Editorial
അത്ര നിഷ്‌കളങ്കമല്ല ഈ തിടുക്കം
കേരള നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയതു പോലെ, പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന വിവാദ പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനൊരുമ്പെടുന്നവര്‍ എസ് ഐ ആറിനെ ഏതു വിധമാണ് ഉപയോഗപ്പെടുത്തുകയെന്ന് പറയാനാകില്ല.
പിഴവുകളില്ലാത്ത വോട്ടര്‍ പട്ടിക ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമായതിനാല്‍ കാലാകാലങ്ങളില്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധനക്ക് വിധേയമാക്കലും പുതുക്കലും അനിവാര്യമാണെന്നതില്‍ സന്ദേഹമില്ല. 2002-2004 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് രാജ്യത്ത് വോട്ടര്‍ പട്ടിക തീവ്രപരിശോധനക്ക് വിധേയമാക്കിയത്. അതുകഴിഞ്ഞ് രണ്ട് പതിറ്റാണ്ടിലേറെ പിന്നിട്ട സാഹചര്യത്തില്‍ പട്ടിക വീണ്ടും തീവ്രപരിശോധനക്ക് വിധേയമാക്കേണ്ട കാലമായി എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം മാനിക്കപ്പെടേണ്ടതുമാണ്. നിലവിലുള്ള വോട്ടര്‍ പട്ടികയില്‍ നിരവധി അപാകങ്ങളുണ്ടെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശേഷിച്ചും.
ബിഹാറിനു പിന്നാലെ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സംസ്ഥാനങ്ങളിലും എസ് ഐ ആര്‍ നടപ്പാക്കാനുള്ള തിടുക്കത്തിലാണ് തിര. കമ്മീഷന്‍. ഈ വര്‍ഷം തന്നെ രാജ്യവ്യാപകമായി എസ് ഐ ആര്‍ പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ തീരുമാനമത്രെ. കേരളത്തില്‍ എസ് ഐ ആറിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനും വോട്ടര്‍മാരുടെ യോഗ്യത നിര്‍ണയിക്കാന്‍ സ്വീകരിക്കാവുന്ന രേഖകള്‍ ഏതെല്ലാമെന്ന് കണ്ടെത്താനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (സി ഇ ഒ) സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായാണ് വിവരം.
എന്നാല്‍ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങള്‍ കണക്കിലെടുത്തും സംസ്ഥാന ഭരണകൂടത്തിന്റെ അഭിപ്രായം മാനിച്ചുമായിരിക്കണം ജനാധിപത്യ സംവിധാനത്തില്‍ എസ് ഐ ആര്‍ നടപ്പാക്കേണ്ടത്. കേരളത്തില്‍ ഉടന്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനു തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയുമാണ്. റിട്ടേണിംഗ് ഓഫീസര്‍മാരാണ് ജില്ലാ കലക്ടര്‍മാരും ഡെപ്യൂട്ടി കലക്ടര്‍മാരും. എസ് ഐ ആറിന്റെ ചുമതലയേല്‍പ്പിക്കപ്പെടുന്നതും ഇവരില്‍ തന്നെ. രണ്ട് ഉത്തരവാദിത്വങ്ങളും ഒന്നിച്ചു വരുമ്പോള്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുകയും അതവര്‍ക്ക് ഭാരമാകുകയും ചെയ്യും. ഇക്കാര്യം സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ചൂണ്ടിക്കാട്ടുന്നുണ്ട്. എസ് ഐ ആര്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും നീട്ടണമെന്ന് കേന്ദ്ര കമ്മീഷന് കത്ത് നല്‍കിയിരിക്കുകയാണ് അദ്ദേഹം.
