ഞു. സംഘ്പരിവാറിന്റെ ഏറ്റവും വലിയ നേട്ടമായി ഉയർത്തിക്കാട്ടിയ അയോദ്ധ്യ രാമക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയാണ് വിജയിച്ചത് എന്ന് പറയുമ്പോൾ കാര്യം വ്യക്തമാണ്.
ഈ തിരഞ്ഞെടുപ്പിൽ കണ്ട രാഹുൽ ഗാന്ധി തീർത്തും മറ്റൊരാളായിരുന്നു. കഴിഞ്ഞ കാലത്ത് പപ്പു എന്നും അമുൽ ബേബി എന്നും മറ്റും ആക്ഷേപിച്ചിരുന്നവർക്ക് തന്നെ ഇപ്പോൾ ഏറെ പാകത വന്ന ഒരാളാണ് അദ്ദേഹം എന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്ര അക്ഷരാർഥത്തിൽ നേട്ടം കൊയ്തിരിക്കുന്നു. മണിപ്പൂരിലും അസമിലും തുടങ്ങി യു പിയിലും ഝാർഖണ്ഡിലും മഹാരഷ്ട്രയിലും രാജസ്ഥാനിലും ഗുജറാത്തിലും വരെ അതിന്റെ ഫലങ്ങൾ കാണാം. റായ്ബറേലി എന്ന ഒരൊറ്റ സീറ്റിൽ മാത്രമാണ് 2019 ൽ കോൺഗ്രസ്സ് (സോണിയാ ഗാന്ധി) ജയിച്ചു കയറിയത്. രാഹുൽ പോലും അമേഠിയിൽ ദയനീയമായി പരാജയപ്പെട്ടു. പക്ഷേ ഇത്തവണ റായ്ബറേലിയിൽ വലിയ ഭൂരിപക്ഷത്തിൽ (വാരാണസിയിൽ പ്രധാനമന്ത്രിക്ക് ലഭിച്ചതിന്റെ ഇരട്ടിയേക്കാൾ കൂടുതൽ) വിജയിക്കാൻ കോൺഗ്രസ്സിനായി. അമേഠി അവർ തിരിച്ചുപിടിച്ചു. അദ്ദേഹത്തിന്റെ കക്ഷിക്ക്‌ വിജയം നേടാൻ കഴിയാതിരുന്നത് സ്വന്തം പാർട്ടിക്കാരുടെ ശേഷിക്കുറവ് കൊണ്ടാണെന്ന് കാണാം.

ഇന്ത്യ മുന്നണിയുടെയും കോൺഗ്രസ്സിന്റെയും വിജയകരമായ തന്ത്രം കണ്ടത് അവർ ഉയർത്തിയ പ്രചാരണ വിഷയങ്ങളിലാണ്. പത്ത് വർഷക്കാലം ഭരിച്ച ബി ജെ പി ആദ്യം വികസനം പറഞ്ഞു, ഒപ്പം രാമക്ഷേത്രവും ഉയർത്തി. എന്നാൽ കോൺഗ്രസ്സ് അതിന്റെ ക്രിയാത്മകമായ മാനിഫെസ്റ്റോ മുന്നോട്ടു വെച്ചതോടെ ന്യായപത്ര എന്ന പേരിലുള്ള ആ പ്രകടന പത്രികയിൽ ജാതി സെൻസസ്, സ്ത്രീകൾക്കും തൊഴിൽരഹിതർക്കുമുള്ള സഹായങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നു. ഇതിൽ ബി ജെ പി വീണു. പിന്നീട് അവർക്ക് പോലും ചർച്ച ചെയ്യേണ്ടി വന്നത് ഈ പ്രകടന പത്രികയാണ്. വിലക്കയറ്റവും തൊഴില്ലായ്മയും അഗ്നിവീർ പദ്ധതിയുടെ തട്ടിപ്പുകളും കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളുമടക്കം സമൂർത്തവും ജനങ്ങൾക്ക് നേരിട്ടറിയാവുന്നതുമായ വിഷയങ്ങൾ മുന്നോട്ടു വന്നതോടെ ബി ജെ പിക്ക് ആധിയായി. അതിന്റെ ഫലമാണ് കോൺഗ്രസ്സിന്റെ മാനിഫെസ്റ്റോക്കെതിരെ വർഗീയ പ്രചാരണം ആരംഭിച്ചത്. അതും വിജയിക്കാതെ വന്നപ്പോഴാണ് കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ഹിന്ദു സ്ത്രീകളുടെ മംഗല്യസൂത്രം വരെ അഴിപ്പിക്കുമെന്ന പ്രചാരണം തുടങ്ങിയത്. കോൺഗ്രസ്സും ഇന്ത്യ മുന്നണിയും പ്രത്യേകിച്ചും രാഹുൽ ഗാന്ധിയും ഇതിനൊന്നും മറുപടി പറഞ്ഞില്ല. മറിച്ച് തങ്ങൾ ഉന്നയിക്കുന്ന വാഗ്ദാനങ്ങൾ കൂടുതൽ ശക്തിയോടെ പ്രചരിപ്പിച്ചു.
ഈ ഫലങ്ങളിലൂടെ ചില കാര്യങ്ങൾ വ്യക്തമാകുന്നു. തീർത്തും വർഗീയമായ മാർഗങ്ങളിലൂടെ ജനങ്ങളെ ഇനി വഞ്ചിക്കാനാകില്ല. ഇന്ത്യയിൽ വ്യത്യസ്ത ജാതി മത സംസ്കാരങ്ങൾ നിലനിൽക്കുന്നു. അവരെ പരിഗണിക്കണം. ഭരണഘടനാ സ്ഥാപനങ്ങളെ സ്വതന്ത്രമായി വിടേണ്ടി വരും. സംസ്ഥാനങ്ങളെ യൂനിയൻ സർക്കാറിന്റെ കോളനികളാക്കി മാറ്റാൻ കഴിയില്ല. അവരുടെ അവകാശാധികാരങ്ങൾ ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്. അത് ബഹുമാനിക്കപ്പെടണം. കേവലം മോദിയുടെ ഗ്യാരന്റി എന്നതിൽ ജനങ്ങൾ വിശ്വസിക്കുന്നില്ല. മറിച്ച് ജനാധിപത്യത്തിൽ ജനങ്ങളുടെ ഗ്യാരന്റി ആണ് പ്രധാനം. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ പറയുന്നു ഇന്ത്യ ഫെഡറൽ മതേതര ജനാധിപത്യമാണ് എന്ന്. ഇത് ഇനിയെങ്കിലും ബി ജെ പി അംഗീകരിക്കണം എന്നാണ് ഈ വിധി പറയുന്നത്.

വൽക്കഷ്ണം : ഇന്ത്യയുടെ പലഭാഗങ്ങളിലും വർഗീയ അജൻഡ പരാജയപ്പെട്ടപ്പോൾ നവോത്ഥാന പുരോഗമന കേരളത്തിൽ അവരുടെ ഒരു താമര വേര് പിടിച്ചു എന്ന് കാണുമ്പോൾ അപമാനം തോന്നുന്നു. മണിപ്പൂരിലെ രണ്ട് സീറ്റും പോകുമ്പോഴും അവിടെ ദുരന്തത്തിനിരയായവരുടെ വിഭാഗത്തിൽപ്പെട്ടവർ ഇവിടെ താമര വിരിയിക്കാൻ കൂട്ട് നിന്നു എങ്കിൽ അതിൽ അവർ പശ്ചാത്തപിക്കേണ്ടി വരും.

Latest