ഇതോടൊപ്പം എസ് ഐ ആറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയ ആശങ്കകളും പരിഹരിക്കേണ്ടതുണ്ട്. വളഞ്ഞ വഴിയിലൂടെ എന്‍ ആര്‍ സി (പൗരത്വ നിയമം) അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് എസ് ഐ ആറെന്ന ആശങ്കയാണ് പ്രധാനം. ബിഹാറിലെ സംഭവ വികാസങ്ങളാണ് ആശങ്കക്ക് കാരണം. യുക്തിക്കും ജനാധിപത്യ മാനദണ്ഡങ്ങള്‍ക്കും നിരക്കാത്ത വെട്ടിനിരത്തലാണ് ബിഹാറില്‍ എസ് ഐ ആറിന്റെ മറവില്‍ തിര. കമ്മീഷന്‍ നടത്തിയത്. അവിടെ എസ് ഐ ആറില്‍ ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടര്‍മാരില്‍ കൂടുതലും മുസ്‌ലിം വോട്ടര്‍മാരും എസ് സി, എസ് ടി വിഭാഗത്തില്‍ പെട്ടവരുമാണ്. ഇതെങ്ങനെ സംഭവിച്ചു? എസ് ഐ ആറിനു പിന്നിലെ ഒളിയജന്‍ഡയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കേരള നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയതു പോലെ, പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന വിവാദ പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനൊരുമ്പെടുന്നവര്‍ എസ് ഐ ആറിനെ ഏതു വിധമാണ് ഉപയോഗപ്പെടുത്തുകയെന്ന് പറയാനാകില്ല.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ രക്ഷിതാക്കളുടെ പൗരത്വ രേഖ ആവശ്യപ്പെടുന്നതും വളഞ്ഞ വഴിയിലൂടെ എന്‍ ആര്‍ സി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണെന്ന സന്ദേഹം ഉയര്‍ത്തുന്നു. പുതുതായി പേരുകള്‍ ചേര്‍ക്കാന്‍ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍, അപേക്ഷകരുടെ രേഖകള്‍ ആവശ്യപ്പെടുന്നത് മനസ്സിലാക്കാം. അവരുടെ മാതാപിതാക്കളുടെ രേഖകള്‍ കൂടി ആവശ്യപ്പെടുന്നതിലെ സാംഗത്യം മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. അത്ര നിഷ്‌കളങ്കമല്ല ഈ നടപടി. മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രതിപക്ഷ ആധിപത്യമുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ കടുംവെട്ട് നടത്താന്‍ കൂട്ടുനിന്നുവെന്നാരോപിക്കപ്പെടുന്ന തിര. കമ്മീഷന്റെ കീഴില്‍ എസ് ഐ ആര്‍ നടക്കുമ്പോള്‍ ഇതെല്ലാം സംശയത്തിന്റെ നിഴലിലാകുക സ്വാഭാവികം. ഇത്തരം സന്ദേഹങ്ങളെ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദേശിച്ചതിനു ശേഷമാകണം വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം നടക്കേണ്ടത്. കുടിയേറ്റക്കാരെയും വിദേശികളെയും ഒഴിവാക്കുകയാണ് എസ് ഐ ആറിന്റെ ഒരു ലക്ഷ്യമായി സി ഇ ഒ പറയുന്നത്. എന്നാല്‍ ആരാണ് കുടിയേറ്റക്കാരെന്നും വിദേശികളെന്നും ഇതുവരെ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ല.
തിടുക്കപ്പെട്ട് എസ് ഐ ആര്‍ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെയും സി ഇ ഒയുടെയും നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല, എന്‍ ഡി എയിലെ ഘടക കക്ഷികളും രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ, തിടുക്കപ്പെട്ട് എസ് ഐ ആര്‍ നടപ്പാക്കരുതെന്ന് സി ഇ ഒയോട് ആവശ്യപ്പെട്ടിരിക്കുകയാണ് എന്‍ ഡി എ സഖ്യകക്ഷിയായ ടി ഡി പി (തെലുഗു ദേശം പാര്‍ട്ടി). എസ് ഐ ആറിന്റെ ലക്ഷ്യം പൗരത്വ രജിസ്‌ട്രേഷനല്ല, വോട്ടര്‍ പട്ടിക ശുദ്ധീകരണം മാത്രമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കണമെന്ന് ലോക്‌സഭാ ടി ഡി പി കക്ഷി നേതാവ് ലാവു ശ്രീകൃഷ്ണ ദേവരായാലു, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു. വോട്ടര്‍ ഐ ഡി സ്ഥിരീകരണത്തിന് ആധാര്‍ രേഖയായി സ്വീകരിക്കുക, രേഖകള്‍ നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കുക, മുന്‍തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നവരെ വ്യക്തമായ കാരണമില്ലാതെയും അന്വേഷണം നടത്താതെയും ഒഴിവാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്‍വെച്ചിട്ടുണ്ട് ടി ഡി പി.






